ഗോപൻ മിസിങ് !!! പൊലീസ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം
ബാലരാമപുരം അതിയന്നൂർ കാവുവിളാകം കൈലാസനാഥ ക്ഷേത്രത്തിലെ ഗോപൻറെ (81) മരണത്തിലെ ദുരൂഹത കണ്ടെത്താൻ ബുദ്ധിപരമായ നീക്കവുമായി പൊലീസ്. രണ്ടുദിവസമായി ഗോപനെ കാണാനില്ലെന്ന നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. ഗോപൻ സമാധിയായെന്നും അദ്ദേഹത്തിന്റെ ഇഷ്‌ടപ്രകാരം കല്ലറയൊരുക്കി കുടിയിരുത്തിയെന്നുമാണ് മക്കൾ അവകാശപ്പെടുന്നത്. മക്കൾക്കും ബന്ധുക്കൾക്കും പരാതിയില്ലാത്തതിനാൽ പൊലീസിന് കേസെടുക്കാനോ കല്ലറ പൊളിക്കാനോ കഴിയാത്ത സാഹചര്യമായിരുന്നു.
കല്ലറ പൊളിക്കുന്നതിന് കലക്ടറുടെ അനുമതി തേടിയപ്പോഴാണ് ആളെ കാണാതായതിന് കേസെടുത്ത് അന്വേഷണം നടത്താനുള്ള നിർദേശം ലഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി കല്ലറപൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റ്‌മോർട്ടം നടത്താനാണ് പൊലീസിന്റെ നീക്കം. കേസ് രജിസ്റ്റർ ചെയ്‌ത സാഹചര്യത്തിൽ ഞായറാഴ്‌ച കല്ലറ പൊളിക്കാൻ അനുമതി ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
ദീർഘകാലമായി വാർധക്യസഹജമായ പ്രശ്‌നങ്ങളുള്ള ഗോപൻ വ്യാഴാഴ്‌ച സമാധിയായെന്നറിയിച്ച് മക്കൾ പരിസരത്ത് നോട്ടീസ് പതിപ്പിക്കുകയായിരുന്നു. സംശയം തോന്നിയ നാട്ടുകാരാണ് പൊലീസിൽ അറിയിച്ചത്. ഗോപൻ സ്വാമിക്ക് ഭാര്യയും രണ്ട് ആൺമക്കളും മരുമക്കളുമുണ്ട്.
ആറാലുംമൂട് ചന്തയിലെ ചുമട്ടുതൊഴിലാളിയായിരുന്ന ഇദ്ദേഹം കുടുംബക്ഷേത്രത്തിലെ പൂജാരിയുമായിരുന്നു. കുടുംബക്കാർക്ക് പുറംലോകവുമായി അധികം ബന്ധമില്ലെന്നും ജീവനോടെ കുഴിച്ചുമൂടിയെന്നുപോലും സംശയമുണ്ടെന്നുമുള്ള നാട്ടുകാരുടെ സംശയമാണ് പൊലീസിന് പിടിവള്ളിയായത്.








0 comments