ad
Deshabhimani

പത്ത് കൊല്ലംമുൻപ് പുറ്റിങ്ങൽ ദുരന്തം; അന്ന് പൊലിഞ്ഞത് 110 ജീവൻ

Puttingal Blast

ദുരന്തഭൂമിയായ പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്ര മൈതാനം (ഫയൽ)

വെബ് ഡെസ്ക്

Published on Apr 21, 2026, 08:15 PM | 2 min read

തിരുവനന്തപുരം: രാജ്യം നടുങ്ങിയ പുറ്റിങ്ങൽ ദുരന്തം സംഭവിച്ച് പത്ത് വർഷങ്ങൾക്ക് ശേഷമാണ് തൃശൂർ മുണ്ടത്തിക്കോട്‌ പാടത്തും വെടിക്കെട്ട് ദുരന്തം ആവർത്തിച്ചത്. കൊല്ലം പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് സമാപനം കുറിച്ച് നടന്ന വെടിക്കെട്ടിനിടെ ഉണ്ടായ സ്ഫോടനമാണ് അന്ന് വൻ ദുരന്തത്തിൽ കലാശിച്ചത്.


110 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 656 പേർക്ക് പരിക്കേറ്റു. അതിൽ അഞ്ഞൂറോളം പേരുടെ പരിക്ക്‌ ഗുരുതരമായിരുന്നു. ദുരന്തത്തിൽ 358 വീടുകൾക്ക്‌ നാശനഷ്ടമുണ്ടായി. റവന്യൂ അധികൃതർ കണക്കാക്കിയിട്ടുള്ള നഷ്ടം 2.58 കോടി രൂപയാണ്.


2016 ഏപ്രിൽ 10 ന് പുലർച്ചെ 3.11നായിരുന്നു സ്ഫോടനം. 356വീടിനു കേടുപാടുണ്ടായി. കെഎസ്ഇബിക്ക് 58ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി. ദുരന്തം നടന്ന് 10 വർഷം കഴിയുമ്പോഴും സ്ഫോടനത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ്‌ പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി.


ക്രൈംബ്രാഞ്ച്‌ 1734/2023 നമ്പരിൽ ചാർജ് ചെയ്ത് അന്വേഷണം നടത്തിയ കേസിൽ കുറ്റപത്രം പരവൂർ കോടതിയിൽ സമർപ്പിച്ചു. ഇത് പിന്നീട് ജില്ലാ സെഷൻസ് കോടതിക്ക് കൈമാറി. ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ 59 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ 15 പേർ മരിച്ചു.


ഒന്നും മൂന്നു മുതൽ ഒമ്പത് വരെയും 11 മുതൽ 16 വരെയും 18 മുതൽ 21 വരെയും പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. ഒന്നു മുതൽ 15 വരെയുള്ള പ്രതികൾ ക്ഷേത്ര ഭരണസമിതി ഭാരവാഹികളാണ്. 16 മുതൽ 20 വരെയുള്ള പ്ര്രതികൾ വെടിക്കെട്ടുകാരാണ്. 21 –-ാം പ്രതി വെടിക്കെട്ടിന് നേതൃത്വം നൽകിയയാളാണ്. 22 മുതൽ 25 വരെയും 28 മുതൽ 41 വരെയും 41 മുതൽ 55 വരെയുമുള്ള പ്രതികൾ വെടിക്കെട്ട്‌കാരുടെ തൊഴിലാളികളുമാണ്. 57 മുതൽ 59 വരെയുള്ള പ്രതികൾ വെടിക്കെട്ടുകാർക്ക് സ്ഫോടക വസ്തുക്കൾ വിതരണം ചെയ്തവരുമാണ്. ആയിരത്തിലധികം പേർ സാക്ഷികളായുണ്ട്‌.


​വിചാരണയ്ക്ക് പ്രത്യേക 
കോടതി


​കേസിന്റെ വേഗത്തിലുള്ള വിചാരണയ്ക്കായി സംസ്ഥാന സർക്കാരിന്റെ നിർദേശാനുസരണം ഹൈക്കോടതി കൊല്ലത്ത് പ്രത്യേക കോടതി സ്ഥാപിച്ചു. കൊല്ലം ടി എം വർഗീസ് സ്മാരക ലൈബ്രറി ഹാളിലാണ് കോടതി പ്രവർത്തിക്കുന്നത്. കേസിന്റെ പ്രാരംഭ വിചാരണ നടപടികൾ ശനിയാഴ്ചകളിൽ ഇവിടെയാണ് നടക്കുന്നത്. പ്രത്യേക കോടതി സ്ഥാപിച്ചെങ്കിലും സ്ഥിരം ജഡ്ജിയെ നിയമിച്ചിട്ടില്ല. കൊല്ലം അഡീഷണൽ ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് കോടതി ജഡ്ജി എം സി ആന്റണിക്കാണ് പ്രത്യേക കോടതിയുടെ താൽക്കാലിക ചുമതല.


വിചാരണയുടെ ഭാഗമായി കേസിലെ 30–-ാം പ്രതി അടൂർ സ്വദേശി അനുരാജിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജിയിൽ വിശദമായ വാദം കേട്ട ശേഷം 55 മുതൽ 57 വരെയുള്ള പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. ബാക്കി പ്രതികൾക്ക് എല്ലാം കോടതി കുറ്റപത്രം കൈമാറി. കേസ് 31ലേക്ക് മാറ്റിയിരിക്കുകയാണ്. സ്പെഷൽ പ്രോസിക്യൂട്ടർ പാരിപള്ളി രവീന്ദ്രന്റെ നിര്യാണത്തെ തുടർന്ന്‌ അഡ്വ. കെ പി ജബ്ബാറിനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു.


തൃശൂർ പൂരത്തിലെ നാലാം അപകടം


തൃശൂർ പൂരത്തോടനുബന്ധിച്ച്‌ ഉണ്ടാകുന്ന നാലാമത്തെ വെടിക്കെട്ടപകടമാണ്‌ ചൊവ്വാഴ്‌ച മുണ്ടത്തിക്കോട് പാടത്തുണ്ടായത്‌. തൃശൂർപൂരം അപകടങ്ങളിലെ ഏറ്റവും ഉയർന്ന മരണ സംഖ്യയും ഇ‍ൗ അപകടത്തിലാണ്‌.


Mundathikode Fire Blastഅപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നു (ഇടത്), സ്ഫോടനമുണ്ടായ സ്ഥലം (വലത്)


1978ലെ അപകടമാണ്‌ ആദ്യത്തേത്‌. പൂരം പ്രധാന വെടിക്കെട്ടിനിടെ കുഴിയമിട്ട്‌ ലക്ഷ്യം തെറ്റി കാഴ്‌ചക്കാർക്കിടയിലേക്ക്‌ തെറിച്ചുണ്ടായ അപകടത്തിൽ എട്ടുപേർ മരിച്ചു. 2004ൽ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട്‌ ലൈസൻസി കുണ്ടന്നൂർ സുന്ദരൻ സാന്പിൾ വെടിക്കെട്ടിനിടെ കുഴിമിന്നി പൊട്ടിത്തെറിച്ച്‌ മരിച്ചു. 2006 മെയ്‌ നാലിന്‌ പാറമേക്കാവ്‌ വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ച പാടൂക്കാട്‌ ആനപ്പറന്പിലുണ്ടായ സ്‌ഫോടനത്തിൽ ഏഴുപേർ മരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home