കരുവാറ്റ വയോധികന്റെ കൊലപാതകം; കുറ്റാരോപിതയായ പെൺകുട്ടിക്കും ജാമ്യം

ആലപ്പുഴ : കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തി സ്വർണം കവർന്നകേസിൽ കുറ്റാരോപിതയായ പെൺകുട്ടിക്കും ജാമ്യം. പെൺകുട്ടിയുടെ ജാമ്യാപേക്ഷ പരിഗണിച്ച ആലപ്പുഴ ജുവനൈൽ ജസ്‌റ്റിസ് ബോർഡാണ് ചൊവ്വാഴ്‌ച ജാമ്യം അനുവദിച്ചത്. കേസിൽ അന്വേഷണവും കുറ്റാരോപിതരായ നാലുപേരുടെ മൊഴിയെടുക്കലും തെളിവെടുപ്പും പൂർത്തിയായതിനാൽ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തില്ല. പ്രത്യേക ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചത്.
പെൺകുട്ടിയെ ഏറ്റെടുക്കാൻ വീട്ടുകാർ തയ്യാറാകാത്തതിനാൽ കുട്ടി ജുവനൈൽ ജസ്‌റ്റിസ് ബോർഡിന്റെ സംരക്ഷണയിൽ തുടരും. കുട്ടിയുടെ വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങളുടെ ചുമതലയും സർക്കാരിനാണ്. കഴിഞ്ഞദിവസം സംരക്ഷിതകേന്ദ്രത്തിൽ ജില്ലാ പ്രൊബേഷൻ ഓഫീസറുടെയും സൈക്കോളജിസ്‌റ്റ് ഉൾപ്പെടെ വിദഗ്‌ധരുടെയും സാന്നിധ്യത്തിൽ കുറ്റാരോപിതയായ പെൺകുട്ടിയിൽനിന്ന് വിവരങ്ങൾ ആരാഞ്ഞിരുന്നു. 7.45 മണിക്കൂറെടുത്താണ് പെൺകുട്ടിയിൽനിന്ന് വിവരങ്ങൾ തേടിയത്.
ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ചുമതലപ്പെടുത്തിയ അഭിഭാഷകനാണ് പെൺകുട്ടിക്കായി ഹാജരായത്. കേസിൽ അന്വേഷണം പൂർത്തിയായതിനാൽ പൊലീസ് ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും. ജില്ലാ ജുവനൈൽ ജസ്‌റ്റിസ് ബോർഡ് മുമ്പാകെ കുറ്റപത്രം സമർപ്പിക്കുന്നതിനൊപ്പം 16, 17 വയസുകാരായ ആൺകുട്ടികളെ മുതിർന്നവരായി പരിഗണിച്ച് കേസ് കോടതിയിലേക്ക് മാറ്റുന്നതിനും അപേക്ഷ നൽകും. പതിനാറിന് മുകളിൽ പ്രായമുള്ള മൂന്ന് ആൺകുട്ടികളുടെയും കേസ് ജില്ലാക്കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് പ്രോസിക്യൂഷൻ അപേക്ഷനൽകുക. കേസിൽ കുറ്റാരോപിതരായ ആൺകുട്ടികൾക്ക് ജാമ്യം ലഭിച്ചതിനെത്തുടർന്ന് വീട്ടുകാർക്കൊപ്പം മടങ്ങിയിരുന്നു.









0 comments