ad
Deshabhimani

print edition പൊന്നാനിയിലെ വെള്ളിത്തിളക്കം; മുഹമ്മദ് ബാസിലിന്
പാരാ അത്‌ലറ്റിക്‌സ്‌ 100 മീറ്ററിൽ വെള്ളി

Para Athlete Muhammed Basil

മുഹമ്മദ്‌ ബാസിൽ

avatar
പി അഭിഷേക്

Published on Jul 31, 2026, 12:00 AM | 1 min read

മലപ്പുറം: വ്യാഴം പുലര്‍ച്ചെ 1.42. മലപ്പുറം പൊന്നാനി പുല്ലോണത്ത് അത്താണിയിലെ കളത്തിങ്ങല്‍ വീട്ടില്‍ സിറാജുദ്ദീനും ഭാര്യ സീനത്തും ഉറക്കമില്ലാതെ ടിവിക്ക് മുമ്പിലിരിപ്പാണ്. സ്വപ്‌നനിമിഷത്തിന് സാക്ഷിയാകാനുള്ള കാത്തിരിപ്പ്‌. സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് പാരാ അത്‌ലറ്റിക്‌സ്‌ 100 മീറ്റർ ഓട്ടത്തിൽ മകന്‍ മുഹമ്മദ് ബാസില്‍ മത്സരിക്കാനിറങ്ങിയതിന്റെ ആകാംക്ഷ. ബാസില്‍ കുതിച്ച 10.83 സെക്കന്‍ഡിൽ ആ ഉമ്മയുടെയും ഉപ്പയുടെയും മനസ്സില്‍ തെളിഞ്ഞത് രണ്ടുപതിറ്റാണ്ടിന്റെ നിറംമങ്ങാത്ത ഓര്‍മ. രാജ്യത്തിനായി മകന്‍ വെള്ളിയണിഞ്ഞപ്പോൾ നിറഞ്ഞ അഭിമാനം.


Para Athlete Muhammed Basil Familyകോമണ്‍വെല്‍ത്ത് ഗെയിംസ് പാരാ അത്‌ലറ്റിക്‌സ്‌ 100 മീറ്റർ ഓട്ടത്തിൽ മുഹമ്മദ് ബാസിലിന്റെ മത്സരം പൊന്നാനിയിലെ വീട്ടിലിരുന്ന് ടിവിയില്‍ കാണുന്ന ഉമ്മ ഒ ഒ സീനത്ത്, ഉപ്പ കെ സിറാജുദ്ദീന്‍, 
മുന്‍‌ കായികാധ്യാപകന്‍ കെ വി മുഹമ്മദ് അനസ്, സഹോദരന്‍ മുഹമ്മദ് ഷാമില്‍ എന്നിവര്‍


വലതുകൈ മുട്ടിനുതാഴെ വളര്‍ച്ചയില്ലാതെയാണ് ജനിച്ചത്. വെളിയങ്കോട് ഉമരി ഇംഗ്ലീഷ് മീ‍ഡിയം സ്‌കൂളില്‍ ഏഴാംക്ലാസില്‍ പഠിക്കവെ കായികാധ്യാപകന്‍ കെ വി മുഹമ്മദ് അനസാണ്‌ അവനിലെ അത്‍ലീറ്റിനെ തിരിച്ചറിഞ്ഞത്. ഫുട്ബോള്‍ കളിയിലെ വേഗം കണ്ട് അത്‌ലറ്റിക്‌സില്‍ ശ്രദ്ധിക്കാന്‍ ആവശ്യപ്പെട്ടു. പൊന്നാനി എംഇഎസ് കോളേജിലെയും തവനൂര്‍ കാര്‍ഷിക കോളേജിലെയും മണ്‍ ട്രാക്കിലായിരുന്നു പരിശീലനം. പൊന്നാനി എംഐ എച്ച്എസ്എസിലെ പ്ലസ്ടു പഠനശേഷം തിരുവനന്തപുരം സായിയില്‍ പ്രവേശനം. പരിശീലകന്‍ ആര്‍ ശ്രീനിവാസനുകീഴിൽ വളര്‍ന്നു. തിരുവനന്തപുരം മാർ ഇവാനിയസ് കോളേജില്‍ രണ്ടാംവര്‍ഷ ബിഎ എക്കണോമിക്‌സ്‌ വിദ്യാര്‍ഥിയാണ്.


2025ല്‍ ഖേലോ ഇന്ത്യ പാരാഗെയിംസ്, ഇന്ത്യന്‍ ഓപ്പണ്‍ പാരാ അത്‌ലറ്റിക്‌സ്‌ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പ്, നാഷണല്‍ പാരാ അത്‌ലറ്റിക്‌സ്‌ ചാമ്പ്യന്‍ഷിപ്പ് എന്നിവയില്‍ പൊന്നണിഞ്ഞു. 2023ല്‍ നാഷണല്‍ ജൂനിയര്‍ പാരാ അത്‍ലറ്റിക്‌സിൽ വെള്ളി നേടി. 2025ല്‍ വേൾഡ് പാരാ അത്‌ലറ്റിക്‌സ്‌ ഗ്രാന്‍പ്രി ഹാൻഡിസ്‌പോർട്ട് ഓപ്പണില്‍ മത്സരിച്ചു. പാരാലിമ്പിക്‌സിലെ സ്വര്‍ണമാണ്‌ ലക്ഷ്യം. സല്‍സബീല്‍, മുഹമ്മദ് ഷാമില്‍ എന്നിവര്‍ സഹോദരങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home