print edition ശബരിമലയിൽ അന്നദാനം മുടങ്ങില്ല

സർക്കാർ ഇടപെട്ടതിനെതുടർന്ന് ശബരിമല ഉത്സവകാലത്തിന് ആവശ്യമായ പാചകവാതകം പമ്പയിലെത്തിച്ചപ്പോൾ
ആർ രാജേഷ്
Published on Mar 15, 2026, 12:01 AM | 1 min read
പത്തനംതിട്ട : സർക്കാരിന്റെ അടിയന്തര ഇടപെടലിൽ ശബരിമലയിലെ പാചകവാതക പ്രതിസന്ധിക്ക് പരിഹാരം. ശബരിമലയെ പ്രത്യേകമായി പരിഗണിച്ച് ഗാർഹിക സിലിണ്ടർ എത്തിച്ചുനൽകാൻ സർക്കാർ ഉത്തരവിട്ടു. ഉത്സവകാലത്തിനാവശ്യമായ സിലിണ്ടറുകൾ ശനി ഉച്ചയോടെ ഇന്ത്യൻ ഓയിൽ കന്പനിയുടെ വാഹനത്തിലെത്തിച്ചു.
മീനമാസപൂജയ്‌ക്ക് നട തുറക്കുന്ന ഘട്ടത്തിലാണ് വാണിജ്യ സിലിണ്ടറിന്റെ ക്ഷാമം വെല്ലുവിളിയായത്. അന്നദാനവും പ്രസാദം തയ്യാറാക്കലുമെല്ലാം മുടങ്ങുമെന്ന സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിഷയം പത്തനംതിട്ട കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. കലക്ടറുടെ നിർദേശപ്രകാരം ജില്ലാ സപ്ലൈ ഓഫീസർ ജി എസ് ഗോപകുമാർ റിപ്പോർട്ട് സിവിൽ സപ്ലൈസ് കമീഷണർക്ക് കൈമാറി. തുടർന്ന്, സർക്കാർ ഉത്തരവിട്ട് മണിക്കൂറുകൾക്കകം ഒരു ലോഡ് സിലിണ്ടർ പന്പയിലെത്തിച്ചു.
നട തുറക്കുന്ന ദിവസം മുപ്പതിനായിരവും മറ്റ് ദിവസങ്ങളിൽ അന്പതിനായിരവും തീർഥാടകരെയാണ് വെർച്വൽ ക്യൂ, സ്‌പോട്ട് ബുക്കിങ് വഴി പ്രവേശിപ്പിക്കുക.
ഇവർക്കും സന്നിധാനത്തെ മൂവായിരത്തോളം ജീവനക്കാർക്കും ഭക്ഷണമൊരുക്കേണ്ടതുണ്ട്.
ക്ഷേത്രാവശ്യങ്ങൾക്കുപുറമേ അന്നദാനമണ്ഡപത്തിൽ പാചകത്തിനുള്ളത് കൂടിയാവുന്പോൾ സിലിണ്ടർ ഉപയോഗം കൂടും. വനമേഖലയായതിനാൽ നിശ്ചിത അളവിൽ കൂടുതൽ പാചകവാതകം ശേഖരിച്ചുവയ്‌ക്കാനും കഴിയില്ല.










0 comments