പകരച്ചുങ്കം നിലവിൽവന്നു ; മത്സ്യക്കയറ്റുമതി മേഖല പ്രതിസന്ധിയിൽ

fish export and trump's tariff
avatar
പി ആർ ദീപ്‌തി

Published on Apr 10, 2025, 01:23 AM | 1 min read


കൊല്ലം : അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ്‌ ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കം ബുധനാഴ്‌ച നിലവിൽ വന്നതോടെ രാജ്യത്തെ മത്സ്യക്കയറ്റുമതി മേഖല പ്രതിസന്ധിയിൽ. 10 ആയിരുന്ന കയറ്റുമതി ചുങ്കം 26 ശതമാനമായാണ്‌ വർധിച്ചത്‌. ചുങ്കം വർധിക്കുന്നതോടെ ഈ ഉൽപന്നങ്ങൾക്ക്‌ അമേരിക്കൻ മാർക്കറ്റിൽ വില കൂടൂം. മത്സരം കൂടുന്നതോടെ അവ പിന്തള്ളപ്പെടാനിടയുണ്ട്‌. ഇതു ഭയന്ന്‌ ഇന്ത്യയിൽനിന്ന്‌ ചരക്ക്‌ അയയ്‌ക്കരുതെന്ന്‌ അമേരിക്കൻ കച്ചവടക്കാർ നിർദേശം നൽകിയിരിക്കുകയാണ്‌.


26 ശതമാനം പകരച്ചുങ്കം പ്രഖ്യാപിക്കുന്നതിനും കപ്പലിൽ കയറ്റുന്ന ഓൺ ബോർഡ്‌ ഡേറ്റിനും (ഏപ്രിൽ ഒമ്പത്‌) മുമ്പ്‌ ഇന്ത്യയിൽനിന്ന്‌ രണ്ടായിരം മത്സ്യ കണ്ടെയ്‌നർ (ഒന്നിൽ 18 ടൺ വീതം) അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലേക്ക്‌ പുറപ്പെട്ടിട്ടുണ്ട്‌. ഇതിന്‌ കൂടിയ തീരുവ നൽകേണ്ടിവരും.


നേരത്തെ കടലാമയെച്ചൊല്ലിയുള്ള പ്രശ്‌നത്തെ തുടർന്ന്‌ ഇന്ത്യയിൽനിന്നുള്ള ചെമ്മീൻ ഇറക്കുമതി അമേരിക്ക നിരോധിച്ചിരുന്നു. പകരം കരിക്കാടി, പൂവാലൻ, നാരൻ, കഴന്തൻ തുടങ്ങിയവ വിയറ്റ്‌നാം, ഇന്തോനേഷ്യ, തായ്‌ലാൻഡ് എന്നിവിടങ്ങളിലേക്ക് കയറ്റി അയച്ച്‌ അവിടെ മൂല്യവർധന വരുത്തി അമേരിക്കയിലേക്ക്‌ കയറ്റുമതി ചെയ്യുകയായിരുന്നു.


എന്നാൽ വിയറ്റ്‌നാം, ഇന്തോനേഷ്യ, തായ്‌ലാൻഡ് എന്നിവിടങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക യഥാക്രമം 46, 36, 35.9 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്‌. ഇതുമൂലം ഇന്ത്യയിൽനിന്ന്‌ ചെമ്മീൻവാങ്ങി ടിൻഫുഡാക്കി അമേരിക്കയിലേക്കു അയക്കുന്നത് ആ രാജ്യങ്ങൾക്കു അധിക ബാധ്യതയാകും. കയറ്റുമതിയും നിലയ്‌ക്കാനും സാധ്യത ഒരുങ്ങും. ആ രാജ്യങ്ങളിലേക്ക് ഉൾപ്പെടെ യാത്രതിരിച്ച കപ്പലുകൾക്ക് ചരക്കിറക്കാനാകുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്‌. അവ തിരിച്ചയച്ചാൽ കോടികളുടെ ബാധ്യത ഉണ്ടാകുമെന്നും സി ഫുഡ് എക്‌സപോർട്ടേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ്‌ അലക്‌സ്‌ നൈനാൻ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home