print edition പഞ്ഞമാസ ആനുകൂല്യവും മുടക്കി; മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ

പി ആർ ദീപ്തി
Published on Jun 25, 2026, 12:54 AM | 1 min read
കൊല്ലം: ട്രോളിങ് നിരോധനത്തെ തുടർന്ന് വറുതിയിലായ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായ പഞ്ഞമാസ ആനുകൂല്യം (സമ്പാദ്യ സമാശ്വാസ പദ്ധതി) നൽകാതെ സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് 1.47ലക്ഷം തൊഴിലാളികൾക്കായി 82കോടി രൂപയാണ് വിതരണംചെയ്യേണ്ടത്. ട്രഷറി നിയന്ത്രണം ഉള്ളതുകൊണ്ടാണ് സഹായം വിതരണം ചെയ്യാനാകാത്തതെന്നാണ് ഫിഷറീസ് വകുപ്പിന്റെ വിശദീകരണം.
മത്സ്യത്തൊഴിലാളികൾ സർക്കാരിൽ അടച്ച തുകയും നൽകുന്നില്ല.
മത്സ്യത്തൊഴിലാളികൾക്ക് പഞ്ഞമാസങ്ങളിൽ അല്ലലില്ലാതെ ജീവിക്കാനും സന്പാദ്യശീലം വളർത്താനും ലക്ഷ്യമാക്കിയുള്ള പദ്ധതി 1991– -92ൽ ആണ് തുടങ്ങിയത്. മീൻപിടിത്ത സീസൺ അല്ലാത്ത മെയ് മുതൽ ജൂലൈ വരെ തൊഴിലാളികൾക്ക് മൂന്നു ഗഡുക്കളായി 6000 രൂപയാണ് നൽകിവരുന്നത്. കഴിഞ്ഞ എൽഡിഎഫ് സർക്കാർ മാർച്ചിൽ തുക 6000രൂപയായി വർധിപ്പിച്ച് നൽകിയിരുന്നു. മുൻ യുഡിഎഫ് സർക്കാർ 2700 രൂപയാണ് നൽകിയിരുന്നത്.
2016–17ലെ ഒന്നാം എൽഡിഎഫ് സർക്കാർ ആനുകൂല്യം 4500രൂപയാക്കി. ഇതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിഹിതം 1500രൂപ വീതമാണ്. ഗുണഭോക്തൃവിഹിതം 1500രൂപയും. സെപ്‌തംബർ മുതൽ ഫെബ്രുവരി വരെ തൊഴിലാളികൾ 250രൂപ വച്ച് അടയ്‌ക്കും. കടലിൽ പോകുന്ന തൊഴിലാളികൾക്ക് മെയ്, ജൂൺ, ജൂലൈ മാസങ്ങളിലും ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് ജൂലൈ, ആഗസ്‌ത്, സെപ്‌തംബർ മാസങ്ങളിലുമാണ് തുക വിതരണംചെയ്യുന്നത്.
മോശം കാലാവസ്ഥയും കപ്പൽ അപകടങ്ങളും കാരണം മീൻപിടിത്തം നടന്ന ദിവസങ്ങൾ ഇക്കുറി കുറവായിരുന്നു. ഒപ്പം ട്രോളിങ് നിരോധനവും. ഇത്തരത്തിൽ തൊഴിലാളികൾ കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്പോഴാണ് സമാശ്വാസത്തുക മുടക്കുന്നത്.










0 comments