ad
Deshabhimani

print edition ഇടുക്കീന്നാണ് ടേക്ക്‌ ഓഫ്‌

Nisimol.jpg
avatar
ആന്‍സ് ട്രീസ ജോസഫ്

Published on Mar 20, 2026, 12:01 AM | 1 min read

തിരുവനന്തപുരം: പൈനാവിലെ ക്വാര്‍ട്ടേഴ്സിന്റെ മുറ്റത്തിരുന്ന് കണ്ട സ്വപ്നം. ആകാശത്തോളം ഉയരെ പറക്കണം... ഇടുക്കികാരിയുടെ സ്വപ്നം ചിറക്‌ വിടർത്തുകയാണ്. ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജിലെ ബസ് ഡ്രൈവറായ റോയിയുടെ മകള്‍ നിസിമോള്‍ വിമാനം പറത്തും. സംസ്ഥാന സര്‍ക്കാരിന്റെ വിങ്സ് സ്കോളര്‍ഷിപ്പ് പദ്ധതിയാണ് നിസിമോളുടെ പൈലറ്റാകാനുള്ള ആഗ്രഹത്തെ പിന്തുണക്കുന്നത്. രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജിയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് നിസി.


"പൈലറ്റ് പരിശീലനത്തിന്റെ ഫീസ് പലര്‍ക്കും താങ്ങാന്‍ കഴിയില്ല. അങ്ങനെയുള്ളവര്‍ക്ക് വലിയ കാര്യമാണ് സ്കോളര്‍ഷിപ്പ്. ഞാന്‍ പോലും പൈലറ്റാവണമെന്ന ആഗ്രഹം അവസാനിപ്പിച്ചതാണ്. പക്ഷേ പഠിക്കാന്‍ അവസരം കിട്ടിയതോടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹത്തിനടുത്ത് എത്തി. എയര്‍പോര്‍ട്ടിനകത്താണ് ക്ലാസ്, ഓരോ ഫ്ലൈറ്റും വന്നിറങ്ങുന്നതും പറന്നുയരുന്നതും കാണുമ്പോഴുള്ള സന്തോഷത്തിന് സര്‍ക്കാരിനോട് നന്ദിയുണ്ട്'– നിസിമോള്‍ പറയുന്നു.


കുട്ടിക്കാലത്ത്‌ മനസില്‍ കയറിയ ആഗ്രഹം കുടുംബത്തിന് സാമ്പത്തിക ബാധ്യത ആകുമെന്ന് കരുതിയാണ് നിസി ബിടെക്കിന് ചേര്‍ന്നത്. കോഴിക്കോട് എന്‍ഐടിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് പ്രവേശനവും നേടി. മൂന്നാം വര്‍ഷം പഠിക്കുമ്പോഴാണ് വിങ്ങ്സ് സ്കോളര്‍ഷിപ്പിനെ കുറിച്ച്‌ അറിഞ്ഞത്. പത്രവാര്‍ത്ത മകള്‍ക്ക് അയച്ചുകൊടുത്തിട്ട്, "ബി‍ടെക് നിര്‍ത്തിക്കോ, ഇവിടെ ചേരാം' എന്ന് പറഞ്ഞുള്ള അച്ഛന്റെ വിളിയെത്തി. അങ്ങനെ പൈലറ്റ് പരിശീലനത്തിന് ചേര്‍ന്നു. ഇടുക്കി വണ്ണപ്പുറം വെണ്‍മണി സ്വദേശിയായ നിസി അച്ഛന്റെ ജോലിയുടെ ഭാഗമായി ഇടുക്കി എന്‍ജീനിയറിങ് കോളേജ് ക്വാര്‍ട്ടേഴ്സിലാണ് താമസം. അമ്മ മേഴ്സിയും പോളിടെക്നിക് വിദ്യാര്‍ഥിയായ അനിയന്‍ സാമുവലും അടങ്ങുന്നതാണ് കുടുംബം.


പുതിയ
ചിറകുകൾ


പട്ടികവിഭാഗം വിദ്യാർഥികൾക്ക്‌ കൊമേഴ്‌സ്യൽ പൈലറ്റ്‌ കോഴ്‌സ്‌ പഠിക്കാനുള്ള പദ്ധതിയാണ് വിങ്‌സ്‌. വര്‍ഷം ആറ് വിദ്യാര്‍‌ഥികള്‍ക്കാണ് സ്കോളര്‍ഷിപ് നൽകുന്നത്. കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്സിന് 25 ലക്ഷം രൂപയും ആദ്യഘട്ടം പരിശീലനം പൂര്‍ത്തിയായവര്‍ക്ക് അധിക പരിശീലനത്തിനും സ്കോളര്‍ഷിപ്പ് നൽകും. ഒന്നാം പിണറായി സർക്കാർ തുടങ്ങിയ പദ്ധതിയിൽ ഇതിനകം എട്ടു പേർക്ക് സ്കോളർഷിപ് നൽകി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home