മുൻ മാനേജറെ മർദിച്ച കേസ്: ഉണ്ണി മുകുന്ദന് സമൻസ്

കൊച്ചി: മുൻ മാനേജറെ മർദിച്ചെന്ന കേസിൽ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമൻസ് അയച്ചിരിക്കുന്നത്. ഒക്ടോബര്‍ 27-ന് ഹാജരാവണമെന്നാണ് കോടതിയുടെ നിര്‍ദേശം. കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് കോടതിയുടെ നടപടി.
ഉണ്ണി മുകുന്ദൻ താമസിക്കുന്ന കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിൽവച്ച് മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ചെന്നാണ് കേസ്. ‘നരിവേട്ട’ എന്ന ടൊവിനോ തോമസ് ചിത്രത്തിന്റെ പോസ്റ്റർ ഉണ്ണിമുകുന്ദന്റെ മാനേജർ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്‌ത് നല്ല അഭിപ്രായം പറഞ്ഞിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കം മർദനത്തിൽ കലാശിച്ചെന്നാണ് പരാതി. മെയ് 26ന് ഇത് സംബന്ധിച്ച് കോട്ടയം ചങ്ങനാശേരി സ്വദേശി വിപിൻ കൊച്ചി ഇൻഫോപാർക്ക് പൊലീസിൽ പരാതി നൽകി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഉണ്ണി മുകുന്ദനെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം, വിപിന്‍ കുമാറിന്റെ ആരോപണത്തിന് പിന്നാലെ അവ നിഷേധിച്ച് ഉണ്ണി മുകുന്ദനും രംഗത്തെത്തിയിരുന്നു. വിപിന് നേരെ ശാരീരിക ആക്രമണം നടന്നിട്ടില്ലെന്നും വ്യാജ പരാതിയാണെന്നുമായിരുന്നു ഉണ്ണി മുകുന്ദന്റെ വാദം. വിപിന്‍ കുമാറിനെ തന്റെ പേഴ്‌സണ്‍ മാനേജറായി ഇതുവരെ നിയമിച്ചിട്ടില്ലെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു.









0 comments