ബിരിയാണി, ഫ്രൈഡ്‌റൈസ്, പായസം; സമൃദ്ധമാകും സ്‌കൂൾ ഉച്ചഭക്ഷണം
മികവോടെ പൊതുവിദ്യാഭ്യാസം ; 40,906 കുട്ടികൾ വർധിച്ചു , രണ്ടുമുതൽ പത്തുവരെ ക്ലാസുകളിൽ 29 ലക്ഷം പേർ

തിരുവനന്തപുരം
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ രണ്ടു മുതൽ 10 വരെ ക്ലാസുകളിലായി 40,906 കുട്ടികളുടെ വർധന. ആറാം പ്രവൃത്തി ദിനത്തിലെ കണക്കനുസരിച്ചാണിത്. ഈ വർഷം സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിൽ രണ്ടുമുതൽ 10വരെ ക്ലാസുകളിലായി 29,27,513 കുട്ടികളാണ് ഉള്ളത്. കഴിഞ്ഞവർഷം ഇത് 28,86,607 ആയിരുന്നു. ഒന്നാം ക്ലാസിൽ 2,34,476 പേർ പ്രവേശനം നേടി. കഴിഞ്ഞ വർഷം 2,50,986 പേർ ഒന്നാംക്ലാസിൽ ചേർന്നിരുന്നു. 16,510 കുട്ടികളുടെ കുറവുണ്ട്.
2010ൽ ജനിച്ച കുട്ടികളാണ് 2025ൽ പത്താം ക്ലാസ് പൂർത്തിയാക്കിയത്. 2010ലെ ജനന നിരക്ക് 15.75 ആണ്. 2020ൽ ജനിച്ച കുട്ടികളാണ് ഈ അധ്യയനവർഷം ഒന്നാംക്ലാസിൽ പ്രവേശനം നേടിയത്. 2020ലെ ജനന നിരക്ക് 12.77 ആണ്. ജനന നിരക്ക് കുറഞ്ഞത് വിദ്യാലയത്തിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിലും പ്രതിഫലിച്ചിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
അൺ എയ്‌ഡഡ് മേഖലയിൽ ഇത്തവണ ഒന്നാം ക്ലാസിൽ ചേർന്നത് 47,863 കുട്ടികൾ ആണ്. കഴിഞ്ഞ വർഷത്തേക്കാൾ അധികമായി ഒരു കുട്ടിമാത്രമാണ് അൺ എയ്‌ഡഡ് സ്‌കൂളുകളിൽ ഒന്നാം ക്ലാസിൽ എത്തിയതെന്ന് മന്ത്രി പറഞ്ഞു.
ബിരിയാണി, ഫ്രൈഡ്‌റൈസ്, പായസം; സമൃദ്ധമാകും സ്‌കൂൾ ഉച്ചഭക്ഷണം
എഗ്ഗ് ഫ്രൈഡ്‌റൈസ്, ലെമൺ റൈസ്, വെജ്‌ബിരിയാണി, വിവിധയിനം പായസം... സ്‌കൂൾ ഉച്ചഭക്ഷണത്തിന്റെ മെനു കേട്ടാൽ വായിൽ വെള്ളമൂറും. സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിശോധിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലാണ് ഈ രുചിവൈവിധ്യം. ആഴ്‌ചയിൽ ഒരുദിവസം വെജിറ്റബിൾ ഫ്രൈഡ്‌റൈസ്, ലെമൺ റൈസ്, വെജ്ബിരിയാണി വിഭവങ്ങൾ തയ്യാറാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇവയോടൊപ്പം വെജിറ്റബിൾ കറിയും നൽകും. പച്ചക്കറിക്ക് പകരം മാസത്തിൽ ഒന്നോ രണ്ടോ ദിവസം മൈക്രോഗ്രീൻസ് മെനുവിൽ ഉൾപ്പെടുത്താം. പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്ത് തയ്യാറാക്കുന്ന ചമ്മന്തി കൊടുക്കുന്ന കാര്യം പരിഗണനയിലുണ്ട്. ആഴ്‌ചയിൽ ഒരുദിവസം റാഗി ബാൾസ്, റാഗി കൊഴുക്കട്ട, ഇലയട, അവിൽ കുതിർത്തത്, ക്യാരറ്റടക്കം ഉപയോഗിച്ചുള്ള പായസം എന്നിവ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
● 1–-ാം ദിവസം: ചോറ്, കാബേജ് തോരൻ, സാമ്പാർ
● 2: ചോറ്, പരിപ്പുകറി, ചീരത്തോരൻ
● 3: ചോറ്, കടലമസാല, കോവയ്‌ക്ക തോരൻ
● 4: ചോറ്, ഓലൻ, ഏത്തയ്‌ക്കാത്തോരൻ
● 5: ചോറ്, സോയകറി, ക്യാരറ്റുതോരൻ
● 6: ചോറ്, വെജിറ്റബിൾ കുറുമ, ബീറ്റ്‌റൂട്ടുതോരൻ
● 7: ചോറ്, തീയൽ, ചെറുപയർതോരൻ
● 8: ചോറ്, എരിശേരി, മുതിരത്തോരൻ
● 9: ചോറ്, പരിപ്പുകറി, മുരിങ്ങയിലത്തോരൻ
● 10: ചോറ്, സാമ്പാർ, മുട്ട അവിയൽ
● 11: ചോറ്, പൈനാപ്പിൾ പുളിശ്ശേരി, കൂട്ടുക്കറി
● 12: ചോറ്, പനീർ കറി, ബീൻസ് തോരൻ
● 13: ചോറ്, ചക്കക്കുരു പുഴുക്ക്, അമരയ്‌ക്കത്തോരൻ
● 14: ചോറ്, വെള്ളരിക്കപച്ചടി, വൻപയർതോരൻ
● 15: ചോറ്, വെണ്ടയ്‌ക്കമപ്പാസ്, കടലമസാല
● 16: ചോറ്, തേങ്ങാചമ്മന്തി, വെജിറ്റബിൾ കുറുമ
● 17: ചോറ്/എഗ്ഗ് ഫ്രൈഡ്റൈസ്, വെജിറ്റബിൾ മോളി
● 18: ചോറ്/കാരറ്റ് റൈസ്, കുരുമുളക് മുട്ട റോസ്റ്റ്
● 19: ചോറ്, പരിപ്പുകുറുമ, അവിയൽ
● 20: ചോറ്/ലെമൺറൈസ്, കടലമസാല








0 comments