ഭരണഘടന ഇല്ലാതാക്കാൻ അനുവദിക്കരുത് : ജി മോഹൻ ഗോപാൽ


സ്വന്തം ലേഖകൻ
Published on Jan 19, 2025, 12:04 AM | 1 min read
തിരുവനന്തപുരം:
പൗരന്റെ മൗലികാവകാശങ്ങൾ സംരക്ഷിക്കുകയും പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങൾക്കൊപ്പം നിലകൊള്ളുകയും ചെയ്യുന്ന ഇന്ത്യൻ ഭരണഘടന ഇല്ലാതാക്കാൻ അനുവദിക്കരുതെന്ന് നാഷണൽ ജുഡീഷ്യൽ അക്കാദമി മുൻ ഡയറക്ടർ പ്രൊഫ. ജി മോഹൻ ഗോപാൽ. കാലിക്കറ്റ് ബാർ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അംബേദ്കറുടെ നേതൃത്വത്തിൽ ഏറ്റവും മികച്ച ഭരണഘടനയാണ് രാജ്യത്തിനായി തയ്യാറാക്കിയത്.
ഇതുപോലൊരു ഭരണഘടന ഇനിയുണ്ടാകില്ല. അനീതികൾക്കെതിരായ മരുന്ന് കൂടിയാണ് നമ്മുടെ ഭരണഘടന. അതിൽനിന്ന് മറ്റൊന്നിലേക്ക് പോകാൻ അനുവദിക്കരുത്. ഭരണഘടന സംരക്ഷിക്കാൻ കീഴ്‌ക്കോടതികൾക്കും ഉത്തരവാദിത്വമുണ്ട്. സാധാരണ മനുഷ്യന് നീതിയുറപ്പാക്കിയും അവകാശങ്ങൾ നേടിക്കൊടുത്തും ഭരണഘടനയുടെ സംരക്ഷണമുറപ്പിക്കാനാകും. ഭരണസംവിധാനത്തിന് എതിരെ പോരാടാനുള്ള അവകാശം കൂടി നൽകുന്ന സമാനതകളില്ലാത്ത ഭരണഘടനയാണ് നമ്മുടേത്.
തങ്ങൾക്കെതിരെ പറയാനും വിയോജിക്കാനും ജനത്തിന് അവകാശം നൽകുന്ന ഭരണഘടനയെ അധികാര വർഗം ഭയത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അഡീഷണൽ ജില്ലാ (മൂന്ന്) ജഡ്‌ജി ആർ മധു ഉദ്‌ഘാടനംചെയ്‌തു. ബാർ അസോസിയേഷൻ പ്രസിഡന്റ് പി നിർമൽകുമാർ അധ്യക്ഷനായി. ബാർ അസോസിയേഷൻ സെക്രട്ടറി വി ശ്രീനാഥ് സ്വാഗതവും വൈസ് പ്രസിഡന്റ് സി സുഗതൻ നന്ദിയും പറഞ്ഞു.









0 comments