ad
Deshabhimani

print edition പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ

Gyanesh Kumar on polling booth webcasting
avatar
ടി ചന്ദ്രമോഹൻ

Published on Sep 28, 2026, 02:34 AM | 3 min read

ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറ ജനങ്ങളുടെ വോട്ടവകാശമാണ്. ആ അവകാശം വിനിയോഗിക്കാൻ പൗരന് ആദ്യം വേണ്ടത് വോട്ടർപട്ടികയിലെ സ്വന്തം പേര്. ഒരു പേര് പട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെടുന്നത് സാധാരണ ഭരണനടപടി മാത്രമല്ല, അത് പൗരന്റെ ജനാധിപത്യ പങ്കാളിത്തത്തെ നേരിട്ട് ബാധിക്കുന്ന നടപടിയാണ്. വോട്ടർപ്പട്ടിക തയ്യാറാക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യത ജനാധിപത്യത്തിന്റെ വിശ്വാസ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ്‌ സ്‌പെഷൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) സംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങൾ ഗൗരവത്തോടെ കാണേണ്ടത്. ‘ഇന്ത്യൻ എക്‌സ്‌പ്രസ്’ നടത്തിയ അന്വേഷണത്തിൽ, തെരഞ്ഞെടുപ്പ് കമീഷനിലെ മൂന്ന് അംഗങ്ങളിൽ രണ്ടുപേർ (സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും) പത്ത് മാസത്തിനിടെ 14 തവണ ഔദ്യോഗികമായി എതിർപ്പ്‌ രേഖപ്പെടുത്തിയതായി കണ്ടെത്തി. വോട്ടർമാരുടെ രജിസ്ട്രേഷൻ, പേര്‌ നീക്കംചെയ്യൽ, വോട്ടർ ഡാറ്റാബേസിന്റെ കേന്ദ്രീകരണം, സോഫ്റ്റ്‌വെയർ സംവിധാനത്തിന്റെ വിശ്വാസ്യത തുടങ്ങിയ അടിസ്ഥാന വിഷയങ്ങിലായിരുന്നു എതിർപ്പ്‌. സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട ആശങ്കകൾ ഇരുവരും കാബിനറ്റ് സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

ഇത്‌ പുറത്തുനിന്നുള്ള രാഷ്‌ട്രീയ ആരോപണങ്ങളല്ല, തെരഞ്ഞെടുപ്പ് കമീഷന്റെ അകത്തുതന്നെ രേഖപ്പെടുത്തിയ വിയോജിപ്പുകളാണ്‌. ​ 2025 ജൂണിൽ ബിഹാറിൽ ആരംഭിച്ച എസ്‌ഐആർ എല്ലായിടത്തേക്കും വ്യാപിച്ചു. അർഹരായ എല്ലാവരെയും പട്ടികയിൽ ഉൾപ്പെടുത്തിയും അനർഹരായവരെ ഒഴിവാക്കിയും വോട്ടർപട്ടികയുടെ വിശ്വാസ്യത ഉറപ്പാക്കുകയാണ്‌ എസ്‌ഐആറിന്റെ ലക്ഷ്യമെന്നാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ പ്രഖ്യാപിച്ചത്‌. എന്നാൽ എസ്‌ഐആറിന്റെ ഭാഗമായി 13 കോടിയിലേറെ പേരുകൾ ഒഴിവാക്കി. പുതിയ വോട്ടറായി രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫോം–6-ൽ പുതിയൊരു ചോദ്യം ഉൾപ്പെടുത്തിയതിനെക്കുറിച്ചും രണ്ട് തെരഞ്ഞെടുപ്പ് കമീഷണർമാർ എതിർപ്പ് രേഖപ്പെടുത്തിയതായി പറയുന്നു. പുതിയ അപേക്ഷകൻ, മാതാപിതാക്കൾ, മുത്തശ്ശൻ–മുത്തശ്ശി എന്നിവർ മുൻകാല വോട്ടർപട്ടികയിൽ ഉണ്ടായിരുന്നോ എന്ന വിവരവുമായി ബന്ധപ്പെട്ട ചോദ്യം നിർബന്ധിതമാക്കിയതാണ് വിവാദം. ഇത്തരം മാറ്റം നിയമവും ചട്ടവും ഭേദഗതി ചെയ്യാതെ കൊണ്ടുവരാനാകുമോ എന്നാണ് കമീഷണർമാർ ഉന്നയിച്ചത്. ഇതിനെ അനധികൃതവും നിയമവിരുദ്ധവും എന്നാണ്‌ സുഖ്ബീർ സിങ് സന്ധു രേഖപ്പെടുത്തിയത്‌. ഗൗരവമുള്ള മറ്റൊരു വിഷയം 
 വോട്ടർപ്പട്ടികയുടെ ഡിജിറ്റൽ നിയന്ത്രണവുമായി ബന്ധപ്പെട്ടതാണ്. പരമ്പരാഗതമായി ഓരോ നിയോജകമണ്ഡലത്തിലെയും വോട്ടർപട്ടികയുടെ തയ്യാറാക്കലിലും പരിപാലനത്തിലും ഇലക്‌ട്രറൽ രജിസ്‌ട്രഷൻ ഓഫീസർക്ക്‌ (ഇആർഒ) നിയമപരമായ ചുമതലയുണ്ട്.

കേന്ദ്രീകൃത സോഫ്റ്റ്‌വെയർ സംവിധാനങ്ങൾ ഇആർഒ മാരുടെ തീരുമാനങ്ങളെ മറികടക്കുകയോ അവരുടെ പ്രവേശനം പരിമിതപ്പെടുത്തുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടായതായി രണ്ട് കമീഷണർമാരും ആശങ്ക രേഖപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്‌. ഇവിടെ ഉയരുന്ന ചോദ്യം ഒരു പൗരന്റെ വോട്ടവകാശം തീരുമാനിക്കുന്നത് നിയമപ്രകാരം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനാണോ, അതോ ഒരു അദൃശ്യ സോഫ്റ്റ്‌വെയർ സംവിധാനമാണോ എന്നതാണ്‌. സാങ്കേതികവിദ്യയെ തന്നെ അന്തിമ അധികാരകേന്ദ്രമായി മാറ്റിയതിനുപിന്നിൽ ഏത്‌ അജ്ഞാത ശക്തിയാണെന്ന്‌ അറിയേണ്ടതുണ്ട്‌. ഒരു ഉദ്യോഗസ്ഥന്റെ തീരുമാനത്തെ സോഫ്റ്റ്‌വെയർ മറികടന്നാൽ അതിനെതിരെ ആരെയാണ് സമീപിക്കേണ്ടത്. ഇവയ്ക്ക് വ്യക്തമായ ഉത്തരമില്ലെങ്കിൽ ഡിജിറ്റൽ സംവിധാനത്തിന്റെ കാര്യക്ഷമതയെക്കാൾ പ്രധാനപ്പെട്ടത് അതിൽമേലുള്ള സംശയമാണ്‌. ​ പശ്ചിമബംഗാളിലെ സാഹചര്യം ഈ ആശങ്കകൾക്ക് മറ്റൊരു ഗൗരവം നൽകുന്നു. എസ്‌ഐആറിൽ 27.16 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയതായി തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. അവരിൽ 22.21 ലക്ഷം പേർ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അപ്പീൽ നൽകി. ആകെ 38.31 ലക്ഷം അപ്പീലുകളാണ് ട്രിബ്യൂണലുകൾക്ക് ലഭിച്ചത്. എന്നാൽ അഞ്ച് മാസത്തിനിടെ 1,26,194 കേസുകൾ മാത്രമാണ് തീർപ്പാക്കിയത്‌. നിലവിലെ വേഗത തുടരുകയാണെങ്കിൽ ബാക്കിയുള്ള കേസുകൾ തീർക്കാൻ പന്ത്രണ്ട്‌ വർഷം വേണ്ടിവരും. ഒരു പൗരന്റെ വോട്ടവകാശം പുനഃസ്ഥാപിക്കാൻ പന്ത്രണ്ട് വർഷം കാത്തിരിക്കേണ്ട സാഹചര്യം ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളുമായി പൊരുത്തപ്പെടുമോ എന്ന ചോദ്യം സ്വാഭാവികം. ഭരണഘടനയുടെ 324-ാം അനുച്ഛേദം തെരഞ്ഞെടുപ്പുകളുടെ മേൽനോട്ടം, നിയന്ത്രണം, നിർദേശം എന്നിവ തെരഞ്ഞെടുപ്പ് കമീഷനിൽ നിക്ഷിപ്തമാക്കുന്നു.

കമീഷനിൽ ചീഫ് ഇലക്‌ഷൻ കമീഷണറും മറ്റ് തെരഞ്ഞെടുപ്പ് കമീഷണർമാരുമാണുള്ളത്. ചീഫ് ഇലക്‌ഷൻ കമീഷണർ ആണ് ചെയർമാൻ. ചെയർമാന്‌ നേതൃത്വം നൽകാനുള്ള സ്ഥാനമുണ്ടെങ്കിലും കമീഷന്റെ കൂട്ടായ തീരുമാനപ്രക്രിയയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഒഴിവാക്കാനാവില്ല. തുല്യരിൽ ഒന്നാമൻ എന്ന ഭരണഘടനാപരമായ ആശയം ഏകപക്ഷീയമായ അധികാര കേന്ദ്രമാക്കാൻ പാടില്ല. രണ്ട് കമീഷണർമാർ ഒരേ വിഷയങ്ങളിൽ ആവർത്തിച്ച് രേഖാമൂലം എതിർപ്പ് പ്രകടിപ്പിക്കുകയും ആശങ്ക കാബിനറ്റ് സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും റിപ്പോർട്ട് പുറത്തുവന്നു. എതിർപ്പ്‌ പ്രകടിപ്പിച്ചു നൽകിയ രേഖകൾ പരസ്യമാക്കുകയാണ്‌ വേണ്ടത്‌. കമീഷൻ ആരോപണങ്ങളെ നിഷേധിച്ചിട്ടില്ല. വ്യത്യസ്‌ത അഭിപ്രായങ്ങൾ സ്ഥാപനത്തിലെ തീരുമാനപ്രക്രിയയുടെ ഭാഗമാണെന്ന്‌ കമീഷൻ തന്നെ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ ഉയർന്നുവന്ന ആശങ്കകൾ പരിഹരിച്ചുവെന്നതിൽ വ്യക്തമായ വിശദീകരണം നൽകിയിട്ടുമില്ല. വോട്ടർപട്ടികയിലെ ഒരു തെറ്റ് തിരുത്താൻ കഴിയും. ഒരു സോഫ്റ്റ്‌വെയർ പിഴവ് പരിഹരിക്കാം. ഒരു ഉദ്യോഗസ്ഥന്റെ തീരുമാനം അപ്പീലിലൂടെ മാറ്റാം. എന്നാൽ തെരഞ്ഞെടുപ്പ് കമീഷനെക്കുറിച്ചുള്ള ജനവിശ്വാസം തകർന്നാൽ അതിന്റെ പുനർനിർമാണം അത്ര എളുപ്പമല്ല. അതുകൊണ്ടാണ് എസ്‌ഐആറി-നെക്കുറിച്ചുള്ള ഇപ്പോഴത്തെ ചർച്ചയെ കേവലം വോട്ടർപട്ടിക പരിഷ്‌കരണം എന്ന സാങ്കേതിക വിഷയമായിമാത്രം കാണാൻ കഴിയില്ല. ആരാണ് വോട്ട് ചെയ്യുന്നത് എന്ന്‌ തീരുമാനിക്കുന്ന സ്ഥാപനത്തിന്, സ്വന്തം തീരുമാനങ്ങൾ എങ്ങനെയാണ് എടുക്കുന്നതെന്ന് ജനങ്ങളോട് പറയാൻ ബാധ്യതയുണ്ട്. സുപ്രീംകോടതി എസ്‌ഐആർ നടത്താനുള്ള കമീഷന്റെ അധികാരം അംഗീകരിച്ചിട്ടുണ്ടെങ്കിലും, അതേ വിധി നിയമാനുസൃതമായ നടപടിക്രമങ്ങളും ആവശ്യമായ സംരക്ഷണങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യവും വ്യക്തമാക്കുന്നു. നിലവിലുള്ള വോട്ടർപട്ടികയിലെ പേരുകൾ എളുപ്പത്തിൽ മാറ്റരുതെന്നും നടപടികൾക്ക് മതിയായ നിയമപരമായ സംരക്ഷണം വേണമെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ട് നീക്കംചെയ്യപ്പെട്ട ഓരോ പേരിനും രേഖാമൂലമുള്ള കാരണം, ഓരോ തീരുമാനത്തിനും ഉത്തരവാദിയായ അധികാരി, ഓരോ സോഫ്റ്റ്‌വെയർ ഇടപെടലിനും ഓഡിറ്റിംഗ്‌, ഓരോ അപ്പീലിനും സമയബന്ധിതമായ പരിഹാരം, ഓരോ കമീഷണറുടെയും വിയോജിപ്പിനും സ്ഥാപനപരമായ മറുപടി എന്നിവയെല്ലാം ഉറപ്പാക്കേണ്ടതാണ്‌. തെരഞ്ഞെടുപ്പ് കമീഷന്റെ സ്വാതന്ത്ര്യം അധികാരത്തിലിരിക്കുന്നവർക്കും അധികാരത്തിന് പുറത്തുള്ളവർക്കും ഒരുപോലെ ആവശ്യമായ ജനാധിപത്യ സുരക്ഷയാണ്. ഇന്ന് ഒരാളുടെ പേര് പട്ടികയിൽ നിന്ന് നീക്കംചെയ്യപ്പെടാം. നാളെ മറ്റൊരാളുടേത്. അതുകൊണ്ട് ചോദ്യം ആരുടെ വോട്ട് എന്നതല്ല. മറിച്ച്‌ ഓരോ അർഹനായ പൗരന്റെയും വോട്ട് സുരക്ഷിതമാണോ എന്നതാണ്. ഓരോ അർഹനായ പൗരനും തന്റെ പേര് വോട്ടർപട്ടികയിൽ ഉണ്ടെന്നും, അത് നിയമവിരുദ്ധമായോ സുതാര്യമല്ലാത്ത രീതിയിലോ ഇല്ലാതാക്കപ്പെടില്ലെന്നും വിശ്വസിക്കാൻ കഴിയുമ്പോഴാണ് ജനാധിപത്യം യഥാർഥത്തിൽ സുരക്ഷിതമാകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home