കാറിൽ വെന്തുമരിച്ചത് ഏറ്റുമാനൂർ സ്വദേശി; വീട്ടുകാരുമായി പിണങ്ങി തിരുവനന്തപുരത്ത് എത്തി

വെങ്ങാനൂരിൽ ഓടിക്കൊണ്ടിരിക്കെ തീപിടിച്ച കാർ
തിരുവന്തപുരം: തിരുവന്തപുരം വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് മരിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞു. കോട്ടയം ഏറ്റുമാനൂർ സ്വദേശി ടൈറ്റസ് കുര്യനാണ് മരിച്ചത്. മുൻ സൈനികനാണ് ഇദ്ദേഹം.
ഞായർ രാത്രി വീട്ടുകാരുമായി പിണങ്ങിയാണ് ഇദ്ദേഹം കോട്ടയത്തുനിന്ന് തിരുവന്തപുരത്തേക്ക് എത്തിയതെന്നാണ് വിവരം. വിഴിഞ്ഞത്തുനിന്ന് വെങ്ങാനൂർ ഭാഗത്തേക്ക് വരികയായിരുന്നു.
തിങ്കൾ പുലർച്ചെ അഞ്ചരയോടെയാണ് അയ്യങ്കാളി സ്കൂളിന് സമീപത്തുവെച്ച് കാറിന് തീപിടിച്ചത്. റോഡിന് നടുവിൽവെച്ച് വാഹനത്തിന് മുന്നിൽ തീപടരുകയും പിന്നീട് റിവേഴ്സ് വന്ന് റോഡിനോട് ചേർന്നുള്ള മതിലിന് സമീപംനിന്ന് കാർ കത്തിയമരുകയുമായിരുന്നു. പ്രദേശവാസികളാണ് തീ കത്തുന്നത് ആദ്യം കണ്ടത്. പിന്നീട് ഫയർഫോഴ്സ് എത്തി തീ അണച്ചു.
വാഹനം പൂർണമായി കത്തിയമർന്നതോടെ നമ്പർ പ്ലേറ്റും മറ്റ് രേഖകളും നശിച്ചിരുന്നു. പിന്നീട് വാഹനത്തിന്റെ ചേസിസ് നമ്പർ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഉടമയെ തിരിച്ചറിഞ്ഞത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.
KLO5 AV 3686 എന്ന നമ്പരിലുള്ള റെനോൾട്ട് ക്വിഡ് കാറിനാണ് തീപിടിച്ചത്. വാഹനത്തിന് എങ്ങനെയാണ് തീപിടിച്ചതെന്നതിൽ ഫോറൻസിക് പരിശോധന നടത്തും.









0 comments