Deshabhimani

print edition അച്ഛാ, ഞാൻ സബ്‌ ഇൻസ്‌പെക്ടറായി

kerala police passing out parade

ഒപ്പമുണ്ടെൻ അച്ഛൻ... സബ് ഇൻസ്പെക്ടർമാരുടെ പാസിങ്‌ ഔട്ട് പരേഡിൽ പൊലീസ്‌ സേനയുടെ ഭാഗമായ എസ്‌ഐ എം ആർ രേഷ്‌മ അന്തരിച്ച പിതാവ്‌ പി മണിയുടെ ചിത്രം കൈയിലേന്തി അമ്മ രാധാമണിയെ ചേർത്തുപിടിച്ച്‌ ആഹ്ലാദചുംബനം നൽകുന്നു... ഫോട്ടോ : സുരേന്ദ്രൻ മടിക്കൈ

avatar
കെ എ നിധിൻ നാഥ്​

Published on Nov 18, 2026, 12:45 AM | 1 min read

തൃശൂർ : ‘ആരും കരയാൻ പാടില്ലെ’ന്ന്‌ പറഞ്ഞാണ്‌ പാസിങ് ഒ‍ൗട്ട്‌ പരേഡിനുശേഷം എം ആർ രേഷ്‌മ കുടുംബാംഗങ്ങൾക്കരികിലെത്തിയത്‌. എന്നാൽ പൊലീസ്‌ യൂണിഫോമിലെത്തിയ മകൾ അമ്മ രാധാമണിയെ ചേർത്തുപിടിച്ച്‌ അച്ഛൻ പി മണിയുടെ ചിത്രം കൈയിലെടുത്തപ്പോൾ കുടുംബാംഗങ്ങളുടെ കണ്ണ്‌ നിറഞ്ഞു. ഇ‍ൗ നിമിഷത്തിൽ ഏറ്റവും സന്തോഷവാനായി നിൽക്കേണ്ട അച്ഛൻ കൂടെയില്ലെന്നോർത്തപ്പോൾ അവർക്ക്‌ കരച്ചിലടക്കാനായില്ല. അച്ഛന്റെ ഫോട്ടോയുമായാണ്‌ കുടുംബം പരേഡ്‌ കാണാനെത്തിയത്‌. ‘പാസിങ്‌ ‍ഒ‍ൗട്ട്‌ പരേഡിന്‌ കുടുംബസമേതം വരണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. എല്ലാവരെയും കൊണ്ടുപോകുമെന്ന്‌ പറയുകയും ചെയ്‌തിരുന്നു’. ആഹ്ലാദത്തിനിടയിലും മനസ്സുപിടഞ്ഞ്‌ രേഷ്‌മ പറഞ്ഞു.


മകൾക്ക്‌ എസ്‌ഐ സെലക്‌ഷൻ കിട്ടിയപ്പോൾ ഏറെ സന്തോഷിച്ചത്‌ റിട്ട. എഎസ്‌ഐയായിരുന്ന മണിയായിരുന്നു. മകൾക്കൊരു സല്യൂട്ടും മനസ്സിൽ കണ്ടു. എന്നാൽ സംഭവിച്ചത്‌ മറ്റൊന്ന്‌. രേഷ്‌മയുടെ സബ്‌ ഇൻസ്‌പെക്ടർ പരിശീലനത്തിനിടെ ജനുവരി 25ന്‌ മണി മരിച്ചു. പൊലീസുകാരനായ അച്ഛനെ കണ്ട്‌ വളർന്ന മകൾക്ക്‌ പൊലീസാവുക എന്ന ഒറ്റ മോഹമേ ഉണ്ടായിരുന്നുള്ളൂ. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ രേഷ്‌മ തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിൽനിന്ന്‌ ബിഎഎംഎസ്‌ പഠനം പൂർത്തിയാക്കി. ഡോക്ടറായി സേവനം അനുഷ്ഠിക്കുന്പോഴും ആ യൂണിഫോം മനസ്സിൽ നിറഞ്ഞു.


മകൻ പിറന്ന സമയത്തെ വിശ്രമഘട്ടത്തിൽ ഡോക്ടർ ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചു. മനസ്സിൽ സൂക്ഷിച്ച പൊലീസ്‌ എന്ന സ്വപ്‌നത്തിനുള്ള തയ്യാറെടുപ്പ്‌ തുടങ്ങി. പിഎസ്‌സി പരീക്ഷ എഴുതി സബ് ഇൻസ്പെക്ടറായി. ചൊവ്വാഴ്‌ച പൊലീസ്‌ അക്കാദമിയിൽ നടന്ന സബ് ഇൻസ്പെക്ടർമാരുടെ പാസിങ്‌ ഒ‍ൗട്ട്‌ പരേഡിൽ സേനയുടെ ഭാഗമായ 89 പേരിലൊരാൾ. ഭർത്താവ്‌ പി വി അശ്വിൻ കാസർകോട്‌ എ ആർ ക്യാമ്പിൽ സിപിഒയാണ്‌. മകൻ: വിഹാൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home