വിഴിഞ്ഞം തുറമുഖം: തീരമണഞ്ഞ വികസനത്തിന് ഒരു വർഷം; നേട്ടങ്ങൾ പങ്കുവച്ച് മന്ത്രി വി എൻ വാസവൻ

vizhinjam
വെബ് ഡെസ്ക്

Published on Jul 11, 2025, 10:48 AM | 2 min read

തിരുവനന്തപുരം: ഭാവി കേരളത്തിന്റെ വികസന പ്രതീക്ഷയായ വിഴിഞ്ഞം തുറമുഖം ആദ്യ കണ്ടെയ്നർ കപ്പൽ ബെർത്ത് ചെയ്തിട്ട് ഒരു വർഷം പൂർത്തിയാവുമ്പോൾ നേട്ടങ്ങൾ പങ്കുവെച്ച് മന്ത്രി വി എൻ വാസവൻ. 2024 ജൂലൈ 11ന് ആണ് സാൻ ഫെർണാണ്ടോ കപ്പൽ കണ്ടെയ്നറുകളുമായി വിഴിഞ്ഞത്ത് അടുത്തത്. 2024 ഡിസംബറിൽ കൊമേഴ്സ്യൽ ഓപ്പറേഷൻ ആരംഭിച്ചു. ലോകത്തെ തന്നെ വിസ്മയിപ്പിക്കുന്ന കുതിപ്പാണ് ഈ കാലയളവിൽ വിഴിഞ്ഞം നടത്തിയതെന്ന് മന്ത്രി വി എൻ വാസവൻ ഫെയ്സ്ബുക്കിൽ കുറിച്ചു.


ഫെയ്സ്ബുക്ക് കുറിപ്പ്


കേരളത്തിന്റെയും ഇന്ത്യയുടെയും അഭിമാന പദ്ധതിയായ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കണ്ടെയ്നർ കപ്പൽ ബെർത്ത് ചെയ്തതിന്റെ ഒന്നാം വാർഷികമാണ് ഇന്ന്. ലോകത്തെ തന്നെ വിസ്മയിപ്പിക്കുന്ന കുതിപ്പാണ് ഈ കാലയളവിൽ വിഴിഞ്ഞം നടത്തിയത്. 2024 ജൂലൈ 11ന് ആണ് സാൻ ഫെർണാണ്ടോ എന്ന കപ്പൽ കണ്ടെയ്നറുകളുമായി വിഴിഞ്ഞത്ത് അടുത്തത്. 2024 ഡിസംബറിൽ കൊമേഴ്സ്യൽ ഓപ്പറേഷൻ ആരംഭിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ 392 കപ്പലുകൾ വിഴിഞ്ഞത്ത് എത്തി. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന എം എസ് സി ഐറിന ഉൾപ്പെടെ 23 അൾട്രാ ലാർജ് കണ്ടെയ്നർ കപ്പലുകളും ഇക്കൂട്ടത്തിലുണ്ട്. ഐറിന ഉൾപ്പെടെ പല കപ്പലുകളും ഇന്ത്യയിൽ ആദ്യമായാണ് ബെർത് ചെയ്തത്.


ഇതുവരെ 8.3 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു.വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി ആദ്യ മാസങ്ങളിൽ തന്നെ പൂർണ ശേഷിയിൽ പ്രവർത്തനം നടത്തിയ ലോകത്തെ അപൂർവം പോർട്ടുകളിലൊന്നായി വിഴിഞ്ഞം മാറിയിരിക്കുന്നു. ഓട്ടമേഷൻ, എഐ ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് തുറമുഖം പ്രവർത്തിപ്പിക്കാൻ ഇന്ത്യയ്ക്ക് ശേഷിയുണ്ടെന്ന് ലോകത്തിനു മുന്നിൽ തെളിയിക്കാൻ വിഴിഞ്ഞം വഴിയൊരുക്കി.


കഴിഞ്ഞ 4 മാസങ്ങളായി ഇന്ത്യയിലെ തെക്ക്-കിഴക്കൻ തീരത്തെ തുറമുഖങ്ങളിൽ ഒന്നാമതെത്താനും വിഴിഞ്ഞത്തിനു കഴിഞ്ഞു. വിഴിഞ്ഞം പ്രദേശത്തെ വനിതകളെ പരിശീലിപ്പിച്ചു ഇന്ത്യയിലെ ആദ്യ വനിതാ ഓട്ടമേറ്റഡ് ക്രെയിൻ ഓപ്പറേറ്റർമാരാക്കിയത് രാജ്യാന്തര തലത്തിൽ വരെ ശ്രദ്ധ നേടി. ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യ വികസനം ഉൾപ്പെടെയുള്ള മേഖലകളിലെ സമൂഹിക ഉത്തരവാദിത്ത പദ്ധതികളിലൂടെ ഒരു ലക്ഷത്തിലേറെ പേരെ പിന്തുണയ്ക്കാനും പദ്ധതിയിലൂടെ കഴിഞ്ഞു. ഒന്നാം വർഷം അഭിമാനത്തോടെ ആഘോഷിക്കുന്നതിനൊപ്പം ഏതാണ്ട് 10000 കോടിയിലേറെ ചെലവ് പ്രതീക്ഷിക്കുന്ന രണ്ടാം ഘട്ട നിർമാണപ്രവർത്തനങ്ങളും ഉടൻ തുടങ്ങും. ഇന്ത്യയുടെ മാരിടൈം മേധാവിത്വത്തിലേക്കുള്ള പടിവാതിലായി വിഴിഞ്ഞം വളരും.





deshabhimani section

Related News

View More
0 comments
Sort by

Home