print edition ഷാനിമോൾ ഉൾപ്പെടുന്ന 100 കോടിയുടെ ഫ്ലാറ്റ് തട്ടിപ്പ്: വാദിയെ പ്രതിയാക്കി കർണാടക പൊലീസ്

ഷാനിമോൾ ഉസ്മാൻ
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ ബംഗളൂരുവിലെ 100 കോടി വിലയുള്ള ക്രൗൺ പ്ലാസ ഫ്ലാറ്റ് സമുച്ചയം തട്ടിയെടുത്ത സംഭവത്തിൽ വാദിയെ പ്രതിയാക്കി കർണാടക പൊലീസ്. ഷാനിമോൾ ഉസ്മാന്റെ മരുമകൻ ഷാനസ് ഷാജഹാന്റെ പരാതിയിൽ ഉടൻ ഫ്ലാറ്റ് ഉടമകളായ പ്രവാസികൾക്കെതിരെ ഹെന്നൂർ പൊലീസ് കേസെടുത്തു.
വഞ്ചന, വിശ്വാസ ലംഘനം, വ്യാജരേഖ ചമയ്ക്കൽ, ഭീഷണിപ്പെടുത്തൽ, പിടിച്ചുപറി ഉൾപ്പെടെയുള്ള കേസ് ചുമത്തി പ്രവാസി മലയാളിയായ ജോസഫ് ചാക്കോ ഉൾപ്പെടെയുള്ള മൂന്ന് പേർക്കെതിരെയാണ് കേസ്.
കർണാടക ആഭ്യന്തര മന്ത്രിക്കും പൊലീസിലും പലതവണ പരാതി നൽകിയിട്ടും കോടതി ഉത്തരവുണ്ടായിട്ടും ഇടപെട്ടിട്ടില്ല. കർണാടക മന്ത്രി കെ ജെ ജോർജ് ഉൾപ്പെടെയുള്ള ഉന്നത നേതാക്കളുടെ സഹായത്തോടെയാണ് തങ്ങൾക്കെതിരെ കേസെന്ന് നിക്ഷേപകർ പറയുന്നു.
തട്ടിപ്പിനിരയായവർ ഫ്ലാറ്റിൽ പ്രവേശിക്കാതിരിക്കാൻ ആലപ്പുഴ സ്വദേശി ടോം എന്നയാളുടെ നേതൃത്വത്തിൽ ഗുണ്ടാസംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. മലയാളികൾ ഉൾപ്പെടെ അറുപതോളം പേരുടെ ഉടമസ്ഥതയിലുള്ള ബംഗളൂരുവിലെ കല്യാൺ നഗറിലെ ക്രൗൺ പ്ലാസ ഫ്ലാറ്റ് സമുച്ചയത്തിൽ 215 സർവീസ് അപ്പാർട്ട്മെന്റുകളാണുള്ളത്. ഇവ ദിവസവേതനത്തിലാണ് വാടകയ്ക്ക് നൽകിയിരുന്നത്.
പ്രവാസി മലയാളിയായ ജോസഫ് ചാക്കോയുടെ പേരിലുള്ള 21 സർവീസ് അപ്പാർട്ട്മെന്റുകളാണ് ഷാനിമോൾ ഉസ്മാൻ മരുമകനായ ഷാനസ് ഷാജഹാന്റെ പേരിലാക്കി ആദ്യം തട്ടിയെടുത്തത്. പിന്നീട് ഗുണ്ടകളെ ഉപയോഗിച്ച് മറ്റ് ഫ്ലാറ്റുകളും കൈക്കലാക്കിയെന്നാണ് വിവരം. പ്രതിമാസം 1,25,000 രൂപ വച്ച് ജോസഫ് ചാക്കോയ്ക്ക് നൽകാമെന്ന് ധാരണയിൽ ഷാനസ് ഷാജഹാന് 21 അപ്പാർട്‌മെന്റ് നടത്തിപ്പിനുള്ള കരാർ നൽകിയിരുന്നു. എന്നാൽ കരാർ കാലാവധി കഴിഞ്ഞിട്ടും ഫ്ലാറ്റും വാടകത്തുകയും നൽകില്ല. സ്ഥലം കൈയേറി വ്യാജരേഖയുണ്ടാക്കി ഫ്ലാറ്റ് സമുച്ചയത്തിന്റെ പേര് സീക്ക് ഹോട്ടൽസ് എന്നാക്കി മാറ്റിയെന്നാണ് പരാതി.
ജോസഫ് ചാക്കോയും സംഘവും ഫ്ലാറ്റ് സമുച്ചയ മൊത്തം തങ്ങളുടെ മാത്രമാണെന്ന് വിശ്വസിപ്പിച്ചാണ് കരാർ ഉണ്ടാക്കിയതെന്നാണ് ഷാനസ് ഷാജഹാന്റെ പരാതി.










0 comments