ആഗോള അയ്യപ്പസംഗമം നാളെ; പന്പാതീരമൊരുങ്ങി

ആഗോള അയ്യപ്പസംഗമത്തിനായി പന്പയിൽ ജർമൻ പന്തൽ പൂർത്തിയായപ്പോൾ
പന്പ (പത്തനംതിട്ട)
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ശനിയാഴ്‌ച പന്പയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30ന് ചേരുന്ന സമ്മേളനത്തിൽ മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷനാകും. തമിഴ്‌നാട്ടില്‍നിന്നുള്ള മന്ത്രിമാരായ പി കെ ശേഖര്‍ ബാബു, പളനിവേല്‍ ത്യാഗരാജന്‍ എന്നിവര്‍ക്കൊപ്പം സംസ്ഥാന മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്‌റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, കെ ബി ഗണേഷ്‌കുമാര്‍, എ കെ ശശീന്ദ്രൻ, വീണാ ജോര്‍ജ്, സജി ചെറിയാന്‍ തുടങ്ങിയവർ പങ്കെടുക്കും.
ശനി രാവിലെ ആറിന് പന്പയിൽ രജിസ്‌ട്രേഷൻ ആരംഭിക്കുമെന്ന് മന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 3000 പേർക്കാണ് പ്രവേശനം നിശ്‌ചയിച്ചിരുന്നത്. എന്നാൽ അയ്യായിരത്തിലധികം പേർ ഓൺലൈൻ വഴി രജിസ്‌റ്റർ ചെയ്‌തു. ഇൗ സാഹചര്യത്തിൽ 500 പേർക്കുകൂടി പ്രവേശനമൊരുക്കും.
ഉദ്‌ഘാടന സമ്മേളനശേഷം സമീപനരേഖ അവതരണം. തുർന്ന് മൂന്നു വേദികളിലായി സമാന്തര സെഷൻ നടക്കും. ശബരിമലയുടെ വികസനത്തിലെ പ്രധാന വിഷയങ്ങളെ കേന്ദ്രീകരിച്ചാകും ഓരോ സെഷനും. ആദ്യ സെഷന്‍ ശബരിമല മാസ്‌റ്റര്‍പ്ലാനിനെക്കുറിച്ചാണ്. അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിതി സംരക്ഷണം, തീര്‍ഥാടകരുടെ ക്ഷേമം തുടങ്ങിയ ദീര്‍ഘകാല പദ്ധതികളെക്കുറിച്ചും ഈ സെഷനില്‍ ചര്‍ച്ച ചെയ്യും. ആധുനിക സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ട് ക്ഷേത്രത്തിന്റെ പാരമ്പര്യം നിലനിര്‍ത്തുന്ന സുസ്ഥിരമായ കാഴ്‌ചപ്പാട് രൂപപ്പെടുത്തുകയാണ് ഈ സെഷന്റെ ലക്ഷ്യം.
രണ്ടാമത്തെ സെഷന്‍ ‘ആത്മീയ ടൂറിസം സര്‍ക്യൂട്ടുകള്‍’ എന്ന വിഷയത്തിലാണ്. കേരളത്തിലെ മറ്റ് സാംസ്‌കാരിക, ആത്മീയ കേന്ദ്രങ്ങളുമായി ശബരിമലയെ എങ്ങനെ ബന്ധിപ്പിക്കാമെന്നാണ് ഇതില്‍ ചര്‍ച്ച. ടൂറിസം- വ്യവസായ മേഖലയിലെ പ്രമുഖര്‍, തീര്‍ഥാടകരുടെ അനുഭവം മെച്ചപ്പെടുത്താനും പ്രാദേശിക പൈതൃകം പ്രോത്സാഹിപ്പിക്കാനും ചുറ്റുമുള്ള പ്രദേശങ്ങള്‍ക്ക് സാമൂഹിക- സാമ്പത്തിക നേട്ടങ്ങള്‍ നല്‍കുന്നതിനുമുള്ള വഴികള്‍ അവതരിപ്പിക്കും.
മൂന്നാമെത്ത സെഷന്‍ ‘തിരക്ക് നിയന്ത്രണവും സജ്ജീകരണങ്ങളും' എന്ന വിഷയെത്തക്കുറിച്ചാണ്. എല്ലാവര്‍ഷവും ശബരിമല സന്ദര്‍ശിക്കുന്ന ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് എങ്ങനെ മെച്ചപ്പട്ട സൗകര്യങ്ങള്‍ ഒരുക്കാമെന്നതാകും ഈ സെഷനില്‍ വിശദീകരിക്കുക. ഉച്ചഭക്ഷണ ഇടവേളയിൽ വിജയ് യേശുദാസിന്റെ നേതൃത്വത്തിൽ സംഗീതവിരുന്നും ഒരുക്കിയിട്ടുണ്ട്. സംഗമത്തിന് പന്പാതീരത്ത് ഒരുക്കിയ 38,500 ചതുരശ്രയടി വിസ്‌തീർണത്തിലുള്ള നിർമിച്ച ജർമൻ പന്തൽ മന്ത്രി സമർപ്പിച്ചു.
വാർത്താസമ്മേളനത്തിൽ കെ യു ജനീഷ്‌കുമാര്‍ എംഎൽഎ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത്, അംഗങ്ങളായ അഡ്വ. പി ഡി സന്തോഷ്‌കുമാർ, അഡ്വ. എ അജികുമാർ, ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ, കലക്ടർ എസ് പ്രേം കൃഷ്‌ണൻ, എഡിജിപി എസ് ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.
ഇവർ പാനൽ നയിക്കും
ശബരിമല മാസ്‌റ്റർ പ്ലാൻ: പ്രൊഫ. ബെജെൻ എസ് കോത്താരി, ഡോ. പ്രിയഞ്ജലി പ്രഭാകരൻ(ശബരിമല മാസ്‌റ്റർ പ്ലാൻ ഉന്നതാധികാര സമിതി), ഡോ. കെ ജയകുമാർ(മുൻ ചീഫ് സെക്രട്ടറി), പ്രൊഫ. ബി സുനിൽകുമാർ(ഡയറക്ടർ, ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്‌ട്രക്‌ചർ ആൻഡ് കൺസ്‌ട്രക്ഷൻ).
ആത്മീയ ടൂറിസം സർക്യൂട്ട്: ടി കെ എ നായർ(പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി), കെ ബിജു(കേരള ടൂറിസം സെക്രട്ടറി), എസ് സ്വാമിനാഥൻ(സെക്രട്ടറി, കേരള ട്രാവൽമാർട്ട് സ്ഥാപകൻ), ബേബി മാത്യു സോമതീരം(മാനേജിങ് ഡയറക്ടർ, സോമതീരം ആയുർവേദ ഗ്രൂപ്പ്).
ആൾക്കൂട്ട നിയന്ത്രണവും തായ്യാറെടുപ്പുകളും: ജേക്കബ് പുന്നൂസ് (മുൻ ഡിജിപി), എസ് ശ്രീജിത്ത് (എഡിജിപി, പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സ്), അജിത ബീഗം (ഡിഐജി), ഡോ. ബി പത്മകുമാർ (പ്രിൻസിപ്പൽ, ആലപ്പുഴ ടിഡി മെഡിക്കൽ കോളേജ്), ഭീമ ശേഖർ (ടാറ്റ കൺസൾട്ടൻസി സർവീസസ്)
സാമൂഹിക– സാംസ്‌കാരിക– സമുദായ രംഗത്തെ പ്രമുഖരുമെത്തും
ആഗോള അയ്യപ്പസംഗമത്തിന് സാമൂഹിക, സാംസ്‌കാരിക, സമുദായ രംഗത്തെ പ്രമുഖരുമെത്തും. ശബരിമല തന്ത്രി മഹേഷ് മോഹനര്‍, പന്തളം കൊട്ടാരം സെക്രട്ടറി എം ആര്‍ സുരേഷ് വര്‍മ, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, എന്‍എസ്എസ് വൈസ് പ്രസിഡന്റ് എം സംഗീത്‌കുമാര്‍, കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍, മലയരയ സഭ ജനറല്‍ സെക്രട്ടറി പി കെ സജീവ്, കേരള ബ്രാഹ്‌മണ സഭ ജനറല്‍ സെക്രട്ടറി കരിംപുഴ രാമന്‍, ശിവഗിരി മഠത്തെ പ്രതിനിധീകരിച്ച് സ്വാമി പ്രബോധതീര്‍ഥ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി തുടങ്ങിയവർ പങ്കെടുക്കും.









0 comments