Deshabhimani

നിർമാണത്തിൽ അശാസ്ത്രീയത: പടന്നക്കാട് അപകടങ്ങൾ തുടർക്കഥ

Padannakkad Accident

പടന്നക്കാട് ദേശീയപാതയിൽ ലോറിക്ക് പിന്നിലിടിച്ച് തകർന്ന ബൈക്ക്. അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

വെബ് ഡെസ്ക്

Published on Nov 03, 2026, 08:51 PM | 1 min read

കാഞ്ഞങ്ങാട്: ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയതമൂലം കാഞ്ഞങ്ങാട് സൗത്തിനും പടന്നക്കാടിനുമിടയില്‍ അപകടങ്ങൾ പതിവാകുന്നു. ചുരുങ്ങിയ നാളുകൾക്കുള്ളിൽ നിരവധി ജീവനാണ് ഇവിടെ പൊലിഞ്ഞത്. തിങ്കൾ രാത്രി പടന്നേക്കാട് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ച് രണ്ട് ബൈക്ക് യാത്രികർ മരിച്ചിരുന്നു. നീലേശ്വരം സ്വദേശികളായ അനുരാഗ് (22), ആനന്ദകൃഷ്ണന്‍ (24) എന്നിവരാണ് മരിച്ചത്. അശ്രദ്ധമായി നിര്‍ത്തിയിട്ട ലോറി വെളിച്ചക്കുറവ് കാരണം യുവാക്കളുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. റോഡില്‍ അങ്ങിങ്ങായി കുഴികളുമുണ്ട്. ഇവിടെയത്തിയപ്പോള്‍ ബൈക്കിന്റെ നിയന്ത്രണം വിടുകയും ലോറിക്ക് പിറകിലിടിക്കുകയുമായിരുന്നു. ഒന്നരവര്‍ഷം മുമ്പും ഇതേ ഭാഗത്ത് നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചിരുന്നു.


ഈ ഭാ​ഗത്ത് റോഡിൽ നിരവധി കുഴികളുണ്ട്. സര്‍വീസ് റോഡുകളും പല ഭാഗങ്ങളിലും തകര്‍ന്നിട്ടുണ്ട്. ചിലയിടങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളോ മുന്നറിയിപ്പ് ബോര്‍ഡുകളോ ഇല്ല. രാത്രികാലങ്ങളില്‍ ദേശീയപാതയോരത്ത് ആവശ്യത്തിന് വെളിച്ചവുമുണ്ടാകില്ല. ലോറികൾ ഉൾപ്പെടെ അനധികൃതമായി പാർക്ക് ചെയ്യുന്നതും അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്.


കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ നിരവധി അപകടങ്ങളാണ് ഇവിടെ സംഭവിച്ചത്. 2024ല്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ മരണപ്പെട്ടു. 2025 മാര്‍ച്ചിലാണ് പടന്നക്കാട് റെയില്‍വേ മേല്‍പ്പാലത്തില്‍ ബൈക്കില്‍ ലോറിയിടിച്ച് ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ കെ വിനീഷ് മരണപ്പെട്ടത്. നെഹ്‌റു കോളേജിന് സമീപം പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് സ്‌കൂട്ടറിലും കാറിലും ഇടിച്ച് വഴിയാത്രക്കാരിയായ സുഹറ കഴിഞ്ഞ വര്‍ഷം ആഗസ്തിൽ മരണപ്പെട്ടു. ഈ അപകടത്തില്‍ ഏതാനും പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പടന്നക്കാട്ട് വാഹനപരിശോധനക്കിടെ രണ്ട് ഹൈവേ പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനത്തില്‍ കാറിടിച്ച് അപകടമുണ്ടായത് കഴിഞ്ഞ വര്‍ഷമാണ്. അപകടത്തില്‍ രണ്ടുപേര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ഒരാളുടെ കാലുകള്‍ മുറിച്ചുമാറ്റുകയും ചെയ്തിരുന്നു.


മേഘയാണ് കരാര്‍ കമ്പനി. പ്രദേശത്ത് ശാസ്ത്രീയമായ റീ-ടാറിങ് നടത്തണമെന്നും കൃത്യമായ സൂചന ബോര്‍ഡുകളും സുരക്ഷാക്രമീകരണങ്ങളും ഒരുക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home