അടുത്ത വർഷം മുതൽ ശാസ്ത്ര മേളയിലും സ്വർണക്കപ്പ്

v sivankutty science fest
വെബ് ഡെസ്ക്

Published on Nov 07, 2025, 08:39 PM | 2 min read

പാലക്കാട്: അടുത്ത വർഷം മുതൽ ശാസ്ത്ര മേളയ്ക്ക് ഏറ്റവും കൂടുതൽ പോയിൻ്റ് നേടുന്ന ജില്ലയ്ക്ക് സ്വർണക്കപ്പ് നൽകുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 57 മത് സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം പാലക്കാട് ഗവ. മോയൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ശാസ്ത്രമേളയിൽ പങ്കെടുക്കുന്നതിന് സാധനങ്ങൾ വാങ്ങുന്നതിനായി കുട്ടികൾക്കും രക്ഷിതാക്കൾക്കും വലിയ തുക ചെലവാക്കേണ്ടി വരുന്നുണ്ട്. അടുത്ത വർഷം മുതൽ ശാസ്ത്രമേളയിൽ വിജയികൾക്ക് നൽകുന്ന കാഷ് പ്രൈസ് ഉയർത്തുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു.


പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ സർക്കാർ, മാനേജ്മെൻ്റ് ഉൾപ്പെടെ വിവിധ സ്കൂളുകളിൽ നടത്തുന്ന പാഠ്യ പാഠ്യേതര പരിപാടികൾ ആരംഭിക്കുന്നതിന് മുമ്പ് വ്യത്യസ്തമാർന്ന ഗാനങ്ങളാണ് ആലപിക്കുന്നത്. ഇതിന് പകരമായി മതനിരപേക്ഷതയും, ശാസ്ത്രചിന്തയും ഭരണഘടന മൂല്യം ഉയർത്തിപ്പിടിക്കുന്ന ഒരേ ഗാനം സ്കൂളുകളിൽ ആലപിക്കുന്നതിനെപ്പറ്റി സമൂഹം ചർച്ച ചെയ്യണമെന്നും മന്ത്രി സൂചിപ്പിച്ചു.


പരിഷ്‌കരിച്ച മാന്വൽ പ്രകാരമാണ്‌ ഇത്തവണ ശാസ്ത്രോത്സവം. പ്രവൃത്തിപരിചയമേളയിൽ പരാമ്പരാഗത മത്സരങ്ങൾ ഒഴിവാക്കി പുതിയവ ഉൾപ്പെടുത്തി. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക്‌ ഇ‍ൗവർഷം മുതൽ നടത്തുന്ന ശാസ്ത്ര സെമിനാർ വെള്ളിയാഴ്‌ച നടക്കും. ക്വിസ്‌, മലയാളം ടൈപ്പിങ്‌ എന്നിവയാണ്‌ ആദ്യദിനത്തിലെ മറ്റ്‌ ഇനങ്ങൾ. നാലുദിവസങ്ങളിലെ മേളയ്‌ക്ക്‌ ആറ്‌ സ്കൂളുകളിലായാണ്‌ വേദികൾ ഒരുക്കിയിട്ടുള്ളത്‌.


സംസ്ഥാനത്ത് അറിവിന്റെ ഏറ്റവും വലിയ ഉത്സവമാണ് ശാസ്ത്രമേളയെന്ന് അധ്യക്ഷ പ്രസംഗത്തിൽ തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. സ്കൂൾ ശാസ്ത്രമേളകളിൽ ഉയർന്നുവരുന്ന ഒട്ടേറെ ആശയങ്ങൾ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്ന നൂതനാശയങ്ങളായി പിന്നീട് മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശാസ്ത്രമേളകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളിൽ പലരും പിന്നീട് ശാസ്ത്രരംഗത്ത് മികവ് കൈവരിക്കുകയും നിലനിർത്തുകയും ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്രാഭിമുഖ്യവും ശാസ്ത്ര അവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ശാസ്ത്രമേളകൾ സംഘടിപ്പിക്കുന്നതെന്നും മന്ത്രി സൂചിപ്പിച്ചു.


സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ സുവനീർ പ്രകാശനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. കവർ ചിത്രം ഡിസൈൻ ചെയ്ത ടി ആർ കെ എച്ച് എസ് എസ് വിദ്യാർഥി കെ ആദിത്യന് പരിപാടിയിൽ ആദരവ് നൽകി. ദേശീയ ശാസ്ത്ര സെമിനാറിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എൻഎസ്എസ്കെപിടി ഒറ്റപ്പാലം സ്കൂളിലെ ഋഷികേശ് എന്ന വിദ്യാർഥിയേയും ചടങ്ങിൽ ആദരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home