print edition നാലുവർഷ ബിരുദം: റിപ്പോർട്ട് വിസിമാരുടെ കോൺക്ലേവിൽ അവതരിപ്പിക്കും

തിരുവനന്തപുരം : നാലുവർഷ ബിരുദ കോഴ്‌സുകളുടെ പരിഷ്‌കാരവുമായി ബന്ധപ്പെട്ട ഇടക്കാല റിപ്പോർട്ട് സർവകലാശാല വൈസ് ചാൻസലർമാരുടെ കോൺക്ലേവിൽ അവതരിപ്പിക്കും. സംസ്ഥാനത്തെ എല്ലാ വിസിമാരെയും പങ്കെടുപ്പിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്‌ച മാസ്‌കറ്റ് ഹോട്ടലിലാണ് കോൺക്ലേവ്. മന്ത്രി റോജി എം ജോൺ ഉദ്‌ഘാടനം ചെയ്യും. നാലുവർഷ ബിരുദ കോഴ്‌സുകളുമായി ബന്ധപ്പെട്ടുള്ള പരിഷ്‌കാര നിർദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്.
2028ലെ സിലബസ് പുതുക്കൽ തുടങ്ങിയ വിഷയങ്ങളും ചർച്ചയാകും. പാഠ്യപദ്ധതി, മൂല്യനിർണയം, പരീക്ഷകൾ തുടങ്ങിയവയിലെ പരിഷ്‌കാരങ്ങൾക്ക് അന്തഃസർവകലാശാല പഠനബോർഡ് സമിതികൾ രൂപീകരിക്കണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്. ഏകീകൃത അക്കാദമിക കലണ്ടറിന്റെ കാര്യക്ഷമമായ നിർവഹണത്തിനായി സംസ്ഥാനതലത്തിൽ ആസൂത്രണ സമിതി പ്രവർത്തിക്കും. കാര്യവട്ടം ഗവ. കോളേജ് പ്രൊഫസർ ഡോ. എസ് ഗ്ലാഡ്സ്റ്റൻ രാജ് അധ്യക്ഷനും ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. ആബിദ ഫാറൂഖി കൺവീനറുമായ സമിതിയുടേതാണ് റിപ്പോർട്ട്.










0 comments