ചാലിയാറിൽ മീൻപിടിത്തത്തിനിടെ മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

ഫറോക്ക്: ചാലിയാറിൽ മീൻപിടിത്തത്തിനിടെ മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു. ഫറോക്ക് മങ്കുഴിപൊറ്റ കുന്നത്ത് വളപ്പിൽ കെ വി ബഷീർ (കുഞ്ഞ -53) ആണ് ചാലിയാറിൽ മുങ്ങിമരിച്ചത്. ബുധൻ രാത്രി പതിനൊന്നോടെ തോണിയിൽ അമിഞാട്ട് കടവിൽ ചൂണ്ടയിട്ട് മീൻ പിടിക്കാൻ പോയതായിരുന്നു ബഷീർ. സാധാരണ അർധരാത്രിയിൽ പോയി പുലർച്ചെ വീട്ടിൽ തിരികെയെത്തുന്ന ബഷീർ വ്യാഴം രാവിലെയായിട്ടും തിരിച്ചെത്താതിരുന്നതോടെ ബന്ധുക്കളും നാട്ടുകാരും അന്വേഷിച്ച് ഇറങ്ങുകയായിരുന്നു. അന്വേഷണത്തിനിടെ പുഴയിൽ ഇയാളുടെ തോണിയും ചൂണ്ടയും കണ്ടെത്തിയതിനെ തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു.
ഫറോക്ക് പൊലീസിൻ്റെ അറിയിപ്പ് ലഭിച്ചെത്തിയ ഫയർ ഫോഴ്സ് സ്കൂബാ ടീമും നാട്ടുകാരും നടത്തിയ തെരച്ചിലിൽ വ്യാഴം പകൽ ഒന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്നും അര കിലോമീറ്റർ അകലെ ഏകദേശം 11 മീറ്റർ താഴ്ചയിലായിരുന്നു മൃതദേഹം.
കോഴിക്കോട്മെഡിക്കൽ കോളേജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വെള്ളി ഉച്ചയോടെ ഫറോക്ക് പേട്ട ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. ബാപ്പ: പരേതനായ കുന്നത്ത് വളപ്പിൽ ഉമ്മർ. ഉമ്മ: നബീസ. ഭാര്യ: റംല. മക്കൾ: മുഹമ്മദ് ഇശാം, നൗഷിദ, ഫാത്തിമ നസ്‍ല. മരുമകൻ: സലീം (പന്തീരങ്കാവ്). സഹോദരങ്ങൾ: സെഫീർ, ആഷിഖ്, മുജീബ്, ഫസലുറഹ്മാൻ.








0 comments