print edition ഓൺലൈൻ തട്ടിപ്പ്; മുൻ കെഎസ്‌യു നേതാവിനെ കസ്‌റ്റഡിയിൽ വാങ്ങും

ജിതിൻ ടി വർഗീസ് (വലത്)
അടൂർ: വ്യാജ ഫെയ്‌സ്‌ബുക്ക് ഐഡിയിലൂടെ നിരവധി പേരെ കബളിപ്പിച്ച കേസിൽ റിമാൻഡിലുള്ള മുൻ കെഎസ്‌യു നേതാവ് കിളിവയൽ ജിതിൻ ടി വർഗീസിനെ കസ്‌റ്റഡിയിൽ വാങ്ങാൻ പൊലീസ് അടൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി.
കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നറിയാൻ പ്രതിയെ കസ്‌റ്റഡിയിൽ വിശദമായി ചോദ്യം ചെയ്യണമെന്ന് ഡിവൈഎസ്‌പി പ്രദീപ്‌കുമാർ പറഞ്ഞു. നിരവധിപേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് നിഗമനം.
ഒഎൽഎക്‌സ്, ഫെയ്‌സ്ബുക്ക് വഴിയായിരുന്നു സാമ്പത്തിക തട്ടിപ്പ്. ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് ഒഎൽഎക്‌സിൽ പരസ്യം നൽകി അപേക്ഷകരുടെ തിരിച്ചറിയിൽ കാർഡും മറ്റുരേഖകളും കൈവശപ്പെടുത്തിയശേഷം ഇവ ഉപയോഗിച്ച ഫെയ്‌സ്ബുക്കിൽ ‘അഞ്‌ജലി ഹരിദാസ്’ എന്ന പേരിൽ വ്യാജ അക്കൗണ്ട് നിർമിച്ചു.
പിന്നാലെ ഫെയ്‌സ്ബുക്കിൽ മെയിൽ എസ്‌കോർട്ടിനെ ആവശ്യമുണ്ടെന്ന് പരസ്യം നൽകി. താൽപര്യം പ്രകടിപ്പിച്ച് എത്തിയവരോട് ടെലിഗ്രാം മുഖേനെയാണ് ആശയവിനിമയം നടത്തിയത്. ഇൻഷുറൻസ്, രജിസ്ട്രേഷൻ ഫീസ് എന്നീ പേരുകളിലും പണംതട്ടി.
ഇരകളിൽനിന്ന് കൈവശപ്പെടുത്തിയ ആമസോൺ ഗിഫ്റ്റ് കാർഡുകൾ ഉപയോഗിച്ച് ജൂവലറി കാർഡുകൾ സ്വന്തമാക്കിയശേഷം ഇത് സ്വർണമാക്കി മാറ്റി. അടൂർ പൊലീസ് സ്വമേധയായെടുത്ത കേസിലായിരുന്നു അറസ്‌റ്റ്. രാഹുൽ മാങ്കൂട്ടത്തിലിന്റെ അടുത്ത അനുയായിയാണ് ജിതിൻ ടി വർഗീസ്.










0 comments