print edition ചരക്കുനീക്കം 130 ശതമാനം; ഗ്രാഫ് ഉയർത്തി വിഴിഞ്ഞം

സുനീഷ് ജോ
Published on Apr 23, 2026, 12:01 AM | 1 min read
തിരുവനന്തപുരം : പശ്ചിമേഷ്യ അശാന്തമായി തുടരവെ വളർച്ചയുടെ ഗ്രാഫ് ഉയർത്തി വിഴിഞ്ഞം തുറമുഖം. ഡിസംബർ മുതൽ മാർച്ചുവരെ ഒരുഘട്ടത്തിലും ചരക്ക് കൈകാര്യം ചെയ്യുന്നതിൽ തുറമുഖം പിന്നോട്ടുപോയില്ല. മാർച്ചിൽ 62 കപ്പൽ തുറമുഖത്ത് എത്തി. ഇതിൽനിന്നായി 1.19 ലക്ഷം ടിഇയു കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്‌തു. ഡിസംബറിൽ 59 കപ്പലിൽനിന്നായി 1.03 ലക്ഷവും ജനുവരിയിൽ 62 കപ്പലിൽനിന്നായി 1.23 ലക്ഷവും ഫെബ്രുവരിയിൽ 59 കപ്പലിൽനിന്നായി 1.11 ലക്ഷവും ടിഇയു കണ്ടെയ്നറുകളാണ് കൈകാര്യം ചെയ്തത്.
കൈകാര്യശേഷിയുടെ 130 ശതമാനമാണ് വിഴിഞ്ഞത്ത് ചരക്കുനീക്കം. ഒന്നാംഘട്ടത്തിൽ 10 ലക്ഷം ടിഇയു ആണെങ്കിലും അത് 13 ലക്ഷംവരെ ഉയർന്നു. മെർസ്‌ക് ഉൾപ്പെടെ വിവിധ ഷിപ്പിങ് കന്പനികൾ തുറമുഖത്തെ സമീപിക്കുന്നുണ്ടെങ്കിലും കണ്ടെയ്‌നർ സൂക്ഷിക്കാൻ സ്ഥലമില്ലെന്നുകാട്ടി നിരസിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ആവശ്യമെങ്കിൽ കണ്ടെയ്‌നർ യാർഡിന് തുറമുഖത്തിനുസമീപം സ്ഥലം പാട്ടത്തിന് എടുക്കാൻ കേന്ദ്ര ക്രൈസിസ് മാനേജ്‌മെന്റ് നിർദേശിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും തിരക്കേറിയ കിഴക്ക്- പടിഞ്ഞാറ് കപ്പൽപ്പാതയിലാണെന്നതാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രസക്തി. യൂറോപ്പിനെയും പേർഷ്യൻ ഗൾഫിനെയും ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയിൽനിന്ന് വെറും 18 കിലോമീറ്റർ അകലെയാണ് വിഴിഞ്ഞം. സൂയസ് കനാൽവഴി വരുന്ന കപ്പുലുകൾക്കും മലാക്ക കടലിടുക്കുവഴി പോകുന്നവയ്ക്കും ഇടത്താവളമായി ഉപയോഗിക്കാൻ പറ്റിയ മികച്ച സ്ഥലമാണ്.
മൂന്നുപാതകളിലൂടെയാണ് രാജ്യത്തേക്കുള്ള ചരക്കുനീക്കം. ഏറ്റവും തിരക്കേറിയ പടിഞ്ഞാറൻ പാതയിലൂടെയാണ് (പേർഷ്യൻ ഉൾക്കടൽ, ചെങ്കടൽ വഴി) ഹോർമുസ് കടലിടുക്ക് കടന്ന് സൗദി, യുഎഇ, ഇറാഖ് എന്നിവിടങ്ങളിൽനിന്നുള്ള എണ്ണക്കപ്പലുകളടക്കം വരുന്നത്. ചൈന, ജപ്പാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള കപ്പലുകൾ എത്തുന്ന കിഴക്കൻപാതയും (മലാക്ക കടലിടുക്ക് വഴി) ആഫ്രിക്കൻ ചരക്കുകൾ എത്തുന്ന തെക്കൻപാതയുമാണ് (ആഫ്രിക്കൻ തീരം വഴി) മറ്റുള്ളവ.










0 comments