ad
Deshabhimani

എസ്‌എൻഡിപി – എൻഎസ്‌എസ്‌ ഐക്യം അടഞ്ഞ അധ്യായം

print edition സതീശന്റെ വാക്കും പ്രവൃത്തിയും രണ്ട്‌ ; ചർച്ചയ്‌ക്ക്‌ പെരുന്നയിലേക്ക് ദൂതനെ അയച്ചു : ജി സുകുമാരൻ നായർ

G Sukumaran Nair V D Satheesan
വെബ് ഡെസ്ക്

Published on Jan 29, 2026, 01:06 AM | 2 min read


ചങ്ങനാശേരി

എൻഎസ്‌എസുമായുള്ള പ്രശ്‌നം പരിഹരിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ദൂതനെ അയച്ചിരുന്നെന്ന്‌ എൻഎസ്‌എസ്‌ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. എങ്ങനെയെങ്കിലും പ്രശ്‌നം പരിഹരിക്കണമെന്ന് അഭ്യർഥിച്ചു. സതീശന്റെ വാക്കും പ്രവൃത്തിയും രണ്ടാണ്‌. പറവൂരിൽ വിജയിപ്പിക്കാൻ സഹായിക്കണം എന്നാവശ്യപ്പെട്ട്‌ എൻഎസ്എസ് ആസ്ഥാനത്ത് കയറിയിറങ്ങി.


സഹായിക്കുകയും ചെയ്തു. പിന്നീടാണ് അയാൾ സമുദായ നേതാക്കളെ കണ്ടിട്ടില്ലെന്നും തിണ്ണ നിരങ്ങിയില്ലെന്നും പറഞ്ഞത്. പിന്നീട് സിനഡിലും പങ്കെടുത്തു. സതീശൻ ഒരുപാട് വരമ്പ് ചാടിക്കടന്നു. സമുദായ നേതാക്കൾ നേട്ടത്തിനായി രാഷ്ട്രീയ നേതാക്കളെ കാണരുതെന്ന് പറയുന്ന പ്രതിപക്ഷ നേതാവ് രാഷ്ടീയ നേട്ടത്തിനായി സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാനും നടക്കരുത്. നിയമസഭ തെരഞ്ഞെടുപ്പിൽ സമദൂരം തന്നെയാണ്‌. സമുദായാംഗങ്ങൾക്ക് അവരവരുടെ ഇഷ്‌ടാനുസരണം വോട്ടുചെയ്യാം.


ശബരിമല കേസ്‌ അന്വേഷണത്തിൽ സർക്കാർ ഇടപെടുന്നില്ല, സ്വർണ മോഷണം കണ്ടുപിടിച്ചത്‌ ഇ‍ൗ സർക്കാരാണ്. എസ്ഐടി അന്വേഷണം മികച്ച രീതിയിൽ തന്നെ മുന്നോട്ട് പോകുന്നു. അതിന് മുകളിൽ കോടതിയും മറ്റുസംവിധാനങ്ങളുമുണ്ട്. മോഷണവസ്തു കണ്ടുപിടിക്കേണ്ടത് അന്വേഷകസംഘവും കോടതിയുമാണ്.

അത് കൃത്യമായി ചെയ്യുന്നുണ്ട്. സർക്കാരിന് എല്ലാ സമുദായങ്ങളോടും ഒരേ സമീപനമാണ്‌. അവർ ജാതിയും മതവും ഒന്നും നോക്കുന്നില്ല. തെരഞ്ഞെടുപ്പിൽ ആര് ജയിക്കുമെന്ന്‌ ഇപ്പോൾ പറയാനാകില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.


എസ്‌എൻഡിപി – എൻഎസ്‌എസ്‌ ഐക്യം അടഞ്ഞ അധ്യായം

എസ്‌എൻഡിപിയുമായുള്ള ഐക്യം അടഞ്ഞ അധ്യായമാണെന്ന്‌ എൻഎസ്‌എസ്‌ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. പെരുന്നയിൽ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്എൻഡിപിയുമായി സൗഹാർദത്തിൽ പോകും. പിൻമാറ്റത്തിന് ആരും ഇടപെട്ടിട്ടില്ല. തുഷാർ തന്നെ വിളിച്ചു. രണ്ടുമൂന്നു ദിവസത്തിനുള്ളിൽ വരാമെന്ന് പറഞ്ഞു. ഇത്തരം ഒരു ചർച്ചയ്ക്ക് താങ്കൾക്ക് എങ്ങനെ പങ്കെടുക്കാൻ കഴിയുമെന്ന് ഞാൻ ചോദിച്ചു.


രാഷ്ട്രീയ പാർടിയുടെ ആൾ ഐക്യവുമായി എങ്ങനെ ചർച്ച നടത്തും. നിങ്ങൾ വരേണ്ടെന്ന്‌ പറഞ്ഞു. വന്നാൽ രാഷ്ട്രീയമാകുമെന്ന്‌ പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യമുള്ള ആളെയാണ് ചർച്ചയ്ക്ക് വിട്ടത്. ഒരു ദിവസം കഴിഞ്ഞപ്പോൾ വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ പ്രഖ്യാപിച്ചു. ഇതുകൂടി വന്നപ്പോഴാണ് ഐക്യത്തിന് പിന്നിലെ അജൻഡയിൽ സംശയം തോന്നിയത്. ആ കെണിയിൽ പെടേണ്ടെന്ന്‌ തോന്നി. വെള്ളാപ്പള്ളിക്ക്‌ പത്മഭൂഷൺ കൊടുത്തതിൽ ഞങ്ങൾക്ക് അതൃപ്തി ഒന്നുമില്ല. അദ്ദേഹം അർഹതപ്പെട്ട ആൾ തന്നെ. എല്ലാം കൂടി ചേർത്ത് വായിക്കുമ്പോൾ രാഷ്ട്രീയമായ ഇടപെടൽ ഉണ്ടെന്ന് വ്യക്തമായതുകൊണ്ടാണ് ഐക്യം വേണ്ടെന്ന് തീരുമാനിച്ചത്.


ഐക്യത്തിലേക്ക് എത്തിയപ്പോൾ അടിസ്ഥാന മൂല്യത്തിൽ തെറ്റുണ്ടെന്ന പോലെയാണ് കാര്യങ്ങൾ പോയത്. അതാണ് പിന്മാറാൻ ഒരു കാരണം. മറ്റൊരു സമുദായത്തിന് ദോഷകരമാവരുത് എന്ന് എനിക്കുണ്ട്. എസ്‌എൻഡിപി അവരുടെ നയത്തിന് അനുസരിച്ച് പ്രവർത്തിക്കട്ടെ. ഞങ്ങളുടെ നയത്തിനനുസരിച്ച് ഞങ്ങളും. ഇതുരണ്ടും പൊരുത്തപ്പെട്ട് പോകാൻ ബുദ്ധിമുട്ടുണ്ട്‌. ഞങ്ങൾക്ക് ഒരു രാഷ്ട്രീയ പാർടിയോടും ബന്ധമില്ല.

ഞാൻ വിചാരിച്ചിരുന്നെങ്കിൽ ഇതിനു മുന്നേ പത്മഭൂഷൻ കിട്ടിയേനെ. അങ്ങനെയുള്ള ഒരു ആഗ്രഹവുമില്ല. ആഗ്രഹമുണ്ടെങ്കിൽ എന്തെല്ലാം സ്ഥാനമാനങ്ങൾ കിട്ടിയേനെ. ഞങ്ങൾ അതിലൊന്നും വീഴുന്ന ആളുകളല്ലെന്നും സുകുമാരൻ നായർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home