print edition നിയമന നിരോധന നീക്കത്തിൽനിന്ന് പിന്മാറണം: എഫ്എസ്ഇടിഒ

തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമീഷന്റെ സ്വതന്ത്ര പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ഉദ്യോഗസ്ഥ സമിതിയെ നിയോഗിച്ച സർക്കാർ സംസ്ഥാനത്ത് നിയമന നിരോധനം ഏർപ്പെടുത്താനുള്ള നീക്കത്തിലാണെന്ന് ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ. ഇല്ലാത്ത ഒഴിവുകളിൽ പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് പരിശോധിക്കാനെന്ന പേരിലാണ് സമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
എൽഡി ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് സർവന്റസ്, അധ്യാപക തസ്തികകൾ എന്നിവയിൽ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതിനെക്കാൾ അധികരിച്ച എണ്ണം ഉൾപ്പെടുത്തി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത്. മറ്റ് പരിമിത ഒഴിവുകളുള്ള തസ്തികകളിൽ അതിനനുസരിച്ചുള്ള റാങ്ക് പട്ടികകളാണ് പ്രസിദ്ധീകരിക്കുന്നത്.
വസ്തുത മറച്ച് പിഎസ്‌സിക്കെതിരെ തെറ്റായ പ്രചാരണം നടത്തുന്നത് സമരം ചെയ്യുന്ന ഉദ്യോഗാർഥികളെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാനും പിഎസ്‌സിയുടെ വിശ്വാസ്യത തകർത്ത് നിയമന നിരോധനത്തിന് ന്യായീകരണം ചമയ്ക്കാനുമാണ്. യുഡിഎഫ് സർക്കാർ അധികാരമേറ്റതുമുതൽ പിഎസ്‌സിയെ തകർക്കാനുള്ള ശ്രമം തുടങ്ങി. അതിന്റെ തുടർച്ചയായി ആരംഭിച്ച നിയമവിരുദ്ധ നടപടികളിൽനിന്ന് സർക്കാർ പിന്മാറണമെന്ന് എഫ്എസ്ഇടിഒ പ്രസിഡന്റ് ടി കെ എ ഷാഫി, ജനറൽ സെക്രട്ടറി എം വി ശശിധരൻ എന്നിവർ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.









0 comments