മൃതശരീരം ചിന്നിച്ചിതറി; ഞെട്ടൽ മാറാതെ നാട്ടുകാർ; സ്ഫോടനത്തിൽ നടുങ്ങി നാട്

സ്ഫോടനത്തിൽ തകർന്ന വീട്

സ്വന്തം ലേഖകൻ
Published on Apr 05, 2026, 02:22 AM | 1 min read
കുന്നമംഗലം: ശനിയാഴ്ച രാത്രി 9.50നുണ്ടായ ഉഗ്രസ്ഫോടനത്തിൽ നാടാകെ ഞെട്ടിവിറച്ചു. എന്താണ് സംഭവിച്ചതെന്നറിയാതെ ആളുകൾ ഓടിക്കൂടുകയായിരുന്നു. ഓടിയെത്തുമ്പോഴേയ്ക്കും രണ്ടുപേർ സ്ഫോടനത്തിൽ ചിന്നിച്ചിതറിയിരുന്നു. കുരിക്കത്തൂർ പടിഞ്ഞാറെ കുഴിമയിൽ വീട്ടിൽ വാടകയ്ക്ക് താമസിച്ച് ഓലപ്പടക്കം നിർമിക്കുന്നവർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്.
കഴിഞ്ഞ നവംബറിലാണ് ഇവർ ഇവിടെ താമസത്തിനെത്തുന്നത്. വിഷ്ണു, ഭാര്യ സിമി, സിമിയുടെ മാതാപിതാക്കൾ, സഹോദരൻ രാഹുൽ, സുഹൃത്ത്, സുഹൃത്തിന്റെ ഭാര്യ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഇവരെ സംബന്ധിച്ച് നാട്ടുകാർക്കും അയൽവാസികൾക്കും വ്യക്തമായ അറിവുകളുണ്ടായിരുന്നില്ല.
സംഭവസ്ഥലത്ത് ചോരയും പടക്കങ്ങളും തകർന്നുവീണ ഓടുകളുമാണ് കാണാനുള്ളത്. ഓടിട്ട വീട് പൂർണമായും തകർന്നിട്ടുണ്ട്. സ്ഫോടനത്തിൽ ഒരാളുടെ വലത് കൈയും നെഞ്ചും തകർന്നനിലയിലും മറ്റൊരാളുടെ ശരീരം തെറിച്ച് തൊട്ടുമുന്നിലുള്ള വീട്ടുമുറ്റത്തുമായിരുന്നു. സിമിയുടെ കാലിനാണ് പരിക്കേറ്റിരിക്കുന്നത്. വിറകുപുരയ്ക്ക് മുകളിൽ നിരവധി ചാക്ക് നൂലുകൾ തൂക്കിയിട്ടിട്ടുണ്ട്. ദിവസവും രണ്ട് സ്ത്രീകൾ പനയോല മുറിക്കാനും വരാറുണ്ട്. ഇവർ വൈകിട്ട് തിരിച്ചുപോകാറാണ് പതിവ്. മുണ്ടിക്കൽ താഴത്തുനിന്ന് വന്നവരാണ് ഇവർ എന്നാണ് നാട്ടുകാർ പറയുന്നത്.
വീട്ടിനുള്ളിൽ നിർമാണം പൂർത്തിയാക്കിയ ഓലപ്പടക്കങ്ങൾ പെട്ടികളിലാക്കി സൂക്ഷിച്ചിരുന്നു. ഇത് അഗ്നിരക്ഷാ സേനാംഗങ്ങൾ നിർവീര്യമാക്കി. പനയോലയുടെ വൻ ശേഖരവും വീട്ടിൽ കണ്ടെത്തിയിട്ടുണ്ട്. കുന്നമംഗലം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.










0 comments