ജനങ്ങളെ പൊള്ളിക്കുന്ന അനുഭവങ്ങൾ

ആദ്യ ആറുമാസം ഒരു സർക്കാരിനെ വിലയിരുത്താൻ മതിയായ കാലയളവാണോ എന്നു ചിന്തിക്കുന്നവരുണ്ടാകും. എന്നാൽ, കഴിഞ്ഞ ആറുമാസംകൊണ്ട് യുഡിഎഫ് സർക്കാർ ഈ നാടിന് നൽകുന്ന സൂചനകളുണ്ട്. അത് ലജ്ജിപ്പിക്കുന്നതും ഭീതിപ്പെടുത്തുന്നതുമാണ്. ജനാധിപത്യസംവിധാനത്തിൽ ഭരണസുതാര്യതയും ജനക്ഷേമവും മറ്റെന്തിനേക്കാളും മുന്നിട്ടുനിൽക്കണം. ഇവ രണ്ടും തൊട്ടുതീണ്ടാത്ത സർക്കാരാണ് നിലവിലുള്ളതെന്ന് ദിവസവും തെളിയിച്ചുകൊണ്ടേയിരിക്കുന്നു. കൂട്ടുകക്ഷികൾതന്നെ ഇക്കാര്യം പരസ്യമായി ആക്ഷേപിച്ചുതുടങ്ങി. സെൽഫികൾ എടുക്കുന്നതുമാത്രമാണ് ജനകീയതയെന്ന് കരുതുന്നവരെ വിടാം. വാക്കുകൾകൊണ്ട് കസർത്ത് കാണിച്ച് ജനങ്ങളെ വിഡ്ഢികളാക്കാനാണ് ശ്രമം. ഒരു കള്ളത്തെ വെള്ളപൂശാൻ വീണ്ടും വീണ്ടും കള്ളങ്ങൾ. സത്യാനന്തരകാല രാഷ്‌ട്രീയ പ്രവർത്തനശൈലിയുടെ പ്രയോക്താക്കളാണ് ഇൗ സർക്കാരിനെ നയിക്കുന്നത്.
അവശ്യസാധനങ്ങളുടെ വിലക്കയറ്റം, ക്ഷേമാനുകൂല്യവിതരണം തടസ്സപ്പെടൽ, ആരോഗ്യ–വൈദ്യുതി മേഖലകളിലെ പ്രതിസന്ധി ഇവയെല്ലാം ജനജീവിതത്തെ ദുരിതപൂർണമാക്കി. റേഷൻ വിതരണംപോലും വിവിധ മേഖലകളിൽ മുടങ്ങിയിരിക്കുന്നു. കൈക്കൂലി സാർവത്രികമായി. നാട് പ്രതിസന്ധികൾ നേരിടുമ്പോൾ അവ പരിഹരിക്കാൻ നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്നുമാത്രമല്ല, ഇതിൽനിന്ന് എങ്ങനെ "നേട്ട'മുണ്ടാക്കാമെന്ന ആലോചനയിലാണ് ഭരണാധികാരികൾ. ഭരണത്തിന്റെ തണലിൽ യുഡിഎഫ് ഘടകകക്ഷി നേതാക്കൾ തട്ടിപ്പിന്റെ പുത്തൻ മേച്ചിൽപ്പുറങ്ങൾ കണ്ടെത്തിയിരിക്കുകയാണ്.
സമഗ്രമായ കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തിൽ എൽഡിഎഫ് സർക്കാരുകൾ നടപ്പാക്കിയ വികസന–ക്ഷേമ പദ്ധതികൾ ഓരോന്നായി അട്ടിമറിക്കുന്നതാണ് ഇൗ സർക്കാരിന്റെ ക്രൂരവിനോദമെന്ന് കരുതേണ്ടിവരുന്നു. കിഫ്‌ബിയുടെ പ്രവർത്തനം തടസ്സപ്പെടുത്തിയ സർക്കാർ, ഇപ്പോൾ കേരള ബാങ്കിനുനേരെ തിരിഞ്ഞിരിക്കുകയാണ്. കുടുംബശ്രീയുടെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും പ്രവർത്തനം ദുർബലപ്പെടുത്തുകയാണ്. സ്‌ത്രീസുരക്ഷാ പെൻഷൻ ഇല്ലാതാക്കി. വലിയ ഘോഷത്തോടെ തുടങ്ങിയ "പ്രിയദർശിനി' സംവിധാനം കെഎസ്ആർടിസിയെത്തന്നെ കട്ടപ്പുറത്താക്കുന്നതായി. ക്ഷേമപദ്ധതി ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നു. നിലവിൽ ആനുകൂല്യം കൈപ്പറ്റുന്ന ഗുണഭോക്താക്കളെത്തന്നെ ഏതുവിധത്തിൽ കുറയ്ക്കാമെന്നാണ് പരിശോധിക്കുന്നത്. ജീവനക്കാരെ തോന്നിയപോലെ സ്ഥലംമാറ്റുന്നു, പിരിച്ചുവിടുന്നു. സർക്കാർ ഓഫീസുകളുടെ പ്രവർത്തനവും താറുമാറായി.
വർഗീയശക്തികളുടെ ഇടപെടൽ സമസ്‌തരംഗത്തും യാഥാർഥ്യമായി. ഭരണത്തിന്റെ നിർണായകതലങ്ങളിൽ സംഘപരിവാർ പ്രതിനിധികളെ കടത്തിവിടാൻ സാധിക്കുമോ എന്നതിലാണ് സർക്കാരിന്റെ ഗവേഷണം. ഒരുഭാഗത്ത് വർഗീയവൽക്കരണവും മറുഭാഗത്ത് സ്വകാര്യവൽക്കരണവുമായാണ് ഭരണം മുന്നോട്ടുപോകുന്നത്. സംസ്ഥാനത്തെ ആസൂത്രണപദ്ധതി രൂപീകരണംതന്നെ സ്വകാര്യ മേഖലയ്‌ക്ക് കൈമാറി. അഴിമതി നടത്താൻ അവസരം സൃഷ്ടിക്കലാണ് സർക്കാരിന്റെ ലക്ഷ്യം. അതിന് പറ്റുന്നവരെ തേടിയുള്ള അഭ്യാസങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് മാധ്യമവാർത്തകളിൽനിന്ന് വ്യക്തമാണ്.
വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളിൽ ബിജെപിക്ക് പൂർണമായും വഴങ്ങിയാണ് പ്രവർത്തനം. സർവകലാശാലകളും അക്കാദമിക് സമിതികളും സംഘപരിവാറുകാരുടെ കൂടാരമാക്കി. ആർഎസ്എസ് കേന്ദ്രങ്ങളിൽനിന്നുള്ള ഉത്തരവ് നടപ്പാക്കാൻമാത്രമായി കേരളത്തിലെ ഭരണസംവിധാനം പരിമിതപ്പെട്ടു. വന്ദേമാതരം പൂർണമായി ആലപിച്ച് സത്യപ്രതിജ്ഞ ചെയ്‌ത സർക്കാരിന്റെ നയപ്രഖ്യാപനവും ബജറ്റും കോർപറേറ്റ്–ഹിന്ദുത്വ കേന്ദ്രഭരണത്തിന്റെ പകർപ്പായി മാറി. കേരളത്തിന്റെ പരിസ്ഥിതി ഉൾപ്പെടെ തകർത്ത് പ്രകൃതിവിഭവങ്ങൾ കോർപറേറ്റുകൾക്ക് തീറെഴുതാൻ തിരക്കിട്ട് നിയമനിർമാണങ്ങൾ നടത്തുന്നു. സ്വാശ്രയകോളേജുകളിൽ വിദ്യാഭ്യാസകൊള്ളയ്‌ക്ക് വഴിയൊരുക്കാനും സർക്കാർ അമാന്തം കാട്ടിയില്ല.
അരാജകത്വമാണ് ഇൗ സർക്കാരിന്റെ മറ്റൊരു ലക്ഷണം. മന്ത്രിമാർക്കും മുഖ്യമന്ത്രിക്കുമിടയിൽപ്പോലും പരസ്‌പരവിശ്വാസമില്ലാതായി. വിവിധ വകുപ്പുകളിൽ നടക്കുന്നത് അതത് മന്ത്രിമാർ അറിയുന്നില്ല. ഇക്കാര്യം മന്ത്രിമാർതന്നെ പരസ്യമായി സമ്മതിച്ചു. അവസരം മുതലെടുത്ത് വൈദ്യുതി അടക്കമുള്ള മേഖലകളിൽ നടത്തുന്ന വൻവെട്ടിപ്പുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ക്രമവിരുദ്ധമായ കാര്യങ്ങൾക്ക് സഹകരിക്കാത്ത ഐഎഎസ് ഉദ്യോഗസ്ഥരെ പന്ത് പോലെ അങ്ങോട്ടുമിങ്ങോട്ടും തട്ടുന്നു.
ഭക്ഷണത്തിന് ഉൾപ്പെടെ തീവിലയായതോടെ സാധാരണക്കാർക്ക് ഒരുവിധത്തിലും ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്. വിലക്കയറ്റം നിയന്ത്രിക്കേണ്ട വകുപ്പുകളുടെ ചുമതലക്കാർ ഇപ്പോഴും തെരഞ്ഞെടുപ്പുവിജയത്തിന്റെ ആഘോഷങ്ങളിലാണ്. വോട്ടുതട്ടാൻ അരാജകപ്രവണതകൾക്ക് പച്ചക്കൊടി കാട്ടിയ യുഡിഎഫ് നേതൃത്വം, നിരത്തുകളിൽ ജീവൻ പൊലിയുമ്പോൾ വില കുറഞ്ഞ തമാശകൾ പറഞ്ഞ് രസിക്കുകയാണ്. അവരുടെ തിമിർപ്പുകൾക്കിടയിൽ സാധാരണക്കാരുടെ ജീവിതം ഞെരിഞ്ഞമരുന്നു. ആറുമാസംകൊണ്ട് ശരിക്കും ഭരണമാറ്റം അനുഭവിക്കുകയാണ് ജനങ്ങൾ.







0 comments