ഓണം കഴിഞ്ഞതേയുള്ളൂ, പരിധിവിട്ട് കടമെടുപ്പ്; 1800 കോടി രൂപ കൂടി കടമെടുക്കാൻ സർക്കാർ

തിരുവനന്തപുരം: ഓണക്കാലം കഴിഞ്ഞതിന് പിന്നാലെ സംസ്ഥാന സർക്കാർ 1800 കോടി രൂപ കൂടി വീണ്ടും കടമെടുക്കുന്നു. കടപ്പത്ര ലേലം ചൊവ്വാഴ്ച നടക്കും. മൂന്ന് മാസത്തിനിടെ ഏഴാമത്തെ കടമെടുപ്പാണ് യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്നത്.
യുഡിഎഫ് സർക്കാർ ഭരണം നൂറ് ദിവസം പിന്നുടുമ്പോഴേക്കും കടമെടുപ്പ് എല്ലാം പരിധിയും വിട്ട് പോവുകയാണ്. നിലവിൽ സംസ്ഥാനത്തിന്റെ കടവും ബാധ്യതകളും 26,461.75 കോടിയാണ്. ഡിസംബർവരെ കേരളത്തിന് എടുക്കാവുന്ന വായ്‌പാപരിധി 32,464 കോടിയാണെന്നിരിക്കെയാണ് വീണ്ടും 1800 കോടി രൂപ കൂടി കടമെടുക്കുന്നത്. വായ്പാ പരിധിയുടെ പകുതിയലധികം എടുത്തതോടെ സംസ്ഥാനം അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.
ശമ്പളം, പെൻഷൻ തുടങ്ങിയ വലിയ ചെലവുകൾകൂടാതെ വികസനാവശ്യങ്ങൾക്കും പണം കണ്ടെത്താതിരിക്കുമ്പോൾ സംസ്ഥാനം വലിയ ഭരണസ്‌തംഭനത്തെ നേരിടേണ്ടിവരും. സംസ്ഥാന ഖജനാവിൽ പൂച്ച പെറ്റുകിടക്കുകയാണെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ പണംകൊണ്ടു നിറയ്‌ക്കുമെന്നുമായിരുന്നു വി ഡി സതീശന്റെ വാഗ്‌ദാനം. ഭരണത്തിലേറി മൂന്നുമാസം കഴിഞ്ഞപ്പോഴേക്കും അത് പൊള്ളയെന്ന് തെളിഞ്ഞു. എന്തുകൊണ്ട് നികുതി പിരിച്ച ഖജനാവ് നിറയ്ക്കുന്നില്ല എന്ന ചോദ്യം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു.
കഴിഞ്ഞവർഷം ഏപ്രിൽ മുതൽ ഡിസംബർവരെ 29,500 കോടിയായിരുന്നു വായ്‌പയെടുക്കാനുള്ള അനുമതി. ഇൗ വർഷം 32,464 കോടിയായത് കഴിഞ്ഞ സാമ്പത്തികവർഷത്തെ മൊത്ത ആഭ്യന്തരോൽപാദന (ജിഎസ്‌ഡിപി) വളർച്ചയുടെ ഫലമാണ്. ജിഎസ്‌ഡിപിയുടെ മൂന്ന് ശതമാനമാണ് പൊതുവിപണിയിൽനിന്ന് കടമെടുക്കാനാവുക.









0 comments