ad
Deshabhimani

‘യു ഐ കുഡ്‌ നോട്ട്‌ സേവ്‌, വാക്‌ വിത്ത്‌ മീ’ കലാപ്രദർശനം ആരംഭിച്ചു

അടുത്തറിയാം, ഗാന്ധി സഞ്ചരിച്ച വഴികൾ

gandhi art exhibition

മഹാത്മാ ഗാന്ധിയുടെ അവസാന രണ്ടുവർഷത്തെ യാത്രകൾ പിന്തുടർന്ന്‌ ഒരുക്കിയ കലാപ്രദർശനത്തിൽ മുരളി ചീരോത്ത്‌, പി എൻ ഗോപീകൃഷ്ണൻ, സുധീഷ് എഴുവത്ത്‌, ജയരാജ് സുന്ദരേശൻ എന്നിവർ

വെബ് ഡെസ്ക്

Published on Jan 31, 2025, 12:16 AM | 1 min read


കൊച്ചി : ജീവിതത്തിന്റെ അവസാന രണ്ട്‌ വർഷങ്ങളിൽ മഹാത്മാഗാന്ധി നടത്തിയ യാത്രകൾ. 16,000 കിലോമീറ്റർ താണ്ടിയ ആ സംഭവബഹുല യാത്രയുടെ ചരിത്രം സമാഹരിക്കാനായ സന്തോഷത്തിലാണ്‌ ചരിത്രകാരനും കവിയുമായ പി എൻ ഗോപീകൃഷ്ണനും ഫോട്ടോഗ്രാഫർ സുധീഷ് എഴുവത്തും. ഗാന്ധിയുടെ അവസാന നാളുകളെ കേന്ദ്രീകരിച്ചുള്ള ‘യു ഐ കുഡ്‌ നോട്ട്‌ സേവ്‌, വാക്‌ വിത്ത്‌ മീ’ കലാപ്രദർശനം ദർബാർ ഹാൾ ആർട്ട്‌ ഗ്യാലറിയിൽ വ്യാഴം വൈകിട്ട്‌ ആരംഭിച്ചു. നവഖലി, കൊൽക്കൊത്ത, ബിഹാർ, ഡൽഹി എന്നിവിടങ്ങളിലൂടെ 1946–-48 വരെ ഗാന്ധിജി നടത്തിയ യാത്രകളിലൂടെ നമ്മെ കൈപിടിച്ചു നടത്തുന്നതാണ്‌ പ്രദർശനം.


ഇന്ത്യയിൽ ആ കാലഘട്ടത്തിലുണ്ടായ വർഗീയകലാപങ്ങൾ ശമിപ്പിക്കാൻ ഗാന്ധിജി നടത്തിയ യാത്രയെ സ്‌മരിച്ചാണ്‌ പ്രദർശനമെന്ന്‌ പി എൻ ഗോപീകൃഷ്ണനും ഫോട്ടോഗ്രാഫർ സുധീഷ് എഴുവത്തും പറഞ്ഞു. പ്രദർശനത്തിന്റെ ക്യൂറേറ്റർമാരിലൊരാളായ ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്തും യാത്രാസംഘത്തിലുണ്ടായിരുന്നു. ഹ്യൂമൻ ജിയോഗ്രാഫർ ഡോ. ജയരാജ് സുന്ദരേശനും കലാപ്രദർശനത്തിന്റെ ക്യൂറേറ്ററാണ്‌. ഇവരുടെ ഒരുവർഷം നീണ്ട പ്രയത്‌നമാണ്‌ പ്രദർശനം. നിലവിൽ ബംഗ്ലാദേശിലുള്ള നവഖലിയിൽനിന്നാണ്‌ യാത്ര ആരംഭിച്ചത്‌. ഗാന്ധിജിയെ നേരിട്ട്‌ കണ്ടവരെയും നവഖലിയിൽ കണ്ടുമുട്ടി. തൊണ്ണൂറു കഴിഞ്ഞ അവർ ഓർമകൾ പങ്കുവയ്‌ക്കുന്ന അഭിമുഖങ്ങളും യാത്രയ്‌ക്കിടെ എടുത്ത ഫോട്ടോകളും ആർക്കൈവ്‌സിൽ നിന്നുള്ളവയും പ്രദർശനത്തിലുണ്ട്‌. മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള, ഗാന്ധി വെടിയേറ്റു വീണപ്പോഴുണ്ടായ രക്തക്കറ പുരണ്ട വസ്‌ത്രത്തിന്റെ ചിത്രവും അദ്ദേഹത്തെ വെടിവച്ചുകൊന്ന തോക്കിന്റെ ഇൻസ്‌റ്റലേഷനും പ്രദർശിപ്പിച്ചിട്ടുണ്ട്‌.


ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30ന്‌ വൈകിട്ട് 5.17ന് മെഴുകുതിരികൾ കത്തിച്ചതോടെയാണ് പ്രദർശനം ആരംഭിച്ചത്. ഉദ്ഘാടനച്ചടങ്ങിൽ ചരിത്രകാരൻ സുധീർ ചന്ദ്ര, ഡൽഹി സർവകലാശാല ഗാന്ധിയൻ സ്റ്റഡീസ് അധ്യാപകൻ കെ പി ശങ്കരൻ, സാഹിത്യകാരൻ എൻ എസ് മാധവൻ എന്നിവർ സംസാരിച്ചു. സുനിൽ പി ഇളയിടം, വി കെ ശ്രീരാമൻ തുടങ്ങി പ്രമുഖർ പങ്കെടുത്തു. ശ്രീവത്സൻ ജെ മേനോനും സംഘവും ‘രഘുപതി രാഘവ രാജാ റാം' ആലപിച്ചു. പ്രദർശനം ഫെബ്രുവരി 18ന്‌ സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home