ad
Deshabhimani

യുഎസ് ഓപ്പണിൽ ആദ്യ റൗണ്ടിൽ തോറ്റ് ജോക്കോവിച്ച് പുറത്ത്; മുൻ ചാമ്പ്യനെ അട്ടിമറിച്ച് അർജീന താരം

Novak

നോവാക് ജോക്കോവിച്ച്| Photo:AP

വെബ് ഡെസ്ക്

Published on Aug 31, 2026, 10:05 AM | 1 min read

ന്യൂയോർക്ക് : യുഎസ് ഓപ്പൺ ടെന്നീസിന്റെ ആദ്യ റൗണ്ടിൽ നോവാക് ജോക്കോവിച്ച് തിരിച്ചടി. 24 ഗ്രാൻഡ്സ്‌ലാം കിരീടങ്ങളുടെ ഉടമയായ സെർബിയൻ ഇതിഹാസം നോവാക് ജോക്കോവിച്ച് ആദ്യ റൗണ്ടിൽ തോറ്റ് പുറത്തായി. അർജന്റീനയുടെ 25കാരനായ മരിയാനോ നവോണാണ് നാലാം സീഡായ ജോക്കോവിച്ചിനെ വീഴ്ത്തിയത്. നാല് മണിക്കൂറും 36 മിനിറ്റും നീണ്ട അഞ്ച് സെറ്റ് പോരാട്ടത്തിനൊടുവിലായിരുന്നു അർജന്റീന താരത്തിന്റെ വിജയം. സ്‌കോർ: 7-6 (5), 5-7, 4-6, 6-2, 6-1.


ജോക്കോവിച്ചിന്റെ കരിയറിലെ ഏറ്റവും ദൈർഘ്യമേറിയ ആദ്യ റൗണ്ട് മത്സരമായിരുന്നു ഇത്. 2006ലെ ഓസ്‌ട്രേലിയൻ ഓപ്പണിന് ശേഷം ഒരു ഗ്രാൻഡ്സ്ലാമിൽ ജോക്കോവിച്ച് ഇത്രയും നേരത്തെ പുറത്താകുന്നത് ഇതാദ്യമാണ്. കൂടാതെ യുഎസ് ഓപ്പണിന്റെ ചരിത്രത്തിൽ താരം ആദ്യ റൗണ്ടിൽ തോൽക്കുന്നതും ആദ്യമായാണ്.


ശാരീരിക അസ്വസ്ഥതകളും ഫിറ്റ്‌നസ് പ്രശ്നങ്ങളും ജോക്കോവിച്ചിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചു. മത്സരത്തിലുടനീളം 70 അൺഫോഴ്‌സ്ഡ് എററുകളാണ് താരം വരുത്തിയത്.


നടുവേദനയെത്തുടർന്ന് മെഡിക്കൽ ടൈംഔട്ട് തേടേണ്ടി വന്ന ജോക്കോവിച്ച്, അവസാന സെറ്റുകളിൽ പൂർണ്ണമായും തളരുകയായിരുന്നു. യുഎസ് ഓപ്പണിൽ അരങ്ങേറി കൃത്യം 21 വർഷം തികയുന്ന ദിനത്തിലാണ് 39കാരനായ ജോക്കോവിച്ചിന് ഈ അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home