print edition വർഗീയതയെ എതിർക്കാൻ കോണ്‍ഗ്രസിനാവില്ല : മുഖ്യമന്ത്രി

പിണറായി വിജയൻ (File)

സ്വന്തം ലേഖകൻ
Published on Mar 30, 2026, 04:47 AM | 1 min read
തിരൂർ: ഒരുതരത്തിലുള്ള വർഗീയതയോടും ചാരിനിൽക്കുന്ന സമീപനം എൽഡിഎഫിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. വർഗീയതയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ ഒരുകാലത്തും കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. പലപ്പോഴും ബിജെപിയുടെ ബി ടീമായാണ് അവർ പ്രവർത്തിച്ചതെന്നും തിരൂർ മണ്ഡലം എൽഡിഎഫ് പൊതുയോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ മതനിരപേക്ഷതയുടെ അടയാളമായ ബാബ്‌റി മസ്ജിദ് തകർക്കാൻ കർസേവകർ വന്നപ്പോൾ പ്രധാനമന്ത്രി നരസിംഹ റാവു നിശ്ശബ്ദനായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കക്ഷിനേതാക്കൾ പ്രധാനമന്ത്രിയെ ഫോണിൽ വിളിച്ചു. ബാബ്‌റി മസ്‌ജിദ് പൂർണമായും തകർന്നശേഷമാണ് ഫോൺ എടുത്തത്. മസ്ജിദ് തകർക്കാൻ കോൺഗ്രസ് ഒത്താശ ചെയ്തു.
സമീപകാലത്ത് പശുവിന്റെ പേരിൽ സംഘപരിവാറുകാർ ആളെക്കൊന്നപ്പോൾ കോൺഗ്രസ് ബി ടീമായി. ഇ എം എസും എ കെ ജിയും മത്സരിച്ചപ്പോള്‍ ജനസംഘവുമായി സഖ്യമുണ്ടാക്കിയ പാരമ്പര്യമാണ് കോൺഗ്രസിന്റേത്. കോൺഗ്രസിന് വലിയ ശക്തിയുണ്ടായിരുന്ന കാലത്തായിരുന്നു ഈ നീക്കങ്ങളെല്ലാം. കുപ്രസിദ്ധമായ കോ-–ലീ–-ബീ സഖ്യം വടകരയിലും ബേപ്പൂരിലും കണ്ടതാണ്. 2016ൽ നേമത്ത് കോൺഗ്രസിന്റെ കുറേവോട്ട് ബിജെപിക്കുപോയി. തൊട്ടടുത്ത മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ജയിച്ചു. ബിജെപി അക്കൗണ്ട് പൂട്ടിക്കുമെന്ന് 2021ൽ ഞങ്ങൾ പരസ്യമായി പറഞ്ഞു. അത് പൂട്ടിച്ചു. തൃശൂരിൽ സുരേഷ്ഗോപി ജയിച്ചപ്പോഴും കോൺഗ്രസിന്റെ നല്ലൊരുഭാഗം വോട്ട് കാണാനില്ല– മുഖ്യമന്ത്രി പറഞ്ഞു.










0 comments