ആഗോള അയ്യപ്പസംഗമം 20ന്‌
മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

Global Ayyappa Sangamam
വെബ് ഡെസ്ക്

Published on Sep 17, 2025, 01:44 AM | 1 min read


പത്തനംതിട്ട

തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 20ന്‌ പന്പയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയായി. 3000 പേർക്കാണ്‌ പ്രവേശനം. 4864 പേർ രജിസ്‌റ്റർ ചെയ്‌തിരുന്നു. ഇതിൽ ആദ്യം രജിസ്‌റ്റർ ചെയ്‌തവരെയാണ്‌ പരിഗണിച്ചത്‌. ഇവർക്ക്‌ ഇ–മെയിൽ, എസ്‌എംഎസ്‌ വഴി അറിയിപ്പ്‌ നൽകി തുടങ്ങി. സംഗമത്തിന്‌ പന്പാതീരത്ത്‌ ഒരുക്കുന്ന 38,500 ചതുരശ്രയടി വിസ്‌തീർണത്തിലുള്ള പന്തൽ നിർമാണം അവസാനഘട്ടത്തിലാണ്‌. ബുധനാഴ്‌ച പണി പൂർത്തിയാക്കി 18ന്‌ കൈമാറും.


ശനി രാവിലെ എട്ടിന്‌ പന്പയിൽ രജിസ്‌ട്രേഷൻ തുടങ്ങും. 10.30ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്യും. തുടർന്ന്‌ സമീപനരേഖ അവതരിപ്പിക്കൽ. മൂന്ന്‌ വേദികളിലായാണ്‌ ചർച്ച. ശബരിമല മാസ്‌റ്റർ പ്ലാൻ വികസനം, സ്‌പിരിച്വൽ ടൂറിസം സർക്യൂട്ട്, തീർഥാടനകാലത്തെ സുരക്ഷയും തിരക്ക് നിയന്ത്രണവും എന്നീ സെഷനുകളിലുള്ള ചർച്ചയ്‌ക്ക്‌ മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ, മുൻ ഡിജിപിമാരായ ജേക്കബ് പുന്നൂസ്, എ ഹേമചന്ദ്രൻ, ടൂറിസം സെക്രട്ടറി കെ ബിജു, ഇലക്‌ട്രോണിക്‌സ്‌ ആൻഡ് ഐടി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു, ഹസാഡ് റിസ്‌ക്‌ അനലിസ്‌റ്റ്‌ ജി എസ് പ്രദീപ് എന്നിവർ നേതൃത്വം നൽകും.


ശബരിമല മാസ്‌റ്റർ പ്ലാൻ സംബന്ധിച്ച സുപ്രധാന പാനൽ ചർച്ച നയിക്കുന്നത് കെ ജയകുമാറാണ്.




deshabhimani section

Related News

View More
0 comments
Sort by

Home