വീൽ ചെയറിൽ നിന്നും സിവിൽ സർവീസിലേക്ക്; അഭിമാന നേട്ടവുമായി ആതിര

തിരുവനന്തപുരം: ചക്രകസേരകളിൽ ഒതുങ്ങേണ്ടതല്ല ജീവിതമെന്ന് സ്വന്തം പോരാട്ടത്തിലൂടെ തെളിയിച്ചിരിക്കുകയാണ് കോഴിക്കോട് സ്വദേശിനിയായ ഡോ. ആതിര സുഗതൻ. 2025ലെ യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയിൽ 483-ാം റാങ്ക് നേടിയാണ് ആതിര ഈ അഭിമാനനേട്ടം കൈവരിച്ചത്. ഒരു റോഡപകടത്തെത്തുടർന്ന് ഓർമശക്തിയും അരയ്ക്ക് താഴെ ചലനശേഷിയും നഷ്ടപ്പെട്ട് വീൽചെയറിലായ അവസ്ഥയിൽ നിന്നുമാണ് ഫീനിക്സ് പക്ഷിയെപ്പോലെ ആതിര ഉയർത്തെഴുന്നേറ്റത്. ഭിന്നശേഷിക്കാർക്കും സിവിൽ സർവീസ് പരീക്ഷയെഴുതാമെന്ന തിരിച്ചറിവ് അഞ്ച് വർഷം മുൻപ് ആതിരയെ ഈ സ്വപ്നത്തിലേക്ക് നയിക്കുകയായിരുന്നു.
തുടർച്ചയായ മൂന്ന് പരാജയങ്ങളിലും തളരാതെ, നാലാം ശ്രമത്തിലാണ് നാല് വർഷത്തെ കഠിനാധ്വാനത്തിനൊടുവിൽ ആതിര ലക്ഷ്യം കണ്ടത്. മലയാളം ഓപ്ഷണൽ ആയി തിരഞ്ഞെടുത്ത് ഇന്റർവ്യൂവിനെ മലയാളത്തിൽ തന്നെയാണ് നേരിട്ടത്. ദിവസവും വെറും നാല് മണിക്കൂർ മാത്രം ഉറങ്ങിയാണ് പഠനത്തിനായി സമയം കണ്ടെത്തിയത്. ഏകാഗ്രമായ പഠനവും വിട്ടുവീഴ്ചയില്ലാത്ത പരിശ്രമവുമാണ് തന്റെ വിജയരഹസ്യമെന്ന് ആതിര പറയുന്നു. ബിഡിഎസ് ബിരുദധാരിയാണ്. പരാജയങ്ങളിൽ തളരാതെ ലക്ഷ്യം കാണും വരെ പോരാടണമെന്ന വലിയ സന്ദേശമാണ് വരാനിരിക്കുന്ന ഉദ്യോഗാർഥികൾക്കായി ആതിര പകർന്നുനൽകുന്നത്.










0 comments