ഭേദചിന്തയില്ലാത്ത മതാതീത തീർഥാടനകേന്ദ്രം: മുഖ്യമന്ത്രി

ശബരിമലയെ ആഗോള തീർഥാടനകേന്ദ്രമാക്കാൻ കർമപദ്ധതി

Global Ayyappa Sangamam
avatar
ആർ രാജേഷ്‌

Published on Sep 21, 2025, 03:21 AM | 3 min read


പമ്പ (പത്തനംതിട്ട)

ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമാക്കാനുള്ള ബൃഹദ്‌ പദ്ധതികൾക്ക്‌ രൂപംനൽകി പന്പയിൽ ആഗോള അയ്യപ്പസംഗമം നടന്നു. വിശ്വാസികളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കാനുള്ള സമാനതകളില്ലാത്ത മുന്നേറ്റംകൂടിയായി മാറിയ സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു.


ശബരി റെയിൽപാത, വിമാനത്താവളം, റോപ്‌വേ, തിരക്ക്‌ നിയന്ത്രിക്കാൻ നിർമിത ബുദ്ധിയിലിധിഷ്‌ഠിതമായ സംവിധാനം, ആരോഗ്യപ്രശ്‌നമുള്ളവർക്ക്‌ കയറാനും ഇറങ്ങാനും സഹായിക്കാൻ റോബോട്ട്‌ തുടങ്ങിയ വികസന നിർദേശങ്ങൾ സംഗമത്തിൽ ഉയർന്നു. ഇവ നടപ്പാക്കാൻ ദേവസ്വം മന്ത്രി വി എൻ വാസവൻ ചെയർമാനും ദേവസ്വം പ്രസിഡന്റ്‌ പി എസ്‌ പ്രശാന്ത്‌ കൺവീനറുമായി 18 അംഗസമിതിക്കും രൂപംനൽകി. വിവിധ മേഖലകളിലെ വിദഗ്‌ധരായിരിക്കും അംഗങ്ങൾ.


ശബരിമല മാസ്റ്റർ പ്ലാൻ, തീർഥാടന ടൂറിസം, തിരക്ക് നിയന്ത്രണവും സുരക്ഷയും, തീർഥാടകരുടെ ആരോഗ്യം എന്നിവയിലൂന്നി മൂന്ന് സെഷനിലായി ചർച്ച നടന്നു. മാസ്റ്റർ പ്ലാൻ സംബന്ധിച്ച അഭിപ്രായങ്ങൾ തുടർന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിനെ അറിയിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്.


ശബരി റെയിൽപ്പാതയുടെ പകുതി ചെലവ് ഏറ്റെടുക്കാൻ തയ്യാറാണെന്ന്‌ സംസ്ഥാനം പ്രഖ്യാപിച്ചു. പാതയുടെ ചെലവ് പൂർണമായും കേന്ദ്ര സർക്കാരാണ്‌ നൽകേണ്ടതെന്നിരിക്കെയാണ് വികസനം മുന്നിൽക്കണ്ടുള്ള തീരുമാനം. ശബരിമല വിമാനത്താവളത്തിന് ഈ വർഷം ഡിസംബറോടെ എല്ലാ അനുമതികളും ലഭ്യമാക്കും. അടുത്തവർഷത്തോടെ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കി, നിർമാണ പ്രവൃത്തികളിലേക്ക് കടക്കാനാകും.


റോപ്‌വേയുടെ കാര്യത്തിൽ പുരോഗതി കൈവരിക്കാനായത്‌ ആഗോള തീർഥാടനകേന്ദ്രമാകാനുള്ള ചുവടുവയ്‌പ്പിന് കുതിപ്പേകും. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരടക്കം 4126പേരാണ് പങ്കെടുത്തത്. ഇതിൽ 28 സംഘടനാ പ്രതിനിധികളുമുണ്ടായിരുന്നു. അമേരിക്ക, കാനഡ, യുകെ, ശ്രീലങ്ക, സിംഗപ്പുർ തുടങ്ങി 15 രാജ്യങ്ങളിൽനിന്ന്‌ 182 പേരും സംഗമത്തിനെത്തി. കേരളത്തിലെ മന്ത്രിമാരെ കൂടാതെ തമിഴ്നാട്ടിൽനിന്നുള്ള രണ്ട്‌ മന്ത്രിമാരും എത്തി. യുപി, തമിഴ്നാട് മുഖ്യമന്ത്രിമാർ ആശംസ അറിയിച്ചു. ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനരും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കാളികളായി. കൈതപ്രത്തിന്റെ അയ്യപ്പ സ്‌തുതിയോടെയായിരുന്നു സംഗമത്തിന്‌ തുടക്കം.


ഭേദചിന്തയില്ലാത്ത മതാതീത തീർഥാടനകേന്ദ്രം: മുഖ്യമന്ത്രി

​വേര്‍തിരിവുകള്‍ക്കും ഭേദചിന്തകള്‍ക്കും അതീതമായ, മതാതീത ആത്മീയത ഉദ്‌ഘോഷിക്കുന്ന, എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ പ്രാപ്തമായ ആരാധനാലയമാണ് ശബരിമലയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഗോള അയ്യപ്പസംഗമം പന്പയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയെ ആഗോള തീർഥാടനകേന്ദ്രമാക്കി വളർത്തുന്നതിനുള്ള തരത്തിലുള്ള സമഗ്രവികസനം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


‘‘മതനിരപേക്ഷ മൂല്യങ്ങളുടെ വിശുദ്ധിയില്‍ തിളങ്ങുന്നതാണ് ശബരിമലക്ഷേത്രം. എല്ലാ ജാതി-മത ചിന്തകള്‍ക്കും വിശ്വാസങ്ങള്‍ക്കും അപ്പുറം,എല്ലാവരും ഒരുമിച്ചൊന്നായി എത്തിച്ചേരുന്ന ഇടമാണിത്. ‘കല്ലും മുള്ളും കാലുക്കുമെത്ത' എന്ന് ശരണം വിളിച്ച്‌ കഷ്‌ടപ്പെട്ട് കാനനപാത താണ്ടി, പതിനെട്ടാം പടികയറിയെത്തുന്ന വിശ്വാസികളെ സ്വാഗതം ചെയ്യുന്നത് ‘അതു നീ തന്നെ’ യെന്ന ‘തത്ത്വമസി' എന്ന ഉപനിഷദ്‌ വചനമാണ്.

ഞാനും നീയും ഒന്നാകുന്നു എന്ന്‌ പറയുമ്പോള്‍ അന്യരില്ല എന്നുകൂടിയാണ് അര്‍ഥം. എല്ലാവരും ഒന്ന് എന്ന ബോധം തെളിയുന്നു. അത്‌ തെളിയിക്കുകയാണ് ശബരിമലയുടെ സന്ദേശം.


ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും രമണ മഹര്‍ഷിയുമൊക്കെ തെളിയിച്ചുതന്ന തത്വമാണിത്. ഇത്‌ പ്രഘോഷിക്കുന്ന ലോകത്തെതന്നെ അപൂര്‍വം ക്ഷേത്രങ്ങളിലൊന്നാണ് ശബരിമല. അവിടെ അയ്യപ്പന് നിത്യവും ഉറക്കുപാട്ടാകുന്ന ‘ഹരിവരാസനം' കൃതി ചിട്ടപ്പെടുത്തിയത് നിരീശ്വരവാദിയായ ദേവരാജന്‍ മാസ്റ്ററാണ്. അത് ആലപിച്ചതാകട്ടെ ജന്മംകൊണ്ട് ക്രൈസ്‌തവനായ യേശുദാസും.


സന്നിധാനത്തിലേക്കുള്ള യാത്രാമധ്യേ ശബരിമല തീർഥാടകർ തൊഴുതുനീങ്ങുന്നത് വാവര്‍ നടയിലൂടെയാണ്. വാവര്‍ ആകട്ടെ ഇസ്ലാമാണ്. മധ്യകേരളത്തില്‍നിന്ന് മലചവിട്ടാന്‍ പോകുന്ന വിശ്വാസികൾ ക്രൈസ്‌തവ ദേവാലയമായ അര്‍ത്തുങ്കല്‍ പള്ളിയിലും കാണിക്കയിടുന്നു. ഇങ്ങനെ സര്‍വ ധര്‍മ സമഭാവനയുടെ പ്രതീകമായിനില്‍ക്കുന്ന ദേവാലയമാണ്‌ ശബരിമല’’– - മുഖ്യമന്ത്രി പറഞ്ഞു.


ശബരിമലയുടെ 
സമഗ്രവികസനം ഉറപ്പാക്കും

​എല്ലാവരുടെയും അഭിപ്രായംകേട്ടും ഉള്‍ക്കൊണ്ടും ചേര്‍ത്തുപിടിച്ചുമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ശബരിമലയുടെ സമഗ്രവികസനം ഉറപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.


പമ്പയിൽ ആഗോള അയ്യപ്പസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിന്‌ തീർഥാടകരെത്തുന്ന ശബരിമല ക്ഷേത്രത്തിൽ പ്രവേശനം സുഗമവും ആയാസരഹിതവുമാക്കാൻ വലിയ ഇടപെടൽ ആവശ്യമാണ്. ഈ ബോധ്യത്തോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സംഗമം ഒരുക്കിയത്.


ശബരിമലയുടെ മതാതീത ആത്മീയത ലോകത്തിനുമുന്നില്‍ കൊണ്ടുവരിക എന്നത് പ്രധാനമാണ്. രാജ്യാന്തരങ്ങളില്‍നിന്നുള്ള അയ്യപ്പഭക്തരെ ഇങ്ങോട്ട് ആകര്‍ഷിക്കാന്‍ കഴിയണം. അതിനുതകുംവിധത്തില്‍ ശബരിമലയുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുകയും ആകര്‍ഷകമാക്കുകയും വേണം. മധുര, തിരുപ്പതി മാതൃകയില്‍ ശബരിമലയെയും തീര്‍ഥാടക ഭൂപടത്തില്‍ ശ്രദ്ധേയകേന്ദ്രമാക്കി ലോകത്തിനുമുമ്പില്‍ അവതരിപ്പിക്കുകയും അയ്യപ്പസംഗമത്തിന്റെ ലക്ഷ്യമാണ്.


ശബരിമലയുടെ സ്വീകാര്യത കൂടുതല്‍ സാര്‍വത്രികമാക്കാനും വികസന പദ്ധതികള്‍ പരിസ്ഥിതിക്ക് പരിക്കേല്‍ക്കാത്ത വിധം മുമ്പോട്ടുകൊണ്ടുപോകാനും കഴിയണം. അതിനുവേണ്ടത് ബഹുമുഖമായ ഇടപെടലുകളാണ്. 
ഗതാഗത സംവിധാനംമുതല്‍ വെര്‍ച്വല്‍ കണക്ടിവിറ്റിവരെ അതിനായി ഉപയോഗപ്പെടുത്തണം. നൂതന ഗതാഗത സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്.


പെട്ടെന്നൊരു സുപ്രഭാതത്തില്‍ തീരുമാനിച്ചതല്ല അയ്യപ്പസംഗമം. മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള പലരും ഇങ്ങോട്ടുവിളിച്ച് ശബരിമലയെ ആഗോളതലത്തില്‍ ശ്രദ്ധേയമാക്കേണ്ടതിനെപ്പറ്റി സംസാരിക്കാറുണ്ട്. ഇരുമുടിക്കെട്ടുമായി വിമാനത്തില്‍ വരുമ്പോഴുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ഇടപെടണമെന്നും അതിനായി യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതാണ് ആഗോള അയ്യപ്പസംഗമത്തെക്കുറിച്ചുള്ള ചിന്തകളുടെ തു
ടക്കം.


ഇക്കാര്യത്തിലൊക്കെ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ശ്രദ്ധവയ്ക്കുമ്പോൾ അതിനെ ദുര്‍വ്യാഖ്യാനിച്ച് ഭിന്നിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. അത് ശബരിമലയുടെയോ വിശ്വാസികളുടെയോ താല്‍പര്യത്തിനുവേണ്ടിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Home