അയ്യപ്പസംഗമം ; ഭരണഘടനാ ലംഘനമില്ല, സർക്കാർ പണം ചെലവാക്കുന്നില്ല

കൊച്ചി
ആഗോള അയ്യപ്പസംഗമം നടത്തുന്നതില്‍ ഭരണഘടനാ തത്വങ്ങളുടെ ലംഘനമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അയ്യപ്പസംഗമത്തിനുവേണ്ടി ദേവസ്വംബോര്‍ഡോ സര്‍ക്കാരോ പണം ചെലവാക്കുന്നില്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. ആഗോള അയ്യപ്പസംഗമം ചോദ്യംചെയ്തുള്ള ഹര്‍ജികളിൽ വാദം കേൾക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യമറിയിച്ചത്. ആഗോള അയ്യപ്പസംഗമത്തില്‍ സര്‍ക്കാരിന്റെ പങ്കെന്തെന്ന് വിശദീകരിക്കാൻ കോടതി നേരത്തേ നിർദേശിച്ചിരുന്നു.
ദേവസ്വംബോര്‍ഡിനെ സഹായിക്കുകയാണോ സര്‍ക്കാര്‍ ചെയ്യുന്നതെന്നും ശബരി റെയിലിനും ശബരിമല മാസ്റ്റര്‍പ്ലാനിനും ഫണ്ട് ചെലവഴിക്കുമോയെന്നും വാദത്തിനിടയിൽ കോടതി ആരാഞ്ഞു. ശബരിമല മാസ്റ്റര്‍പ്ലാന്‍ മുന്നിലുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. തീർഥാടകരുടെ അടിസ്ഥാനസൗകര്യങ്ങൾ ഉൾപ്പെടെ മെച്ചപ്പെടുത്തണം. പമ്പയിലെയും സന്നിധാനത്തെയും വികസനപദ്ധതികള്‍ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമാണെന്നും ദേവസ്വംബോര്‍ഡിനെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പണം ചെലവഴിക്കുന്നതില്‍ ഭരണഘടനാ തത്വങ്ങളുടെ ലംഘനമില്ല. മതസ്ഥാപനങ്ങള്‍ക്കായി സര്‍ക്കാരിന് പണം ചെലവഴിക്കാമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. അയ്യപ്പസംഗമത്തിന് സ്പോൺസർഷിപ്പും സംഭാവനയും മുഖേനയാണ് പണം കണ്ടെത്തുന്നത്.
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവിതാകൂർ ദേവസ്വംബോർഡാണ് പമ്പയിൽ സംഗമം നടത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അയ്യപ്പഭക്തർക്ക് ശബരിമല വികസനകാര്യത്തിൽ അഭിപ്രായങ്ങൾ അറിയിക്കാനും ആവശ്യമായ നയരൂപീകരണവുമാണ് ഉന്നംവയ്ക്കുന്നത്. മൂവായിരം ആളുകളാണ് പങ്കെടുക്കുന്നത്. പമ്പാതീരത്ത് പന്തലൊരുക്കും. സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയതായും സർക്കാർ അറിയിച്ചു.
മറ്റു തീർഥാടകൾക്ക് തടസ്സംവരാത്തതരത്തിലാകും സംഗമത്തിന്റെ നടത്തിപ്പെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡും വിശദീകരിച്ചു. പാരിസ്ഥിതിക സന്തുലിതാവസ്ഥയ്‌ക്ക് കോട്ടംവരാതിരിക്കാൻ നടപടികളെടുത്തു. പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തിന് നിരോധനമുണ്ട്. പമ്പാതീരം സംരക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. വനംവകുപ്പും മലിനീകരണ നിയന്ത്രണബോർഡും ചേർന്ന് പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിന് രജിസ്ട്രേഷനും പാസും ഏർപ്പെടുത്തി. ഹര്‍ജികളിൽ വാദം പൂർത്തിയാക്കിയ ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് കേസുകൾ വിധി പറയാന്‍ മാറ്റി.









0 comments