ad
Deshabhimani

print edition മിനിമം വേതനം 26,000 രൂപയായി നിജപ്പെടുത്തണം: എഐടിയുസി

AITUC National Council Thrissur

എഐടിയുസി ദേശീയ കൗൺസിലിന്റെ ഭാഗമായി നടത്തിയ സാമ്രാജ്യത്വവിരുദ്ധ യുദ്ധവിരുദ്ധ സമ്മേളനം 
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്‌ഘാടനം ചെയുന്നു

വെബ് ഡെസ്ക്

Published on Jun 03, 2026, 12:00 AM | 1 min read

തൃശൂർ: രാജ്യത്ത്‌ മിനിമം വേതനം പ്രതിമാസം 26,000 രൂപയായി നിശ്ചയിക്കണമെന്ന് എഐടിയുസി ദേശീയ കൗണ്‍സില്‍ ആവശ്യപ്പെട്ടു. മിനിമം വേതന നിര്‍ണയത്തിന് 15-–ാമത് ഇന്‍ഡ്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് നിര്‍ദേശിച്ച മാനദണ്ഡങ്ങളും സുപ്രീം കോടതി വിധി പ്രകാരമുള്ള മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കണമെന്നും തൃശൂരില്‍ നടക്കുന്ന ദേശീയ കൗണ്‍സില്‍ അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.


മിനിമം വേതനത്തിലും കുറഞ്ഞ "ഫ്ളോര്‍ വേജ്' നടപ്പിലാക്കാനുള്ള നീക്കം ഉപേക്ഷിക്കണം. സംസ്ഥാനതലത്തിലുള്ള ത്രികക്ഷി മിനിമം വേതന ഉപദേശക സമിതികള്‍ രൂപീകരിക്കുകയും പതിയായി യോഗങ്ങള്‍ ചേര്‍ന്ന് തൊഴില്‍ മേഖലയിലെ വേതനമടക്കമുള്ള നയ തീരുമാനങ്ങളില്‍ ട്രേഡ് യൂണിയനുകളുമായി കൂടിയാലോചനകള്‍ നടത്തുകയും വേണം. മിനിമം വേതന നിയമങ്ങൾ ലംഘിക്കുന്ന തൊഴിലുടമകള്‍ക്കെതിരേ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണം. "ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍" എന്ന പേരില്‍ മോദി സര്‍ക്കാര്‍ പിന്തുടരുന്ന സ്വകാര്യവല്‍ക്കരണ നയങ്ങളെ ദേശീയ കൗണ്‍സില്‍ അപലപിച്ചു. കല്‍ക്കരി ഖനനം, ഔഷധ നിര്‍മാണം, വൈദ്യുതി ഉല്‍പ്പാദനം, ആണവോര്‍ജം, ബഹിരാകാശ ഗവേഷണം, വ്യോമയാന ഗതാഗതം, തുറമുഖങ്ങള്‍ തുടങ്ങി തന്ത്രപ്രധാനമായ മേഖലകളുള്‍പ്പെടെയെല്ലാം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം. രാജ്യത്തെ തകർക്കുന്ന നയങ്ങള്‍ക്കെതിരേ ദേശീയതലത്തില്‍ പോരാട്ടങ്ങള്‍ സംഘടിപ്പിക്കാനും ജനറല്‍ കൗണ്‍സില്‍ തീരുമാനിച്ചു.


മരണത്തിന്റെ 
വ്യാപാരികളുമായുള്ള 
ചങ്ങാത്തം ആപത്ത്: ബിനോയ് വിശ്വം


മരണത്തിന്റെ വ്യാപാരികളായ ട്രംപിനോടും നെതന്യാഹുവിനോടും ഉറ്റ ചങ്ങാത്തം പുലർത്തുന്ന നരേന്ദ്രമോദിയുടെ നിലപാട് ഇന്ത്യയ്ക്ക് ആപത്താണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.


എഐടിയുസി ദേശീയ ജനറൽ കൗൺസിലിന്റെ ഭാഗമായി സംഘടിപ്പിച്ച സാമ്രാജ്യത്വവിരുദ്ധ- യുദ്ധവിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയുധക്കച്ചവടവും എണ്ണയുടെ മേലുള്ള സർവാധിപത്യവും ഉറപ്പിക്കാൻ ട്രംപിനും നെതന്യാഹുവിനും യുദ്ധം ആവശ്യമായിരിക്കുന്നു.


അവർ മരണം വിൽക്കുകയാണ്. ഇതിനെതിരെ ശബ്ദമുയർത്താനോ ഇത് ശരിയല്ല എന്ന് പറയാനോ നമ്മുടെ പ്രധാനമന്ത്രി തയ്യാറാകുന്നില്ല എന്നതാണ് ദയനീയം. മരണത്തിന്റെ വ്യാപാരികളുമായുള്ള ചങ്ങാത്തം ഇന്ത്യയുടെ പാരമ്പര്യമല്ല–ബിനോയ് വിശ്വം പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home