മത്സ്യത്തൊഴിലാളികൾക്ക് പഞ്ഞമാസ ആനുകൂല്യം നൽകാതെ കേന്ദ്രം

പി ആർ ദീപ്‌തി
Published on Sep 04, 2025, 12:56 AM | 1 min read
കൊല്ലം
ഓണമായിട്ടും പഞ്ഞമാസ ആനുകൂല്യം നൽകാതെ മത്സ്യത്തൊഴിലാളികളെ പട്ടിണിക്കിട്ട് കേന്ദ്രസർക്കാർ. സംസ്ഥാനത്തെ 1,49,755 മത്സ്യത്തൊഴിലാളികൾക്കാണ് ഓണം ആഘോഷിക്കാൻ പോലും തുക അനുവദിക്കാത്തത്. 20.95 കോടി രൂപയാണ് സംസ്ഥാനത്തിന് അനുവദിക്കേണ്ടത്. ഇതിൽ 1,35,625 പേർ സമുദ്ര മേഖലയിലുള്ളവരും 14,130 പേർ ഉൾനാടൻ മേഖലയിലുള്ളവരുമാണ്. ഇവരുടെ ഗുണഭോക്തൃവിഹിതമായി സമാഹരിച്ച 20.95 കോടി ആദ്യ ഗഡുവായി നൽകിയിരുന്നു. കേന്ദ്ര ധനമന്ത്രാലയത്തിന്റെ പബ്ലിക് ഫിനാൻഷ്യൽ മാനേജ്‌മെന്റ് സിസ്റ്റം (പിഎഫ്‌എംഎസ്) വഴി മാത്രമേ ഫണ്ട് വിതരണംചെയ്യാവു എന്ന കർശന നിർദേശം ഉള്ളതിനാൽ രണ്ടും മൂന്നും ഗഡുക്കളിലെ സംസ്ഥാന വിഹിതംപോലും വിതരണം ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്. മത്സ്യത്തൊഴിലാളികളുടെ ദുരിതകാലമായ മൺസൂൺ സമയത്തും പ്രതികൂല കാലാവസ്ഥയിലും അവരുടെ വരുമാനം നിലനിർത്താനും സന്പാദ്യശീലം വളർത്താനും ലക്ഷ്യമിട്ട പദ്ധതിയിലാണ് കേന്ദ്രസർക്കാരിന്റെ ക്രൂരത. കൊല്ലം ജില്ലയിൽ 21717 തൊഴിലാളികൾക്കാണ് തുക ലഭിക്കാനുള്ളത്. ഇതിൽ 19349 പേർ തീരമേഖലയിലുള്ളവരും 2368 പേർ ഉൾനാടൻകാരുമാണ്.
പഞ്ഞമാസ സമ്പാദ്യ സമാശ്വാസ പദ്ധതിയുടെ രണ്ടും മൂന്നും ഗഡുക്കളാണ് ലഭിക്കാനുള്ളത്. പദ്ധതി പ്രകാരം തൊഴിലാളികൾ 1500 രൂപ അടയ്ക്കുമ്പോൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളും ഇതേ തുക ചേർത്ത് മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ മൂന്നു ഗഡുക്കളായി 4500 രൂപ വിതരണം ചെയ്യുന്നതാണ് പദ്ധതി. കടൽ മത്സ്യത്തൊഴിലാളികൾക്ക് മെയ്, ജൂൺ, ജൂലൈ മാസങ്ങളിലും ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് ജൂലൈ, ആഗസ്ത്, സെപ്‌തംബർ മാസങ്ങളിലുമാണ് അനുവദിക്കുന്നത്. മോശം കാലാവസ്ഥയും കപ്പൽ അപകടങ്ങളും കാരണം മീൻപിടിത്തം നടന്ന ദിവസങ്ങൾ ഇക്കുറി കുറവായിരുന്നു. ഇത്തരത്തിൽ തൊഴിലാളികൾ കടുത്ത പ്രതിസന്ധി നേരിടുന്പോഴാണ് സമാശ്വാസത്തുക നൽകാത്തത്.









0 comments