Deshabhimani

ജർമനിയിലെ തീപിടിത്തം; പുക ശ്വസിച്ചാണ് മൂന്ന് മലയാളികളും മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Germany
വെബ് ഡെസ്ക്

Published on Oct 16, 2026, 12:42 PM | 1 min read

ബെർലിൻ: ജർമനിയിൽ റുമാനിയക്കാരൻ അപ്പാർട്മെന്റിന്‌ തീയിട്ടതിനെ തുടർന്ന്‌ മരിച്ച മലയാളികളുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞതായി റിപ്പോർട്ട്. പുക ശ്വസിച്ചാണ് 3 പേരും മരിച്ചതെന്ന് പോസ്റ്റമോർട്ടം റിപ്പോർട്ടിലുള്ളതായാണ് പുറത്തുവരുന്ന വിരം. കൊല്ലം പെരിനാട് സ്വദേശി അഞ്ജലി എസ് ജോയ് (27), ഇടുക്കി ഇരട്ടയാർ സ്വദേശി നോവ സാബു (25), എറണാകുളം കാലടി സ്വദേശി സിവിൻ ജോണി (27) എന്നിവരാണ് ബുധനാഴ്ചയുണ്ടായ തീപിടിത്തത്തിൽ മരിച്ചത്.


അപ്പാർട്മെന്റിന്റെ തടിയിൽ നിർമിച്ച പടികൾ തീപിടിത്തത്തിൽ തകർന്നതോടെ ഇവർക്ക് രക്ഷപ്പെടാൻ സാധിച്ചില്ല. സമീപ ഫ്ലാറ്റുകളിൽ താമസിക്കുന്ന 5 പേരെ പുക ശ്വസിച്ചു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം നടക്കുന്നതിന്റെ തലേ ദിവസമാണ്‌ റുമാനിയക്കാരനുമായി ഇ‍ൗ അപ്പാർട്മെന്റിൽ താമസിക്കുന്ന ചിലർ തർക്കമുണ്ടായത്‌.


സംഭവത്തിൽ അറസ്റ്റിലായ റുമാനിയക്കാരനെ പൊലീസ്‌ ചോദ്യം ചെയ്‌തുവരികയാണ്‌. മലയാളികളായിരുന്നില്ല ഇയാളുടെ ലക്ഷ്യമെന്നും പറയപ്പെടുന്നു. ഗ്ര‍ൗണ്ട്‌ ഫ്ലോറിലാണ്‌ റുമാനിയക്കാരൻ താമസിക്കുന്നത്‌. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടികൾ പുരോഗമിക്കുകയാണ്‌.


മൂവരും ജോലിക്കും പഠനത്തിനുമായി മാസങ്ങൾക്ക് മുൻപ് മാത്രം ജർമ്മനിയിൽ എത്തിയവരാണ്. ഏറെ പ്രതീക്ഷകളുമായി കടൽകടന്ന മക്കളെ അപ്രതീക്ഷിത ദുരന്തത്തിൽ നഷ്ടമായതിന്റെ തീരാവേദനയിലാണ് ഇവരുടെ കുടുംബങ്ങൾ. ജർമനിയിൽ അധ്യാപികയായി ജോലിക്ക് കയറാനുളള പരിശ്രമത്തിലായിരുന്നു അഞ്ജലി. ജിം ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു നോവ. സുഹൃത്തായ അഞ്ജലിയെ കാണാൻ അപ്പാർട്ട്മെൻറിൽ എത്തിയപ്പോഴായിരുന്നു തീപിടിത്തം. 40 ദിവസം മുന്പാണ്‌ സിവിൻ ജർമനിയിലേക്ക് പോയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home