'ഹൃദയമാണ് ഹൃദ്യം': യുപി സ്വദേശികളുടെ കുഞ്ഞ് പൂർണ ആരോഗ്യവാൻ; മന്ത്രിയുമായി സന്തോഷം പങ്കുവച്ച് മാതാപിതാക്കൾ

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഹൃദ്യം പദ്ധതിയിലൂടെ രക്ഷിച്ചെടുത്ത 5 മാസം പ്രായമുള്ള രാംരാജിന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്. കുഞ്ഞിനെ തിരിച്ച് കിട്ടിയതിലുള്ള സന്തോഷം മാതാപിതാക്കൾ മന്ത്രിയുമായി പങ്കുവച്ചു. ചൈൽഡ് ഹെൽത്ത് നോഡൽ ഓഫീസർ ഡോ. രാഹുൽ, കാസർകോട് കോട്ടൂരിലെ വീട്ടിലെത്തി കുഞ്ഞിനെയും മാതാപിതാക്കളെയും നേരിൽ കണ്ടു.
ഉത്തർപ്രദേശ് സ്വദേശികളായ രുചിയുടേയും ശിശുപാലിന്റേയും മകനാണ് രാംരാജ്. യുപി ധനൗറ സ്വദേശിയും പുല്ലുവെട്ടുയന്ത്രം ഓപ്പറേറ്ററുമായ ശിശുപാലും ഭാര്യയും കോട്ടൂർ ആരോഗ്യകേന്ദ്രത്തിന് സമീപമാണ് താമസിക്കുന്നത്. ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസപ്പെടുന്ന 'ട്രൈകസ്പിഡ് അട്രേസിയ' എന്ന ഹൃദ്രോഗമായിരുന്നു രാംരാജിന്. തുടർന്ന് ആരോഗ്യ വകുപ്പ് വേഗത്തിൽ ഇടപെടുകയും കോഴിക്കോടുള്ള ഹൃദ്യം എംപാനൽഡ് ആശുപത്രിയിൽ സൗജന്യമായി ഹൃദയ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. കേരളത്തിനും ഇവിടുത്തെ ആരോഗ്യ പ്രവർത്തകർക്കും രുചിയും ശിശുപാലും നന്ദി പറഞ്ഞു. കേരളത്തിലായത് കൊണ്ടാണ് തങ്ങളുടെ കുഞ്ഞിന് ലക്ഷങ്ങൾ ചിലവുള്ള ചികിത്സ മൾട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയിൽ തികച്ചും സൗജന്യമായി ലഭ്യമായതെന്നും അവർ പറഞ്ഞു.










0 comments