വിശ്വമാനവികതയുടെ മഹാസംഗമം ; പങ്കെടുത്തത് 4,126 പേർ , കടൽ കടന്നും സന്ദേശം

Global Ayyappa Sangamam

പമ്പയിൽ ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾ

വെബ് ഡെസ്ക്

Published on Sep 21, 2025, 02:59 AM | 3 min read

പമ്പയുടെ തീരങ്ങളിൽ പ്രതീക്ഷയുടെ പുതുകിരണങ്ങളുമായി ആഗോള അയ്യപ്പസംഗമം. മാറുന്ന കാലത്തിനൊത്ത സഞ്ചാരത്തിന്‌ ഇ‍ൗ കാനനഭൂമിയിൽ കാഹളം മുഴങ്ങുന്നു. ദേവസ്വം ബോർഡ്‌ സംഘടിപ്പിച്ച സംഗമത്തിൽ ഉയർന്നത്‌ സമഗ്രവികസന ആശയങ്ങളും തീരുമാനങ്ങളും. മതമൈത്രിയും വികസനവും ചർച്ചയായ സംഗമത്തിൽ രാജ്യാതിർത്തികൾ കടന്ന്‌ തീർഥാടകരെത്തി. ശ്രീലങ്ക, സിംഗപ്പൂർ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുമെത്തിയവർ അയ്യപ്പ ഗീതങ്ങൾ ആലപിച്ചു. മതാതീത ആത്മീയതയുടെ സന്ദേശം കടൽ കടന്നും പരക്കുകയാണ്‌. വിശ്വമാനവികതയുടെ മഹാസംഗമത്തിലൂടെ ഭക്തിപരിവേഷമണിയുന്നവരുടെ അജണ്ടയും തുറന്നുകാട്ടപ്പെട്ടു. നുണപ്രചാരകർക്ക്‌ നാവടഞ്ഞു. ഇനി ശബരിമല, പന്പ, പരന്പരാഗത പാത, നിലക്കൽ വികസനത്തിന്‌ അതിവേഗം.



പമ്പ

​ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുത്തത് 4,126 പേർ. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 2125 പേരും, വിദേശരാജ്യങ്ങളിൽനിന്ന് 182 പേരും പങ്കെടുത്തു. ആകെ 15 രാജ്യങ്ങളിൽനിന്നും 14 സംസ്ഥാനങ്ങളിൽനിന്നും പങ്കാളിത്തമുണ്ടായി.


സംഘാടകർ പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയമായി സംഗമം മാറിയെന്ന്‌ മന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിവിധ വിഷയങ്ങളിലുള്ള ചർച്ചകൾ വിജയകരമായി അവസാനിച്ചു. 3000 പേരുടെ പങ്കാളിത്തമായിരുന്നു ആദ്യം തീരുമാനിച്ചത്. കൂടുതൽ അഭ്യർഥന വന്നപ്പോൾ 3,500 പേരാക്കി. എന്നാൽ അതിലും കവിഞ്ഞുള്ള പങ്കാളിത്തമാണ് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു.


കേരളത്തിൽനിന്ന് 1,819 പേർ പങ്കെടുത്തു. വിദേശ പങ്കാളിത്തം ഇപ്രകാരമാണ്:

ശ്രീലങ്ക 39, മലേഷ്യ 13 , കാനഡ 12, യുഎസ്എ 5, അബുദബി 18, ദുബായ് 16, ഷാർജ 19, അജ്മാൻ 3, ബഹറിൻ 11, ഒമാൻ 13, ഖത്തർ 10, സിംഗപ്പൂർ 8, യുകെ 13, സൗദി 2.


മറ്റു സംസ്ഥാനങ്ങളുടെ പങ്കാളിത്തം: തമിഴ്നാട് 1545, ആന്ധ്രാപ്രദേശ് 90, തെലങ്കാന 182, കർണാടക 184, മഹാരാഷ്ട്ര 43, പോണ്ടിച്ചേരി 53, യുപി 4, ഗുജറാത്ത് 4, ഡൽഹി 2, ഹരിയാന 1, ഛത്തീസ്ഗഡ് 4, അസം 1, ഒഡീഷ 12.


ayyappasangamam
ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കാൻ ശ്രീലങ്കയിൽ നിന്നെത്തിയ പ്രതിനിധികൾ 
മന്ത്രി വി എൻ വാസവനെ ആദരിക്കുന്നു


ഉദ്ഘാടനസമ്മേളനത്തിനു ശേഷം ചർച്ചകളിലേക്ക് പോകേണ്ടവർ പേരുകൾ നൽകിയിരുന്നു. ഇതിൽ ഒരു കൗണ്ടറിൽ 640 എന്ന എണ്ണം കണ്ട് അയ്യപ്പസംഗമത്തിൽ 640 പേർ മാത്രം പങ്കെടുക്കുന്നു എന്ന രീതിയിൽ പ്രചാരണം നടന്നു. കണക്കുകൾ ആർക്കും പരിശോധിക്കാമെന്ന് മന്ത്രി പറഞ്ഞു. മികച്ച ഓഡിറ്റോറിയം സമ്മേളനത്തിന്റെ വിജയത്തിൽ പ്രധാന ഘടകങ്ങളിലൊന്നായി. ആരും പരാതിയോ പരിഭവമോ പറഞ്ഞില്ല. ചരിത്രത്തിൽ ഇത്തരത്തിലൊന്ന് ആദ്യമെന്ന് പലരും പറഞ്ഞു.  ഉദ്ഘാടനപ്രസംഗത്തിൽ അയ്യപ്പസംഗമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ മുഖ്യമന്ത്രി വളരെ വ്യക്തമായി അവതരിപ്പിച്ചു. സംഗമത്തിൽ ഉയർന്ന നിർദേശങ്ങൾ പ്രത്യേക കമ്മിറ്റി പരിശോധിച്ച് നടപടിയെടുക്കും. പിൽഗ്രിം ടൂറിസം ശബരിമലയ്ക്ക് വലിയ മുന്നേറ്റം ഉണ്ടാക്കും. റോപ്പ് വേയ്ക്ക് കേന്ദ്ര വനം മന്ത്രാലയത്തിന്റെ അനുമതി കൂടി കിട്ടിയാൽ മതി. ഒക്ടോബറിൽ ശബരിമലയിൽ വരാൻ രാഷ്ട്രപതി താൽപര്യം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


അയ്യപ്പ സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രി വി എൻ വാസവൻ അധ്യക്ഷനായി. തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ പി എസ് പ്രശാന്ത് സ്വാഗതം പറഞ്ഞു. തമിഴ്നാട് ഹിന്ദുമത ചാരിറ്റബിൾ എൻഡോവ്മെന്റ് മന്ത്രി പി കെ ശേഖർ ബാബു, ഐടി മന്ത്രി പളനിവേൽ ത്യാഗരാജൻ എന്നിവർ പ്രത്യേക ക്ഷണിതാക്കളായി.

​മന്ത്രിമാരായ പി പ്രസാദ്, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻ കുട്ടി, എ കെ ശശീന്ദ്രൻ, വീണാ ജോർജ്, സജി ചെറിയാൻ, സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, എംഎൽഎമാരായ അഡ്വ. കെ യു ജനീഷ് കുമാർ, പ്രമോദ് നാരായൺ, കടകംപള്ളി സുരേന്ദ്രൻ, കെ ടി ജലീൽ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, റവന്യൂ - ദേവസ്വം സെക്രട്ടി എം ജി രാജമാണിക്യം, കലക്ടർ എസ് പ്രേം കൃഷ്ണൻ, പത്തനംതിട്ട നഗരസഭ ചെയർമാൻ ടി സക്കീർ ഹുസൈൻ, റാന്നി പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ, ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര്, തിരുവിതാംകൂർ ദേവസ്വം ബോർഡംഗങ്ങളായ അഡ്വ. എ അജികുമാർ, പി ഡി സന്തോഷ് കുമാർ തുടങ്ങിയവരും പങ്കെടുത്തു. സമാപന സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്തു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയായി.


ആഗോള തീർഥാടന കേന്ദ്രമാക്കും: മന്ത്രി വി എൻ വാസവൻ

ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി വി എൻ വാസവൻ. ആഗോള അയ്യപ്പസംഗമത്തിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗമത്തിൽ ഉയർന്നുവന്ന, വിശ്വാസികളുടെയും വിദഗ്ധരുടെയും നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് ശബരിമലയുടെ ഭാവിവികസനവുമായി മുന്നോട്ടുപോകും. 54.60 ലക്ഷം തീർഥാടകർ കഴിഞ്ഞ മണ്ഡലകാലത്ത്‌ ശബരിമലയിൽ എത്തി. തീർഥാടനകാലം കുറ്റമറ്റ രീതിയിൽ നടത്താനായത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു. അയ്യപ്പസംഗമത്തിന് ആശംസകൾ അറിയിച്ചുള്ള തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സന്ദേശവും അദ്ദേഹം വായിച്ചു.



വലിയ മാറ്റങ്ങളുടെ തുടക്കം: പി എസ് പ്രശാന്ത്

ശബരിമലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആഗോള അയ്യപ്പ സംഗമം വലിയ മാറ്റങ്ങൾക്ക് തുടക്കമിടുമെന്ന് പ്രസിഡന്റ്‌ പി എസ് പ്രശാന്ത്. സംഗമത്തിൽ സ്വാഗതം പറയുകയായിരുന്നു അദ്ദേഹം. മാസ്റ്റർ പ്ലാൻ, പിൽഗ്രിം ടൂറിസം തുടങ്ങി സുപ്രധാന വിഷയങ്ങളാണ് സംഗമം ചർച്ച ചെയ്യുന്നത്. അതിൽ വിശ്വാസികളും വിദഗ്ദരും ഭാഗമാകും. കോടിക്കണക്കിനു രൂപയാണ് സർക്കാർ ദേവസ്വം ബോർഡിനായി ചിലവഴിക്കുന്നത്. എന്നാൽ സർക്കാർ ഖജനാവിലേക്ക് ഒരു പൈസ പോലും ക്ഷേത്രങ്ങളിൽ നിന്ന് പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.






deshabhimani section

Related News

View More
0 comments
Sort by

Home