മുഖ്യമന്ത്രിയുടെ സംവാദത്തിൽ പങ്കെടുത്ത വ്യവസായി ജി കൃഷ്‌ണകുമാർ സംസാരിക്കുന്നു
വ്യവസായരംഗത്ത് അത്ഭുതപ്പെടുത്തുന്ന മാറ്റം

ടി എസ് അഖിൽ
Published on May 06, 2025, 02:11 AM | 1 min read
പാലക്കാട് :
മുപ്പത്തിരണ്ട് വർഷങ്ങൾക്കുമുമ്പ് 1993ലാണ് കഞ്ചിക്കോട് റബ്‌ഫില ടാൽക് കോട്ടിങ്ങുള്ള റബർനൂൽ നിർമാണ ഫാക്ടറി സ്ഥാപിക്കുന്നത്. അന്നുമുതൽ ഇതുവരെ വ്യവസായ വികസനത്തിലും അടിസ്ഥാന സൗകര്യങ്ങളിലും കേരളത്തിൽ മാറ്റമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ഒമ്പതുവർഷത്തിലാണ് ഈ മാറ്റം ഏറെ അനുഭവിച്ചതെന്ന് മൂന്ന് സംസ്ഥാനത്ത് വ്യവസായ സ്ഥാപനങ്ങൾ നടത്തുന്ന റബ്‌ഫില ഇന്റർനാഷണൽ എംഡി ജി കൃഷ്ണകുമാർ പറഞ്ഞു. മുഖ്യമന്ത്രിയുടെ സംവാദത്തിൽ കഞ്ചിക്കോട്ടെ വ്യവസായികളെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം ‘ദേശാഭിമാനി’ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വ്യവസായം ആരംഭിക്കാനും തുടർന്നുനടത്താനും സർക്കാർ എല്ലാ സഹായവുമായി കൂടെയുണ്ട്. വിവിധ അനുമതികളും സർട്ടിഫിക്കറ്റുകളും പരിശോധനകളും ഉൾപ്പെടെ ഓൺലൈനാക്കിയത് സംരംഭകർക്കും വ്യവസായികൾക്കും ഗുണമായി. എല്ലാ അനുമതികളും ഇതുവരെയില്ലാത്ത വേഗത്തിൽ കിട്ടുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സൗകര്യങ്ങളിലും മനുഷ്യവിഭവശേഷിയിലും കേരളം മുന്നിലാണ്. റബ്‌ഫിലയ്ക്ക് കഞ്ചിക്കോട് കൂടാതെ തമിഴ്‌നാട്ടിലും കർണാടകത്തിലും ഫാക്ടറികളുണ്ട്. കേരളം വ്യവസായം ആരംഭിക്കാൻ അനുയോജ്യമല്ലെന്ന് ഇവിടെ വ്യവസായം നടത്തിയ ആരുംപറയില്ല.
കഞ്ചിക്കോട് വ്യവസായ മേഖലയ്ക്ക് വലിയ വികസന സാധ്യതയുണ്ട്. ദീർഘകാല ആവശ്യമായിരുന്ന റോഡ് വികസനം ഉൾപ്പെടെയുള്ളവ അതിവേഗം നടപ്പാക്കുന്നു. എപ്പോഴും സമീപിക്കാവുന്ന വ്യവസായ മന്ത്രിയാണ് കേരളത്തിലേത്. ഏത് ആവശ്യവും കേട്ട് അനുകൂല തീരുമാനം വേഗം ലഭ്യമാക്കാൻ അദ്ദേഹം ഇടപെടാറുണ്ട്. സ്ഥലലഭ്യതയിൽ ഇനിയും മുന്നേറാനുണ്ട്.
വൈദ്യുതി മേഖലയിലും വലിയ മാറ്റങ്ങൾ വേണം. കഞ്ചിക്കോട്–- വാളയാർ ബെൽറ്റിൽ മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്ക് വരണം. ഇവിടെ എത്തിക്കുന്ന ചരക്ക് റെയിൽവേ വഴി മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാനുള്ള സംവിധാനമായിരിക്കണം ഇത്. കഞ്ചിക്കോട് കേന്ദ്രമാക്കി ഇന്റഗ്രേറ്റഡ് ടൗൺഷിപ്പ് നടപ്പാക്കണമെന്നും കൃഷ്‌ണകുമാർ പറഞ്ഞു.









0 comments