ബിൻസി ഇനി ഡോക്ടർ
print edition അതിജീവിതം മനോഹരം; അച്ഛന്റെ രോഗവും സഹോദരന്റെ ഭിന്നശേഷിയും സാമ്പത്തിക പരാധീനതകളും തളർത്തിയില്ല

ഉണ്ണി ഇൗന്താട്
Published on Nov 21, 2026, 01:30 AM | 1 min read
കക്കോടി: രോഗികളെ സ്റ്റെതസ്കോപ്പിലൂടെ അറിയുമ്പോൾ ബിൻസി തന്റെ ഹൃദയതാളവും കേൾക്കുന്നു. വർഷങ്ങളായുള്ള സ്വപ്നം പൂവണിയാൻ താണ്ടിയ പാതകൾ ഓർമയിലെത്തും. മുന്നിലെത്തുന്ന ഓരോ രോഗിയും കുടുംബാംഗമായി തോന്നും. അച്ഛനെയും സഹോദരനെയും ചികിത്സയ്ക്കായി അമ്മയ്ക്കൊപ്പം ആശുപത്രിയിലെത്തിച്ചിരുന്ന ബാല്യത്തിൽ മനസ്സിൽ പതിഞ്ഞതാണ് ഡോക്ടറാകണമെന്ന മോഹം. കാക്കൂർ തീർഥങ്കര മീത്തൽ ബേബി–സുലോചന ദമ്പതികളുടെ മകൾ ടി എം ബിൻസി കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജിൽനിന്ന് ഡോക്ടറായി പുറത്തുവരുന്പോൾ ആ നേട്ടത്തിന് അതിജീവനത്തിന്റെയും സ്വപ്‌നങ്ങളുടെയും നിറചാരുത.
അച്ഛൻ വർഷങ്ങളായി വിഷാദരോഗത്തിന് ചികിത്സയിലാണ്. മൂത്ത സഹോദരൻ നബിൻ ഭിന്നശേഷിക്കാരൻ. കുടുംബ സാഹചര്യങ്ങൾ കാരണം അമ്മ സുലോചനയ്ക്കും ജോലിക്ക് പോകാൻ കഴിയില്ല. അനുജത്തി ടി എം ബിന്ന കലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ പി ജി വിദ്യാർഥിനിയാണ്. സാമ്പത്തിക പരാധീനതകൾക്കൊപ്പം കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളും നിറഞ്ഞുനിന്ന വീട്ടിൽനിന്നാണ് ബിൻസി പഠനത്തിന്റെ ഓരോ പടിയും കയറിയത്. നീറ്റ് പരീക്ഷയിൽ മികച്ച റാങ്ക് നേടി എംബിബിഎസ് പ്രവേശനം നേടി.
കോഴിക്കോട് താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശികളായ ദമ്പതികൾ ഏറെ സഹായിച്ചു. നാട്ടുകാരും ബന്ധുക്കളും പിന്തുണയുമായി ഒപ്പമുണ്ടായി. പ്രതിസന്ധി കാലത്ത് മുടങ്ങാതെ പഠനം മുന്നോട്ടുകൊണ്ടുപോകാൻ ഈ കരുതലുകൾ വലിയ തുണയായെന്ന് ബിൻസി പറയുന്നു. ജോലിക്കൊപ്പം നീറ്റ് പി ജി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ് ബിൻസി. ഗൈനക്കോളജി വിഭാഗത്തിൽ തുടർപഠനം നടത്തണമെന്നാണ് ആഗ്രഹം. അസുഖങ്ങൾക്കും പ്രയാസങ്ങൾക്കും നടുവിൽ കഴിയുന്ന കുടുംബത്തിന് താങ്ങാകണം. ഒപ്പം പഠനത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന വിദ്യാർഥികൾക്ക് തണലൊരുക്കണമെന്ന ചിന്തയുമുണ്ട് ഇൗ യുവഡോക്ടർക്ക്.









0 comments