print edition തിരുവസ്ത്രമണിഞ്ഞ് പുറത്തിറങ്ങാവുന്ന നാട് കേരളംമാത്രമെന്ന് ഫാ. പാംപ്ലാനിയും സമ്മതിച്ചു: എം വി ഗോവിന്ദൻ

തളിപ്പറമ്പ്: കന്യാസ്ത്രീകൾക്ക് തിരുവസ്ത്രമണിഞ്ഞ് സ്വതന്ത്രമായും ഭയക്കാതെയും പുറത്തിറങ്ങി നടക്കാവുന്ന ഏക ദേശം കേരളംമാത്രമാണെന്ന് ഫാ. പാംപ്ലാനി തന്നെ തുറന്നുസമ്മതിച്ചെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.
കേരളംകഴിഞ്ഞ് കർണാടകത്തിലെത്തുമ്പോഴേക്കും തിരുവസ്ത്രം അഴിച്ചുമാറ്റി നടക്കേണ്ട അവസ്ഥയിലാണെന്നും പാംപ്ലാനി പറഞ്ഞിട്ടുണ്ട്. എല്ലാത്തരം വർഗീയതകൾക്കെതിരെയും മതനിരപേക്ഷ ഉള്ളടക്കത്തോടെ പ്രവർത്തിക്കുന്ന ഏകസംസ്ഥാനം കേരളമാണ്. ഇവിടെ വർഗീയത തലപൊക്കാൻ എൽഡിഎഫ് സർക്കാർ അനുവദിക്കില്ലെന്നും മയ്യിൽ പഞ്ചായത്ത് വികസന സദസ്സ് ഉദ്ഘാടനംചെയ്‌ത് അദ്ദേഹം പറഞ്ഞു.
ലോകത്തിൽ 31 കോടി മനുഷ്യർ പട്ടിണികിടക്കുമ്പോൾ കേരളത്തിൽ ഒരാൾപോലും പട്ടിണിയിൽ കഴിയുന്നില്ല. ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെന്നപോലെ സമസ്‌തമേഖലകളിലും കേരളം മുന്നേറി. വികസന പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടായതോടെ നവകേരളമെന്ന ലക്ഷ്യത്തിലേക്ക് നാടാകെ മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിവാദം കേരളത്തിൽ നടക്കാൻ പാടില്ലാത്തത്: പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം : പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിൽ ഹിജാബ് വിലക്കിയതുമായി ബന്ധപ്പെട്ട വിവാദം കേരളം പോലുള്ള സംസ്ഥാനത്ത് ഉണ്ടാകാൻ പാടില്ലാത്തതാണെന്ന് മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വലിയ അസഹിഷ്‌ണുതയുടെ ഉദാഹരണമാണ് ഇൗ വിവാദം. കേരളത്തിന് ഇത് അപമാനമാണ്. ചില ഛിദ്രശക്തികൾ മുതലെടുക്കുമെന്ന് മനസ്സിലാക്കിയാണ് ലീഗ് ഇൗ വിഷയത്തിൽ അഭിപ്രായം പറയാതിരുന്നത്. സ്‌കൂളിനുവേണ്ടി ഹാജരായ അഭിഭാഷക പറയാൻ പാടില്ലാത്തതാണ് കോടതിയിൽ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.









0 comments