വർഗീയതയ്‌ക്കെതിരെ സംസാരിക്കാൻ സതീശന് യോഗ്യതയില്ല
print edition ശബരിമലയ്‌ക്കായി ബിജെപി സർക്കാർ ഒന്നും ചെയ്‌തില്ല : എൻഎസ്‌എസ്

കോട്ടയം
ഹിന്ദുവിന്റെ കുത്തകയാണെന്ന് പറയുന്ന ബിജെപി കേന്ദ്രം ഭരിച്ചിട്ടും ശബരിമലയ്‌ക്കുവേണ്ടി ഒന്നും ചെയ്തില്ലെന്ന് എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. തദ്ദേശഭരണ തെരഞ്ഞെടുപ്പ് അല്ല നിയമസഭയിലേതെന്നും സുകുമാരൻ നായർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘‘ശബരിമലയിൽ എന്തെങ്കിലും വികസനം നടത്താൻ കേന്ദ്ര സർക്കാർ തയ്യാറായോ. വിമാനം വരുമെന്നും ട്രെയിൻ വരുമെന്നും പറഞ്ഞിട്ട് കൊണ്ടുവന്നോ. കഴിഞ്ഞ 10 വർഷമായി ബിജെപി അല്ലേ കേന്ദ്രം ഭരിക്കുന്നത്. ഹൈന്ദവരുടെ കുത്തക ബിജെപി ഏറ്റെടുക്കേണ്ട. ശബരിമല യുവതി പ്രവേശനത്തിൽ സുപ്രിംകോടതി വിധിക്കെതിരെ നിയമനിർമാണം നടത്താൻ ബിജെപി തയ്യാറായില്ല.
ശബരിമല സ്വർണമോഷണക്കേസിൽ അന്വേഷണം ശരിയായ ദിശയിൽത്തന്നെയാണ്. തന്ത്രിയായാലും മന്ത്രിയായാലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അറസ്‌റ്റിലാകും. തന്ത്രി ദൈവ തുല്യനാണെന്ന് വിചാരിക്കരുത്. ഇതൊന്നും ശബരിമലയെ ബാധിക്കില്ല.
തൃശൂർ പിടിച്ചതുപോലെ എൻഎസ്‌എസിനെ പിടിക്കാനാകുമെന്ന് കരുതരുത്. സുരേഷ് ഗോപി രാഷ്‌ട്രീയ ഉദ്ദേശ്യത്തോടെയാണ് പെരുന്നയിൽ വന്നത്. എൻഎസ്‌എസ് ജനറൽ ബോഡിയിൽ ബജറ്റ് അവതരിപ്പിക്കുന്പോഴാണ് സുരേഷ് ഗോപി വന്നത്. ഒൗദ്യോഗിക പരിപാടി നടക്കുന്പോൾ അങ്ങനെ വരുന്നത് ശരിയാകാത്തതിനാലാണ് ഇറങ്ങിപ്പോകാൻ പറഞ്ഞത്. അനുമതി ചോദിച്ചശേഷം വന്നാൽ ആർക്കും മന്നം സമാധിയിൽ പുഷ്‌പാർച്ചന നടത്താം.
വർഗീയതയ്‌ക്കെതിരെ സംസാരിക്കാൻ സതീശന് യോഗ്യതയില്ല
വർഗീയതയ്‌ക്കെതിരെ സംസാരിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശന് യോഗ്യതയില്ലെന്ന് എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. പെരുന്നയിൽ എൻഎസ്‌എസ് ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സതീശന്റെ വാക്കും പ്രവർത്തിയും രണ്ടാണ്. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങരുതെന്ന് പറഞ്ഞ സതീശൻ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഒന്നര മണിക്കൂർ എൻഎസ്‌എസ് ഓഫീസിൽ തന്റെ മുന്നിൽ വന്നിരുന്ന് തിണ്ണനിരങ്ങി. പറവൂരിലെ യൂണിയൻ പ്രസിഡന്റിനെ വിളിച്ച് അദ്ദേഹത്തെ സഹായിക്കണമെന്ന് താൻ പറഞ്ഞു. യൂണിയൻ പ്രസിഡന്റ് ഓരോ വീടും കയറിയിറങ്ങി വോട്ട് ചോദിച്ചു. എന്നിട്ടാണ് സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാറില്ലെന്ന് പറയുന്നത്. ഇതേയാൾ സഭയുടെ സിനഡിൽ പോയി കാലിൽവീണു. അയാളുടെ വാക്കും പ്രവർത്തിയുമായി യാതൊരു ബന്ധവുമില്ല.
സതീശനെ കോൺഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണ്. ഇങ്ങനെ പോയാൽ കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ അടികിട്ടും ഒരു സംശയവും വേണ്ട. ഇൗ തരത്തിലാണ് കൈയിലിരിപ്പെങ്കിൽ അതിന്റെ ഫലം അനുഭവിക്കും. എൻഎസ്‌എസിനെ മാത്രമല്ല മറ്റ് സമുദായ സംഘടനകളെയും സതീശൻ ആക്ഷേപിച്ചു. അഹങ്കാരം വേണ്ട, താഴ്‌മയാണ് വേണ്ടത്. മുഖ്യമന്ത്രിയുടെ കാറിൽ കയറിയതിന് വെള്ളാപ്പള്ളിയെ ആക്ഷേപിക്കുന്നത് ശരിയല്ല. ചില സംഘടനകളോടാണ് വെള്ളാപ്പള്ളി എതിർപ്പ് പ്രകടിപ്പിച്ചത്. മുസ്ലീം ലീഗെന്ന് പറഞ്ഞാൽ മുസ്ലീങ്ങളാകുമോ.
മുഖ്യമന്ത്രി പിണറായി വിജയൻ മാന്യമായാണ് പെരുമാറുന്നത്. സംഘടനയുടെ ആവശ്യങ്ങൾ ഒൗദ്യോഗികമായി ചോദിക്കാറുണ്ട്. വ്യക്തിപരമായി ഒന്നും ചോദിച്ചിട്ടില്ല.
ശബരിമലയിൽ ആചാര അനുഷ്‌ഠാനങ്ങൾ പാലിക്കണമെന്നാണ് തങ്ങളുടെ ആവശ്യം. നാമജപ ഘോഷയാത്രയിൽ കോൺഗ്രസും ബിജെപിയും ചേർന്നത് വോട്ടുറപ്പിക്കാനായിരുന്നു. അവരുടെ ഉദ്ദേശം നടക്കില്ലെന്നായപ്പോൾ പിൻമാറി. തങ്ങൾ സുപ്രീംകോടതിയിൽ പോയി. സർക്കാർ തങ്ങളുടെ നിലപാട് അംഗീകരിക്കാൻ തയ്യാറായി. ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കണമെന്ന് സംസ്ഥാന സർക്കാർ അഭ്യർഥിച്ചപ്പോൾ ഞങ്ങൾ പിന്തുണച്ചു. അതിലെന്താണ് തെറ്റ്–സുകുമാരൻ നായർ പറഞ്ഞു.
എസ്‌എൻഡിപിയുമായി യോജിച്ച് പ്രവർത്തിക്കും
അടിസ്ഥാന മൂല്യങ്ങൾ നഷ്ടപ്പെടുത്താതെ എസ്‌എൻഡിപിയുമായി ഒന്നിച്ച് പ്രവർത്തിക്കുന്നതിൽ എന്താണ് തെറ്റ്. നേരത്തെ സംവരണ വിഷയത്തിൽ തർക്കമുണ്ടായിരുന്നു. അക്കാലത്ത് അകന്നുനിന്നു. ഇന്നത് വിഷയമല്ല.
തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പിറകിലായി. 24 മണിക്കൂറിലുണ്ടാകുന്ന ഒരു സ്‌പാർക്കിൽ ട്രെൻഡ് മാറാം. രമേശ് ചെന്നിത്തലയെ അവഗണിച്ചപ്പോൾ ഞങ്ങൾ വിമർശിച്ചിട്ടുണ്ട്. കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള ആരുമില്ല. കേരളത്തിലെ ജനങ്ങൾ എല്ലാം കാണുന്നുണ്ട്. എല്ലാ മതവിഭാഗങ്ങൾക്കും ജീവിക്കാനുള്ള സാഹചര്യം കേരളത്തിലുണ്ട്. ഹിന്ദുവിന് മാത്രമല്ല കേരളത്തിൽ റേഷൻ ലഭിക്കുന്നത്. മുസ്ലിമിനും മറ്റുള്ളവർക്കും ലഭിക്കുന്നുണ്ട്’’–സുകുമാരൻ നായർ പറഞ്ഞു.










0 comments