വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു, 10 ലക്ഷം തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ

ശ്രീജിത്ത്
കാഞ്ഞങ്ങാട്: വിവാഹ വാഗ്ദാനം നൽകി 39കാരിയെ പീഡിപ്പിക്കുകയും 10 ലക്ഷം രൂപയിലധികം തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. മടിക്കൈ ആലയിൽ സ്വദേശിയായ ശ്രീജിത്ത് (42) നെയാണ് അമ്പലത്തറ പൊലീസ് ഇൻസ്പെക്ടർ ഒ സി. ഷാജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. വിവാഹബന്ധം വേർപെടുത്തി മലയോര മേഖലയിൽ താമസിച്ചിരുന്ന യുവതിയുമായി പ്രണയബന്ധം സ്ഥാപിച്ച ശേഷം വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് വിവിധ സ്ഥലങ്ങളിലെ ഹോട്ടലുകളിൽ കൊണ്ടുപോയി പലതവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
വിവാഹ വാഗ്ദാനത്തിന്റെ മറവിൽ യുവതിയിൽ നിന്ന് വലിയ സാമ്പത്തിക നേട്ടങ്ങളും പ്രതി കൈവശപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. യുവതിയുടെ പേരിലുണ്ടായിരുന്ന വീട് നിർബന്ധിച്ച് വിൽപ്പന നടത്തിച്ച ശേഷമാണ് പ്രതി മറ്റൊരു സ്ഥലത്ത് ചെറിയ വീടും സ്ഥലവും വാങ്ങാൻ പ്രേരിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് ബാക്കിയുണ്ടായിരുന്ന തുകയും പുതുതായി വാങ്ങിയ വീടും സ്ഥലവും ബാങ്കിൽ പണയം വെപ്പിച്ചും വിവിധ ആവശ്യങ്ങൾ പറഞ്ഞും 10 ലക്ഷം രൂപ പ്രതി കൈപ്പറ്റിയതായാണ് ആരോപണം.
പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്ന് ശ്രീജിത്ത് പിന്മാറിയതോടെയാണ് യുവതി അമ്പലത്തറ പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, നേരത്തെ പുങ്ങംചാൽ സ്വദേശിനിയെ വിവാഹം ചെയ്തിരുന്ന ശ്രീജിത്ത് പിന്നീട് ആ ബന്ധത്തിൽ നിന്നും പിന്മാറിയിരുന്നുവെന്നും ആ ബന്ധത്തിൽ ഒരു കുട്ടിയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.










0 comments