print edition പഴം, പച്ചക്കറി, മത്സ്യ കയറ്റുമതി പകുതിയായി; ഇടപെടാതെ കേന്ദ്രസർക്കാർ

ഫയൽ ചിത്രം
സുനീഷ് ജോ
Published on Mar 31, 2026, 01:32 AM | 1 min read
തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷത്തിൽ കേരളത്തിലെ പഴം പച്ചക്കറി, മത്സ്യ കയറ്റുമതി പ്രതിസന്ധിയിൽ. കപ്പലുകളുടെ വരവ് കുറഞ്ഞതും വിമാനങ്ങളിൽ ചരക്കുനീക്കത്തിന് വലിയ നിരക്ക് ഇൗടാക്കുന്നതുമാണ് കാരണം. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്ന് ഗൾഫ്‌രാജ്യങ്ങളിലേക്കുള്ള പഴം പച്ചക്കറി കയറ്റുമതി പകുതിയായി കുറഞ്ഞു. ഒരുകിലോ പൈനാപ്പിളിന് എയർ കാർഗോ നിരക്ക് 70 രൂപയായിരുന്നെങ്കിൽ അത് 210 രൂപയായി ഉയർന്നു. 12,000 കിലോയ്‌ക്ക് തൊടുപുഴയിലെ പൈനാപ്പിൾ കർഷകന് ഓർഡർ നൽകിയശേഷം എക്‌സ്‌പോർട്ടർ കന്പനി ഇത് റദ്ദാക്കി. ഇത്തരം നിരവധി സംഭവങ്ങളാണ് അടുത്തദിവസങ്ങളിലുണ്ടായത്.
കേരളത്തിൽനിന്ന് ചെമ്മീൻ ഉൾപ്പെടെയുള്ള മത്സ്യങ്ങൾ ഗൾഫിലേക്കും അമേരിക്ക, ജപ്പാൻ, വിയറ്റ്‌നാം, റഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്നുണ്ട്. ആവശ്യത്തിന് കണ്ടെയ്‌നർ കിട്ടാത്തതും നിരക്ക് വർധിച്ചതും പ്രശ്‌നം വഷളാക്കുന്നതായി മറൈൻ എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. നിലവിൽ 50–60 ദിവസങ്ങളിൽ ചരക്ക് എത്തിയിരുന്നെങ്കിൽ ഇപ്പോഴത് 100 ദിവസമാകുമെന്നാണ് കണക്കാക്കുന്നത്. ഒഴിഞ്ഞ കണ്ടെയ്‌നർ ഷിപ്പിങ് കന്പനികളായ എംഎസ്‌സിയും മേർസ്‌കുമാണ് കൊച്ചി തുറമുഖത്ത് എത്തിച്ചിരുന്നത്. മേർസ്‌ക് സർവീസ് നിർത്തിവച്ചു.
കേന്ദ്ര വാണിജ്യ കാര്യമന്ത്രാലയത്തിന് കീഴിലെ അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി, കേരള എക്സ്പോർട്ടേഴ്സ് ഫോറവുമായി ചർച്ച നടത്തിയെങ്കിലും പ്രശ്‌നം പരിഹരിച്ചിട്ടില്ല. ദുബൈയിലെ ജബൽ അലി തുറമുഖത്തേക്ക് ബുക്ക് ചെയ്ത കണ്ടെയ്‌നറുകൾ പലതും മുംബൈ നവസേവ തുറമുഖത്തും ഒമാനിലെ സൊഹാറിലും ഇറക്കി ഷിപ്പിങ് ലൈനുകൾ അമിതമായ വാടകയും മറ്റ് ചാർജുകളും കയറ്റുമതിക്കാരോട് ആവശ്യപ്പെടുന്നതായി കേരള എക്സ്പോർട്ടേഴ്സ് ഫോറം സെക്രട്ടറി സി ടി മുൻഷീദ് അലി പറഞ്ഞു. കയറ്റുമതി പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ കാര്യമായ ഇടപെടൽ നടത്തുന്നില്ല. കയറ്റുമതി തടസ്സപ്പെടുന്നത് സാന്പത്തികരംഗത്ത് ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് വിദഗ്‌ധരും മുന്നറിയിപ്പ് നൽകുന്നു.










0 comments