മുഖ്യമന്ത്രി നൽകിയ ഉറപ്പും ലംഘിച്ചു: ആസൂത്രണ ബോർഡിൽ വീണ്ടും സ്ഥലംമാറ്റം

തിരുവനന്തപുരം: മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ ഉറപ്പുലംഘിച്ച് സംസ്ഥാന ആസൂത്രണ ബോർഡിൽ വീണ്ടും മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം. രാഷ്‌ട്രീയ വിയോജിപ്പുകളുടെ പേരിലാണ് നിലവിലുണ്ടായിരുന്ന പൊതുസ്ഥലംമാറ്റം അട്ടിമറിക്കുന്നത്. സംഘടനാ ഭാരവാഹികളെയും പ്രവർത്തകരെയുമാണ് വിദൂര ജില്ലകളിലേക്ക് മാറ്റുന്നത്.
അൻവർ ഹുസൈൻ, എൻ എം രാഗേഷ്, എം മനീഷ് കുമാർ, പി എം പ്രശോഭ എന്നിവരുൾപ്പെടെ ഏഴുപേരെയാണ് കഴിഞ്ഞദിവസം മാറ്റിയത്. വകുപ്പിൽ മാനദണ്ഡമനുസരിച്ചുള്ള പൊതുസ്ഥലംമാറ്റം മാത്രമേ നടത്തൂവെന്ന്, മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ പ്രൊഫ. സി രവീന്ദ്രനാഥിന് നൽകിയ മറുപടിയിൽ പറഞ്ഞിരുന്നു. ആസൂത്രണ ബോർഡിൽ 3/2017 ഉത്തരവുപ്രകാരമാണ് പൊതുസ്ഥലംമാറ്റം നടത്തിയിരുന്നത്. ഇതു യുഡിഎഫ് സർക്കാർ വന്നതോടെ തലങ്ങും വിലങ്ങും മാറ്റി. ഇതിനെതിരായ ഹർജിയിൽ, പൊതുസ്ഥലംമാറ്റം നടത്തണമെന്ന് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ വിധിച്ചിരുന്നു.
ഇതിനുള്ള നടപടി തുടങ്ങിയശേഷം ഹൈക്കോടതിയിൽനിന്ന് സ്‌റ്റേ വാങ്ങി. കെജിഒഎ നേതാക്കളായ സി എം സുധീഷ്‌കുമാർ, ഫിലിപ്പ് വർഗീസ്, ബി എം അനിൽകുമാർ, എസ് സുധി, എ പ്രദീഷ്, പി പ്രവീൺ, കെ ജയ്‌മോൻ, എസ് എസ് ശ്രീദേവി എന്നിവരുടെ സ്ഥലംമാറ്റത്തിനെതിരായ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.









0 comments