print edition മത്സ്യത്തൊഴിലാളികളെ വഞ്ചിച്ചു; സമാശ്വാസ ആനുകൂല്യം നിഷേധിച്ച് യുഡിഎഫ് സർക്കാർ


സ്വന്തം ലേഖകൻ
Published on Jul 01, 2026, 02:02 AM | 2 min read
തിരുവനന്തപുരം : മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്ന സന്പാദ്യ സമാശ്വാസ ആനുകൂല്യം നിഷേധിച്ച് യുഡിഎഫ് സർക്കാർ. ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി 52 ദിവസം കടലിൽ പോകാനാകാത്ത തൊഴിലാളികൾക്ക് ലഭിക്കേണ്ട 6000 രൂപയിൽ 4500 രൂപയും നൽകാതെയാണ് യുഡിഎഫ് സർക്കാർ തൊഴിലാളികളെ വഞ്ചിച്ചത്. ഗുണഭോക്തൃ വിഹിതമായ 1500 രൂപ മാത്രമാണ് വിതരണംചെയ്‌തത്.
കേന്ദ്ര–സംസ്ഥാന വിഹിതം നൽകിയില്ല. കാലാവസ്ഥ വ്യതിയാനം കാരണം മത്സ്യലഭ്യത കുറഞ്ഞത് തീരജനതയെ സാരമായി ബാധിച്ചു. കടലിൽ പോകുന്ന ദിവസങ്ങളും കുറഞ്ഞു. അതിനിടെയാണ് ട്രോളിങ്ങ് തുടങ്ങിയത്. ഉമ്മൻചാണ്ടി സർക്കാർ 2011–16 കാലത്ത് 2700 രൂപയാണ് പഞ്ഞമാസ സമാശ്വാസ സഹായം നൽകിയത്. എൽഡിഎഫ് സർക്കാർ 2016–21 ൽ അത് 4500 രൂപയും 2021–26ൽ 6000 രൂപയുമാക്കി. കേന്ദ്ര വിഹിതത്തിന് കാത്തുനിൽക്കാതെ മുഴുവൻ തുകയും എല്‍ഡിഎഫ് സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് നൽകി. എന്നാൽ, കേന്ദ്രവിഹിതം കിട്ടിയാലേ പണം കൊടുക്കൂ എന്നാണ് യുഡിഎഫ് സർക്കാർ പറയുന്നത്. നിയമസഭയിൽ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും ചർച്ചയ്ക്ക് തയ്യാറാകാതെ സർക്കാർ ഒഴിഞ്ഞുമാറി. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
ബജറ്റിൽ മത്സ്യത്തൊഴിലാളികളുടെ പല ആനുകൂല്യങ്ങളുടെയും തുക വെട്ടിക്കുറച്ചെന്ന് നോട്ടീസിന് അവതരണാനുമതി തേടിയ മുൻ ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പട്ടിണിയിലായ മത്സ്യത്തൊഴിലാളികൾക്ക് മേയ് മുതൽ ജൂലൈ വരെ വിവിധ വായ്‌പകളുടെ തിരിച്ചടവിന് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിക്കാറുണ്ട്. ഇത്തവണ അതുമുണ്ടായില്ല. ബാങ്കുകൾ നോട്ടീസ് അയക്കുമോ എന്ന ഭീതിയിലാണ് തൊഴിലാളികളെന്നും അദ്ദേഹം പറഞ്ഞു. ആശ്വാസ നടപടിയിൽ മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും വ്യക്തമായ മറുപടി നൽകിയില്ല.
മന്ത്രിയെ മന്ത്രി "കഴിവുകെട്ടവനാക്കി'
അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്ന ഫിഷറീസ് മന്ത്രി വി ഇ അബ്‌ദുൾ ഗഫൂറിനെ കഴിവുകെട്ടവാനാക്കാൻ വനം മന്ത്രി ഷിബു ബേബി ജോണിന്റെ ഇടപെടല്‍. അബ്‌ദുൾ ഗഫൂർ സംസാരിക്കുന്നതിനിടെ ഷിബു ബേബി ജോൺ ഇടയ്ക്ക് കയറി സംസാരിക്കുകയായിരുന്നു. അങ്ങനെ കീഴ്‌വഴക്കമില്ലെന്ന് സ്‌പീക്കർ പറഞ്ഞെങ്കിലും അത് വകവയ്‌ക്കാതെ ഷിബു സംസാരം തുടർന്നു.
ഒരു മന്ത്രി മറുപടി പറയുന്പോൾ ആ മന്ത്രിക്ക് കഴിവുകേടുണ്ടെന്ന് കാണിക്കത്തക്ക രീതിയിൽ മറ്റൊരു മന്ത്രി ഇടപ്പെട്ടത് ശരിയല്ലെന്നും ഇത് അബ്‌ദുൾ ഗഫൂറിനെ അവഹേളിക്കലാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. എന്നാൽ പ്രതിപക്ഷ നേതാവ് മന്ത്രിയെ അപമാനിച്ചെന്ന് പറഞ്ഞു ഭരണപക്ഷം ബഹളംവച്ചു. നിങ്ങളാണ് മന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചതെന്നും മന്ത്രിക്ക് കഴിവില്ലെന്ന് തെളിയിക്കാൻ ശ്രമിച്ചതാണ് അപരാധമെന്നും പിണറായി പറഞ്ഞു. ഒടുവിൽ വിശദീകരണം നൽകി ഷിബു ബേബിജോൺ തടിയൂരി.











0 comments