17 ജീവനക്കാർക്ക് മഞ്ഞപ്പിത്തം; മഞ്ചേരിയിലെ ഹോട്ടൽ അടപ്പിച്ചു


സ്വന്തം ലേഖകൻ
Published on Nov 18, 2026, 12:50 AM | 1 min read
മഞ്ചേരി
മഞ്ചേരിയിൽ മഞ്ഞപ്പിത്തം പടരുന്നു. രണ്ടാഴ്ചയ്ക്കിടെ 32 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. നൂറിലധികം പേർ വിവിധ ആശുപത്രിയിൽ ചികിത്സ തേടിയതായി ആരോഗ്യ വകുപ്പ് കണ്ടെത്തി. രോഗവ്യാപനത്തെ തുടർന്ന് ഫർസ ഹോട്ടൽ ആരോഗ്യവകുപ്പ് അടപ്പിച്ചു. ദിവസേന നൂറുകണക്കിന് ആളുകളെത്തുന്ന ഹോട്ടലിലെ 17 ജീവനക്കാർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് ആശങ്ക വർധിപ്പിച്ചു. ഇവിടെനിന്ന് ഭക്ഷണം കഴിച്ചവരിലേക്കും രോഗം പടർന്നിട്ടുണ്ടോയെന്ന് ആശങ്കയുണ്ട്.
ഹോട്ടൽ ജീവനക്കാരടക്കം നിരവധിപേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ചിലർക്ക് ഒരാഴ്ചയോളം ആശുപത്രിയിൽ കഴിയേണ്ടിവന്നു. രോഗലക്ഷണങ്ങളില്ലാത്തവരിൽ നടത്തിയ പരിശോധനയിലും മഞ്ഞപ്പിത്തം കണ്ടെത്തിയിട്ടുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തത്തിന് പുറമെ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗമാണ് രോഗവ്യാപനത്തിന് കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
പൊതുസ്ഥലങ്ങളിലെയും പരിസരങ്ങളിലെയും ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലാത്തതാണ് രോഗവ്യാപനത്തിന് ഇടയാക്കിയത്. സമയബന്ധിതമായി പ്രതിരോധ നടപടികൾ നടപ്പാക്കുന്നതിൽ നഗരസഭയ്ക്കുണ്ടായ വീഴ്ചയാണ് സ്ഥിതി രൂക്ഷമാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു.
നഗരസഭയ്‌ക്കെതിരെ നാട്ടുകാർ
നഗരത്തിൽ മഞ്ഞപ്പിത്തം വ്യാപിക്കുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മഞ്ചേരി നഗരസഭയ്‌ക്ക് വീഴ്‌ചയെന്ന് ആക്ഷേപം. കൃത്യമായി ശുചീകരണം നടക്കാത്തതിനാലാണ് രോഗം വ്യാപിച്ചതെന്നും വിമർശമുണ്ട്.
ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡും സ്ഥാപനങ്ങളിലെ കുടിവെള്ളത്തിന് വാട്ടർ അതോറിറ്റിയുടെ പരിശോധനാ സർട്ടിഫിക്കറ്റും നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും ഇവ ഉറപ്പാക്കാനുള്ള പരിശോധനകൾ കാര്യക്ഷമമല്ല.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ചേർന്ന അടിയന്തരയോഗത്തിൽ സുരക്ഷിതമായ കുടിവെള്ളം ഉറപ്പാക്കാൻ ഡെപ്യൂട്ടി ഡിഎംഒ ഡോ. സുബിൻ നിർദേശിച്ചു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ പ്രദേശങ്ങളിലെ ജലസ്രോതസ്സുകളിൽ ക്ലോറിനേഷൻ നടത്തി. രോഗവ്യാപനത്തിന് കാരണമായ ജലസ്രോതസ്സ് ഏതാണെന്ന് വ്യക്തമായിട്ടില്ല. പുറത്തുനിന്ന് എത്തിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാനും നിർദേശമുണ്ട്.









0 comments