വീണ്ടും 'വിദേശ വിവാദം'; ഡെപ്യൂട്ടി സ്പീക്കറും ഫിഷറീസ് മന്ത്രിയും വിദേശയാത്രയിൽ

തിരുവനന്തപുരം : യുഡിഎഫിനെ സംശയമുനയിലാക്കി വീണ്ടും മന്ത്രിമാരുടെ വിദേശയാത്ര. ഫിഷറീസ് മന്ത്രി വി ഇ അബ്ദുൽ ഗഫൂറിന്റെ യാത്രയാണ് പുതിയ വിവാദം. സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാനായാണ് അബ്ദുൽ ഗഫൂർ അബുദാബിയിലെത്തിയത്. വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായാണ് മന്ത്രി പോയതെന്നാണ് വിവരം. മന്ത്രിക്കുപുറമെ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാനും വിദേശയാത്രയിലാണ്. ബഹ്‌റൈനിൽ ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാനായിരുന്നു യാത്ര. ഇതിനോടൊപ്പം കോൺഗ്രസ്, ലീഗ് സംഘടനകളുടെ പരിപാടികളിലും പങ്കെടുത്തു.
പ്രളയ ദുരിത ബാധിതർക്കും മത്സ്യത്തൊഴിലാളികൾക്കുമൊന്നും അടിയന്തര ധനസഹായം പോലും ലഭിക്കാതെ ദുരിതത്തിലായ അവസരത്തിലാണ് കൂടുതൽ മന്ത്രിമാർ വിദേശരാജ്യങ്ങളിൽ കറങ്ങുന്നത്. മേയ് 18നാണ് വി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ്, കായിക–യുവജനകാര്യ മന്ത്രി ഒ ജെ ജനീഷ്, തദ്ദേശസ്വയംഭരണ മന്ത്രി കെ എം ഷാജി എന്നിവർ ഇതിനകം വിദേശ പര്യടനം നടത്തി.
രമേശ് ചെന്നിത്തല കുടുംബസമേതം അമേരിക്കയിലെ ചിക്കാഗോയിലേക്കാണ് പോയത്. സുഹൃത്തിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു യാത്രയെന്നാണ് ചെന്നിത്തലയുടെ വിശദീകരണം. അമേരിക്കയിലെത്തിയ ശേഷം പ്രവാസി മലയാളി സംഘടനകളുടെ പരിപാടികളിലും ഓണാഘോഷങ്ങളിലും പങ്കെടുത്തു. തന്റെ യാത്ര സർക്കാർ ചെലവിലല്ലെന്നും സംഘാടകരാണ് ചെലവ് വഹിച്ചതെന്നും ചെന്നിത്തല പറയുന്നു.
പി സി വിഷ്ണുനാഥിന്റെ യുഎഇ യാത്ര ഔദ്യോഗികമായിരുന്നു. സെപ്റ്റംബർ 14 മുതൽ 17 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന Arabian Travel Market 2026ൽ കേരള ടൂറിസം വകുപ്പിനെ പ്രതിനിധീകരിച്ചാണ് മന്ത്രി പങ്കെടുത്തതെന്നാണ് വിവരം.
ഒ ജെ ജനീഷ് കുടുംബസമേതം മസ്കത്തും ഖത്തറും സന്ദർശിച്ചു. മസ്കറ്റിൽ ഗുരുധർമ്മ പ്രചാരണ സഭയുടെ പരിപാടിയിലും ഖത്തറിൽ തൃശൂർ ജില്ലാ സൗഹൃദവേദിയുടെ പരിപാടിയിലുമാണ് പങ്കെടുത്തതെന്നാണ് മന്ത്രിയുടെ വിശദീകരണം. യാത്രകളുടെ ചെലവ് ബന്ധപ്പെട്ട സംഘടനകളാണ് വഹിച്ചതെന്നും സർക്കാർ ഖജനാവിൽനിന്ന് പണം ചെലവായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. യാത്ര വിവാദമായപ്പോൾ തനിക്ക് പ്രായം 37 ആണെന്നും തന്ത വൈബ് പിടിക്കില്ലെന്നുമാണ് ജനീഷ് പറഞ്ഞത്.
തദ്ദേശ മന്ത്രി കെ എം ഷാജി കുടുംബസമേതം യൂറോപ്യൻ സന്ദർശനത്തിലാണ്. യാത്രയുടെ ചെലവ് ആരാണ് വഹിക്കുന്നതെന്നതിനെക്കുറിച്ചുള്ള വിവരമില്ല. സുഹൃത്തിന്റെ റേഞ്ച് റോവർ ഒൗദ്യോഗിക വാഹനമാക്കിയതിന്റെ വിവാദത്തിനിടെയാണ് വിദേശ യാത്ര. ഇതിനിടെയാണ് ഫിഷറീസ് മന്ത്രിയുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും വിദേശയാത്രയും പുറത്തുവന്നത്. വിദേശയാത്രകളുടെ പശ്ചാത്തലത്തിൽ യാത്രയുടെ സ്വഭാവം, ചെലവ് വഹിക്കുന്നവർ, സ്വകാര്യ സംഘാടകരുടെ ആതിഥ്യം തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. എന്നാൽ യാത്രകളെ ന്യായീകരിക്കുന്നതല്ലാതെ ചെലവ് എങ്ങനെയാണെന്നുള്ള കാര്യത്തിൽ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.









0 comments